പുരാതന കാലത്ത് ലോകത്തിൽ പല വിചിത്രമായ മരണാനന്തര ചടങ്ങുകളും നിലനിന്നിരുന്നു. ഈജിപ്തിലെ മമ്മികൾ തുടങ്ങി ഒരുവർഷം കഴിഞ്ഞുമാത്രം അടക്കുന്ന അമേരിക്കയിലെ സിയോക്സ് ഗോത്രവർഗ്ഗങ്ങളുടെ രീതികള്‍വരെ ഇതിൽപ്പെടുന്നു. ഇക്വഡോറിൽ എന്നാൽ തലയോട്ടികൊണ്ടു കുട്ടികളുടെ തലപൊതിഞ്ഞു കുഴിച്ചിടുന്ന ഒരു ആചാരം നിലനിന്നിരുന്നതായി കണക്കാക്കപ്പെടുന്നു. അതിനെ കുറിച്ചുള്ള പഠനത്തിലാണിപ്പോള്‍ പുരാവസ്തു ഗവേഷകർ.

മറ്റ് കുട്ടികളുടെ തലയോട്ടി ധരിച്ച് പുരാതനകാലത്തെ രണ്ട്  ശിശുക്കളെ മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് പുരാവസ്തു ഗവേഷകരിൽ ആശങ്കയുണർത്തി. ലാറ്റിൻ അമേരിക്കൻ ആന്‍റിക്വിറ്റി ജേണലിലെ ഒരു പുതിയ പ്രബന്ധത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇക്വഡോറിൽ നിന്ന് കണ്ടെത്തിയ ഈ തലയോട്ടികൊണ്ടുള്ള കവചം ലോകത്തിലെ ഇത്തരം ശവസംസ്‍കാര ചടങ്ങിന്‍റെ ഏക ഉദാഹരണമാണ്. വേറെ എവിടെനിന്നും സമാനമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

മധ്യ ഇക്വഡോർ തീരത്തെ പുരാവസ്‍തു കേന്ദ്രമായ സലങ്കോയിലെ കുന്നിനുമുകളിലെ ശ്‍മശാനത്തിലാണ് ഈ കുഞ്ഞുങ്ങളെ സംസ്‍കരിച്ചിട്ടുള്ളത്. 2014 മുതൽ 2016 വരെ നടത്തിയ ഖനനത്തിനിടെ ഇവരുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ കൂട്ടത്തിൽ 11 ശവസംസ്‍കാര അറകളും കണ്ടെത്തിയിരുന്നു. ശിശുക്കളെ ഖനനം ചെയ്‍തെടുത്ത സമയത്ത് സൈറ്റിൽ ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് കണ്ടപ്പോള്‍ സഹപ്രവർത്തകൻ റിച്ചാർഡ് ലുംനിഷിനു ആശ്ചര്യമാണ് തോന്നിയത് എന്ന് പ്രധാന ഗവേഷക സാറ ജുഎന്‍ഗ്സ്ത് പറഞ്ഞു. ലുംനിഷാണ് ആവരണം ചെയ്‍ത തലയോട്ടി പെട്ടെന്ന് ശ്രദ്ധിച്ചത്. 

"കണ്ടപ്പോൾ തന്നെ തലയോട്ടിയിൽ രണ്ട് പാളികളുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ചുറ്റുമുള്ള മണ്ണ് നീക്കം ചെയ്തു കേടുപാടുകൂടാതെ അവയെ പുറത്തെടുത്തു” ജുവെംഗ്സ്റ്റ് വിശദീകരിച്ചു. 2017 -ൽ ലാബിലെ വിശദമായ പരിശോധനയിൽ അവയുടെ പ്രായത്തെക്കുറിച്ചും തലയോട്ടിയുടെ പ്രത്യേകതകളെ കുറിച്ചും കൂടുതൽ വിശദമായ കണ്ടെത്തലുകൾ നടത്തി. ഈ ക്രമീകരണം ഏതെങ്കിലും ആചാരപരമായ ചടങ്ങിന്‍റെ ഭാഗമാണെന്ന് ഉറപ്പാണെങ്കിലും, തലയോട്ടി അടുക്കി വയ്ക്കുന്നതിന്‍റെ ഉദ്ദേശം വ്യക്തമല്ല. പല പുരാതന തെക്കേ അമേരിക്കൻ സംസ്‍കാരങ്ങളും മനുഷ്യരുടെ തലയെയും തലയോട്ടികളെയും ആരാധിക്കുകയും പലപ്പോഴും അവയെ മാത്രമായി അടക്കം ചെയ്യുകയും ഉണ്ടായിട്ടുണ്ടെങ്കിലും, ഇങ്ങനെ രണ്ട് തലയോട്ടികള്‍ ചേര്‍ത്തുവെച്ച് അടക്കം ചെയ്യുന്നത് എന്തിനാണെന്ന് വ്യക്തമല്ല. ആദ്യമായാണ് ഇങ്ങനെ അടക്കം ചെയ്‍തതായി കണ്ടെത്തുന്നത്. 

മരണാനന്തര ജീവിതത്തിൽ ശിശുക്കൾക്ക് സംരക്ഷണം നൽകുന്നതിനുള്ള പ്രതീകാത്മക മാർഗമാണ് അസാധാരണമായ ആചാരം എന്ന് ജുവെങ്‌സ്റ്റിന്റെ ടീം അനുമാനിക്കുന്നു. അസ്ഥികൂടങ്ങൾക്കടുത്തുള്ള പൂർവികരുടെ പ്രതിമകളുടെ സാന്നിധ്യം ഇതിനെ പിന്തുണയ്ക്കുന്നു എന്നും അവര്‍ പറയുന്നു. കണ്ടെത്തിയ നാല് തലയോട്ടിയിലും ഉള്ള പരിക്കുകൾ പോഷകാഹാരക്കുറവ് അല്ലെങ്കിൽ പകർച്ചവ്യാധികൾ കൊണ്ടായിരിക്കാം എന്നും കരുതപ്പെടുന്നു. ശവസംസ്കാരത്തിന് മുമ്പ് അഗ്നിപർവ്വത സ്‌ഫോടനം സംഭവിച്ചതായും പറയപ്പെടുന്നുണ്ട്. ഏതായാലും തലയോട്ടിയെ കൂടുതല്‍ പഠിക്കുന്നതുവഴി ഈ ആചാരത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.