സോ ഉർബെക്സ് കരുതുന്നത് വീട്ടുടമസ്ഥനായ ചിത്രകാരന്റെ ഭാര്യ ഒരു മറവിരോ​ഗിയായിരുന്നിരിക്കണം, അവർക്ക് വേണ്ടിയാണ് ഈ കുറിപ്പുകൾ തയ്യാറാക്കിയിരിക്കുന്നത് എന്നാണ്.

നമ്മൾ താമസിച്ചു കൊണ്ടിരുന്ന ഒരു വീട് ഒരു സുപ്രഭാതത്തിൽ നമ്മൾ ഉപേക്ഷിക്കുന്നു. അവിടെ നിന്നും നമ്മൾ ഉപയോ​ഗിച്ചു കൊണ്ടിരുന്നതും നമ്മുടെ പ്രിയപ്പെട്ടതായിരുന്നതുമായ സാധനങ്ങളൊന്നും തന്നെ നമ്മൾ നീക്കിയിട്ടില്ല. വർഷങ്ങൾക്ക് ശേഷം ആ വീട് കാണുന്ന ഒരാളുടെ അവസ്ഥ എന്താവും? അതൊരു പ്രേതഭവനം പോലെ തോന്നും അല്ലേ? അതുപോലെ ഒരു വീട് ഒരു അർബൻ എക്സ്പ്ലോറർ കണ്ടെത്തി.

സഫോക്കിലാണ് 25 ഏക്കർ ഭൂമിയിൽ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ ഉടമസ്ഥന് ആ വീട് ഉപേക്ഷിച്ച് പോകേണ്ടി വരികയായിരുന്നു. അന്ന് മുതൽ വീട് ഇങ്ങനെ അനാഥമായി കിടക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. സസെക്സിലെ ബ്രൈറ്റണിൽ നിന്നുള്ള അർബൻ എക്സ്പ്ലോററായ സോ ഉർബെക്സാണ് വീടിന്റെ ചിത്രം പകർത്തിയിരിക്കുന്നത്. വീട്ടിനുള്ളിൽ നിന്നും പലതരത്തിലുള്ള കുറിപ്പുകളാണ് സോ കണ്ടെടുത്തത്. അതിൽ 'അവിടെ ഇരിക്കരുത്', 'ഉറങ്ങൂ', 'വീഴരുത്' തുടങ്ങിയ നോട്ടുകൾ കാണാം. 

സോ ഉർബെക്സ് കരുതുന്നത് വീട്ടുടമസ്ഥനായ ചിത്രകാരന്റെ ഭാര്യ ഒരു മറവിരോ​ഗിയായിരുന്നിരിക്കണം, അവർക്ക് വേണ്ടിയാണ് ഈ കുറിപ്പുകൾ തയ്യാറാക്കിയിരിക്കുന്നത് എന്നാണ്. അതുപോലെ ചിത്രകാരനായ ഉടമ വരച്ചത് എന്ന് കരുതുന്ന അനേകം ചിത്രങ്ങളും ഇവിടെ നിന്നും കണ്ടെത്തി. അതിൽ വീട്ടുടമയുടേയും ഭാര്യയുടേയും പോർട്രെയ്റ്റുകളും ഉൾപ്പെടുന്നു. 2020 സമയത്ത് ഭാര്യ മരിച്ചതിന് പിന്നാലെ ഇയാളെ കെയർഹോമിലേക്ക് മാറ്റി എന്നും കരുതപ്പെടുന്നു. വീടിന്റെ ചിത്രങ്ങളും സോ പകർത്തി.

2019 മുതലാണ് ഒരു വിനോദം എന്ന നിലയിൽ സോ ഉർബെക്സ് അർബൻ എക്സ്പ്ലോറിം​ഗ് ആരംഭിച്ചത്. താൻ ചെറുതായിരിക്കെ തന്നെ പഴയ സ്വിമ്മിം​ഗ് പൂളുകളോട് തനിക്ക് ഒരു പ്രത്യേകതരം ആകർഷണം ഉണ്ടായിരുന്നു. യൂട്യൂബിലും മറ്റുമായി ആളുകൾ അത്തരം സ്ഥലങ്ങൾ കണ്ടെത്തുന്ന വീഡിയോകൾ താൻ കാണുമായിരുന്നു. അന്ന് അവരെപ്പോലെ ആവണം എന്ന് താൻ ആ​ഗ്രഹിച്ചിരുന്നു എന്നും ഇവർ പറയുന്നു.