അന്‍മോള്‍ക്ക് എല്ലാ സ്നേഹവും കരുതലും അവിടെ നിന്നും കിട്ടി. പക്ഷെ, അപ്പോഴും മറ്റു കുട്ടികളുമായി കൂടിച്ചേരാന്‍ അവള്‍ നന്നേ ബുദ്ധിമുട്ടി. അന്ന് അവള്‍ ചെറിയ കുട്ടിയാണ്. താന്‍ മാത്രമെന്താ കാണാന്‍ മറ്റു കുട്ടികളെ പോലെയല്ലാത്തത് എന്ന് ആശുപത്രിയിലായിരിക്കുമ്പോഴേ അവള്‍ ചിന്തിച്ചിരുന്നു. 

ആസിഡ് അക്രമങ്ങള്‍ ഇന്ത്യയില്‍ തുടര്‍ക്കഥയാവുകയാണ്. പ്രണയം നിരസിച്ചാല്‍, ഇഷ്ടത്തിന് പ്രവര്‍ത്തിക്കാതെ വന്നാല്‍ ഒക്കെ സ്ത്രീകള്‍ക്ക് നേരെ ആസിഡ് അക്രമങ്ങളുണ്ടാവുകയാണ്. അടുത്തയിടെ ഇറങ്ങിയ പാര്‍വതി തിരുവോത്ത് അഭിനയിച്ച 'ഉയരെ' എന്ന സിനിമയും പറയുന്നത് ഈ ആസിഡ് അതിക്രത്തെയും അതിനെത്തുടര്‍ന്നുള്ള അതിജീവനത്തെയും കുറിച്ചാണ്. 

ഇവിടെ മുംബൈയിലുള്ള അന്‍മോള്‍ എന്ന പെണ്‍കുട്ടിക്ക് ആസിഡ് അക്രമം നേരിടേണ്ടി വന്നത് സ്വന്തം അച്ഛനില്‍ നിന്നാണ്. അതും വെറും രണ്ട് മാസം മാത്രം പ്രായപ്പോള്‍. കാരണം, അവള്‍ പെണ്‍കുഞ്ഞായിരുന്നു എന്നതാണ്. അമ്മയുടെ മടിയിലിരുന്ന് മുലപ്പാല്‍ നുകരുന്നതിനിടെയാണ് അവളുടെ അച്ഛന്‍ ഒരു കന്നാസ് ആസിഡ് അവള്‍ക്കും അമ്മയ്ക്കും നേരെയൊഴിച്ചത്. എന്നിട്ട്, അവരെ മരിക്കാന്‍ വിട്ടുകൊടുത്ത് അയാള്‍ ഓടിപ്പോയി. 

അയല്‍പക്കക്കാര്‍ അവരെ ആശുപത്രിയിലെത്തിച്ചു. പക്ഷെ, അവളുടെ അമ്മയെ മരണം പുല്‍കിയിരുന്നു. എന്നേക്കുമായി ആ കുഞ്ഞിന്‍റെ മുഖത്ത് പാടുകള്‍ വീണു. 

അമ്മയെ നഷ്ടപ്പെട്ടു. സഹായത്തിന് ആരുമില്ല. രണ്ടുമാസം മാത്രം പ്രായമുള്ള ആ കുഞ്ഞ് അശരണയായിക്കിടന്നു. പക്ഷെ, ആ ആശുപത്രി അവളെ കൈവിട്ടില്ല. തുടര്‍ന്നുള്ള അഞ്ച് വര്‍ഷം ആ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും അവളെ ഏറ്റെടുത്തു. സൗജന്യമായി അവളെ ചികിത്സിച്ചു. അവളെ പരിചരിച്ചു. അവളുടെ മുറിവുകള്‍ പൂര്‍ണമായും ഭേദമായി എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അവളെ അവര്‍ ശ്രീ മാനവ സേവാ സംഗിന്‍റെ അഭയകേന്ദ്രത്തിലേക്ക് കൈമാറുന്നത്. 

അന്‍മോള്‍ക്ക് എല്ലാ സ്നേഹവും കരുതലും അവിടെ നിന്നും കിട്ടി. പക്ഷെ, അപ്പോഴും മറ്റു കുട്ടികളുമായി കൂടിച്ചേരാന്‍ അവള്‍ നന്നേ ബുദ്ധിമുട്ടി. അന്ന് അവള്‍ ചെറിയ കുട്ടിയാണ്. താന്‍ മാത്രമെന്താ കാണാന്‍ മറ്റു കുട്ടികളെ പോലെയല്ലാത്തത് എന്ന് ആശുപത്രിയിലായിരിക്കുമ്പോഴേ അവള്‍ ചിന്തിച്ചിരുന്നു. അനാഥാലയത്തിലെത്തിയപ്പോഴാകട്ടെ ആ ചിന്ത കൂടി... അവിടെയുള്ള കുട്ടികളൊന്നും തന്നെ കാണാന്‍ അവളെപ്പോലെയല്ല. ''അവരാരും എന്നെ വെറുത്തില്ല. പക്ഷെ, എന്‍റെ മുഖം അവരെ ഭയപ്പെടുത്തി. പക്ഷെ, വളരുന്തോറും അവരെല്ലാം എന്‍റെ സുഹൃത്തുക്കളായി മാറി...'' എന്ന് അന്‍മോള്‍ പറയുന്നു. പക്ഷെ, അപ്പോഴും അനാഥാലയത്തിന് പുറത്തുള്ള ജീവിതം അവളെ ഭയപ്പെടുത്തി. 

എന്നാല്‍, വിദ്യാഭ്യാസത്തിലൂടെ അതിജീവിക്കാനും പോരാടാനും അവള്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. പക്ഷെ, സമൂഹത്തിന് ഒരു സൗന്ദര്യസങ്കല്‍പ്പമുണ്ടല്ലോ അതിന്‍റെ പുറത്ത് നില്‍ക്കുന്ന ആളെന്ന നിലയില്‍ പലപ്പോഴും അന്‍മോള്‍ അവഗണിക്കപ്പെട്ടു. പക്ഷെ, അവള്‍ തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. അവള്‍ സ്റ്റൈലിഷ് ഡ്രസുകള്‍ ധരിച്ചു, ഫാഷനില്‍ ശ്രദ്ധിച്ചു. ആ സമയത്ത് കുറേപ്പേര്‍ അവളെ ശ്രദ്ധിച്ചു തുടങ്ങി. 

Acid Survivor Sahas Foundation എന്ന പേരില്‍ ഒരു എന്‍ ജി ഒയും തുടങ്ങി അന്‍മോള്‍. ആസിഡ് അതിക്രമങ്ങളെ നേരിടേണ്ടി വരുന്ന സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ ജി ഒ പ്രവര്‍ത്തനമാരംഭിച്ചത്. ഒരുപാട് പേര്‍ക്ക് കൗണ്‍സലിങ് നല്‍കി. 20 സ്ത്രീകള്‍ക്ക് വളരെ പെട്ടെന്ന് ജോലി കിട്ടാന്‍ സഹായിച്ചു. 

ഇന്ന് 23 -മത്തെ വയസ്സില്‍ അവള്‍ അതിജീവിക്കുന്ന സ്ത്രീകളുടെ പ്രതീകമാണ്. സ്വന്തം അച്ഛന്‍ തന്നെ ഇല്ലാതാക്കാന്‍ നോക്കിയിട്ടും ഉയര്‍ന്നു വന്നവള്‍. തനിക്ക് പ്രൊഫഷണല്‍ മോഡലാകണം, ആസിഡ് അതിക്രമങ്ങളെ കുറിച്ച് ജനങ്ങളോട് സംസാരിക്കണം. ബോധവല്‍ക്കരിക്കണം അതാണ് തന്‍റെ ലക്ഷ്യമെന്നും അന്‍മോള്‍ പറയുന്നു.