ജാര്‍ഖണ്ഡിലെ ലോഹര്‍ഗഡ ജില്ലയില്‍ നിയമിതനായപ്പോള്‍ തന്നെ ആ പ്രദേശത്തിന്‍റെ വളര്‍ച്ച മുരടിപ്പിക്കുന്ന ഘടകങ്ങളെന്തൊക്കെയാണെന്ന് 2016 ബാച്ചിലെ ഐഎഫ്എസ് ഓഫീസറായ വികാസ് ഉജ്ജ്വലിന് തിരിച്ചറിയാനായിരുന്നു. നക്സല്‍ സ്വാധീനമുണ്ടായിരുന്ന പ്രദേശത്തെ ആളുകള്‍ പ്രധാന വരുമാനമാര്‍ഗമായി കണ്ടത് നിയമവിരുദ്ധമായി മരം മുറിക്കുകയും അത് വ്യവസായങ്ങള്‍ക്കായി വിറ്റുമായിരുന്നു. വ്യാപകമായ കാട്ടുതീ,  അധികാരികളും നക്സലൈറ്റുകളും തമ്മിലുള്ള അക്രമം എന്നിവ അടിയന്തിരശ്രദ്ധ ആവശ്യമുള്ള മറ്റ് പ്രശ്നങ്ങളായിരുന്നു.

ഈ പ്രശ്നങ്ങളെല്ലാം ലോഹര്‍ഗഡ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കുറു റേഞ്ചിലെ ദുബാങ് സാല്‍ഗിയിലെ സംരക്ഷിതവനത്തെ കാര്യമായി ബാധിച്ചു. ഏകദേശം 5000 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന വനമേഖല ഈ പ്രശ്നങ്ങളെയെല്ലാം തുടര്‍ന്ന് വരണ്ടതായി. എന്നാലിപ്പോള്‍ മൂന്ന് ലക്ഷത്തിലധികം പുതിയ സസ്യങ്ങള്‍ അവിടെയുണ്ട്. വനത്തിലെ ജൈവവൈവിധ്യം തിരികെയെത്തി. കുറുക്കനും കരടിയും മാനുമടക്കം ജീവജാലങ്ങള്‍ കാട്ടിലേക്ക് തിരികെയെത്തി. കാട്ടരുവികളൊഴുകിത്തുടങ്ങി. ആളുകളിപ്പോഴെങ്ങനെയാണ് വരുമാനം നേടുന്നതെന്നോ? അവര്‍ തേനീച്ചപരിപാലനം, ബാംബൂ ക്രാഫ്റ്റ്, എക്കോ ടൂറിസം ഇവയിലേക്കൊക്കെ തിരിഞ്ഞു. ചിലര്‍, കാട്ടുതീ തടയുന്നതിലേക്കടക്കമുള്ള തൊഴിലിലേക്ക് ഫോറസ്റ്റ് ഡിപാര്‍ട്മെന്‍റിലേക്ക് നിയമിക്കപ്പെട്ടു. 

ഇതിന് പിന്നിലെല്ലാം പ്രവര്‍ത്തിച്ച വ്യക്തി വികാസാണ്. സ്ഥലത്തെ പ്രധാന നദികളുത്ഭവിക്കുന്നത് ഈ വനമേഖലയില്‍ നിന്നായിരുന്നു. ജാര്‍ഖണ്ഡിലെ ജലലഭ്യത ഈ നദികളെ ആശ്രയിച്ചായിരുന്നു. വനത്തെ സംരക്ഷിക്കുന്നതിലൂടെ ജലലഭ്യതയും ഉറപ്പ് വരുത്താനാവുമായിരുന്നു. ജോയിന്‍റ് ഫോറസ്റ്റ് മാനേജ്മന്‍റ് കമ്മിറ്റികളുടെ പ്രവര്‍ത്തനത്തിന്‍റെ ഫലമായി അനധികൃതമായുള്ള മരംമുറിക്കലുകളും അവസാനിപ്പിക്കാനായി. കഴിഞ്ഞ നാല് വര്‍ഷങ്ങളായി പ്രദേശത്ത് കാട്ടുതീയുണ്ടായിട്ടില്ല എന്നും വികാസ് ബെറ്റര്‍ ഇന്ത്യയോട് പറയുന്നു. വിവിധ പക്ഷികളുടെ കടന്നുവരവ് പ്രദേശത്തെ കാര്‍ഷികഭൂമിയില്‍ നിന്നും കീടങ്ങളെയും മറ്റും അകറ്റിനിര്‍ത്തുന്നതിനും സഹായിച്ചു.

എന്നാല്‍, ഇതത്ര എളുപ്പമുള്ള ജോലിയായിരുന്നില്ല. തുടക്കത്തില്‍ ഗ്രാമവാസികളില്‍ നിന്നും എതിര്‍പ്പും ഭീഷണിയും നേരിടേണ്ടി വന്നു. എന്നാല്‍, അവരോട് സഹകരിച്ചുകൊണ്ട് അവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്, അവരെക്കൂടി മനസിലാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനം എങ്ങനെ വിജയത്തിലേക്കെത്തുമെന്നതിന്‍റെ ഉത്തമ ഉദാഹരണമായിരുന്നു വികാസിന്‍റെ പ്രവര്‍ത്തനങ്ങളുടെ വിജയം. മാത്രമല്ല, ഗ്രാമവാസികളുടെ സ്നേഹം നേടാനും വികാസിനായി. 

എങ്ങനെയാണ് പ്രദേശവാസികളെ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു നാടിന്‍റെ വികസനവും കാടിന്‍റെ പരിരക്ഷയും നടപ്പിലാക്കുന്നത് എന്നതിനെ കുറിച്ച് വികാസിന് പരിശീലനസമയത്ത് തന്നെ ധാരണയുണ്ടായിരുന്നു. അതിനായി ആദ്യം ചെയ്യേണ്ടത് അവര്‍ക്ക് കൃത്യമായ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുക എന്നതായിരുന്നു. ഇതിനായി, വികാസ് ആദ്യം തന്നെ ജെഎഫ്എംസി യോഗങ്ങള്‍ വിളിച്ചുകൂട്ടി. അത് ഫോറസ്റ്റ് ഡിപാര്‍ട്മെന്‍റിനെയും ജനങ്ങളെയും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന പാലമായി പ്രവര്‍ത്തിച്ചു. പയ്യെപ്പയ്യെ ആളുകളുടെ പങ്കാളിത്തം വര്‍ധിച്ചു. 

അവരെ കേള്‍ക്കുക എന്നതായിരുന്നു ആദ്യം ചെയ്യേണ്ടത്. ക്ഷമയോട് കൂടി വികാസ് അവരെ കേട്ടു. ആദ്യമായിട്ടായിരുന്നു ഒരുദ്യോഗസ്ഥന്‍ തങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നത് എന്ന് നാട്ടുകാരും പറയുന്നു. വികാസ് ആളുകള്‍ക്ക് ആത്മവിശ്വാസം വളര്‍ത്തിയെടുത്തു. പലപ്പോഴും നാട്ടുകാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്‍റെ പേരില്‍ വികാസിനും പ്രദേശവാസികള്‍ക്കും ഭീഷണി നേരിടേണ്ടി വന്നു. എന്നാല്‍, അതൊന്നും അവരെ പിറകോട്ട് വലിച്ചില്ല. നിരവധി പരിശീലനപരിപാടികളില്‍ പ്രദേശവാസികളെ പങ്കെടുപ്പിച്ചു. തേനീച്ചപരിപാലനം, മുളകൊണ്ട് അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കല്‍ എന്നിവയെല്ലാം അതില്‍ പെടുന്നു. 150 പ്രദേശവാസികള്‍ക്ക് ബാംബൂ ക്രാഫ്റ്റ് ട്രെയിനിംഗ് കിറ്റ് നല്‍കി. അവരുണ്ടാക്കുന്ന വസ്തുക്കള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിച്ചു.

വെള്ളച്ചാട്ടത്തിനടുത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെയും വികാസ് ബോധവല്‍ക്കരണം നടത്തി. കാട്ടുതീയുണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികള്‍ക്ക് അവബോധമുണ്ടാക്കിയെടുത്തു. 5000 ഹെക്ടര്‍ ഭൂമിയിലായി 2017 -ല്‍ മൂന്ന് ലക്ഷം മരങ്ങള്‍ തൈകള്‍ നട്ടുപിടിപ്പിച്ചു. 20 ചെക്ക്ഡാമുകളും തടാകങ്ങളും നിര്‍മ്മിച്ചു. ഇതെല്ലാം മണ്ണൊലിപ്പ് തടയുകയും ജലലഭ്യത കൂട്ടുകയും ചെയ്തു. സമീപത്തെ നദികളെയും ജലസ്രോതസുകളെയുമെല്ലാം ഇത് സഹായിച്ചു.

അധികം വൈകാതെ നാമുദാഗ് ഗ്രാമത്തില്‍ എക്കോ ടൂറിസം പദ്ധതിയും നടപ്പിലാക്കി. ഗൈഡുകളായും മറ്റും നാല്‍പതോളം പേര്‍ക്ക് ജോലി നല്‍കി. ഓരോ മാസവും 6000 രൂപവരെ ഇതില്‍ നിന്നും ലഭിക്കുന്നു. ശുദ്ധമായ വായുവും മലിനമാകാത്ത പരിസ്ഥിതിയും സ്ഥലത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിക്കഴിഞ്ഞു. പതിനായിരം പേര്‍ വരെ സന്ദര്‍ശനത്തിനായി ഇവിടെയെത്തുന്ന ദിവസങ്ങളുണ്ട്. അനധികൃതമായി മരം മുറിക്കുന്നത് 90 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളും നാടിന്‍റെ സ്പന്ദനവും മനസിലാക്കാനാവുന്ന ഒരുദ്യോഗസ്ഥനെങ്ങനെയാണ് ഒരു സ്ഥലത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് വികാസ്. 

(കടപ്പാട്: ദി ബെറ്റർ ഇന്ത്യ)