തടാകങ്ങളുടെ നഗരമാണ് ഉദയ്പുര്‍. പ്രകൃതിസൗന്ദര്യം കൊണ്ടും വാസ്തുവിദ്യകൊണ്ടും ആകര്‍ഷകമായ ഇടം. രാജസ്ഥാനിലെ തെക്കന്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം പച്ചപ്പ് നിറഞ്ഞ സ്ഥലം കൂടിയാണ്. എന്നിരുന്നാലും, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കടുത്ത ചൂട് കാരണം നഗരത്തിന് ചുറ്റുമുള്ള നിരവധി തടാകങ്ങള്‍ വറ്റാന്‍ തുടങ്ങി. പരിസ്ഥിതിയുടെ ക്രമാനുഗതമായ തകര്‍ച്ചയ്ക്കും ഇത് കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഈ നഗരത്തില്‍ ജനിച്ചുവളര്‍ന്ന മെഹുല്‍ കുമാത് എന്ന പതിനേഴുകാരന് ഈ സ്ഥലവുമായി ബന്ധപ്പെട്ട് ഒത്തിരി അനുഭവങ്ങളുണ്ടായിരുന്നു. അതിന്റെ പച്ചപ്പും പ്രകൃതിഭംഗിയുമെല്ലാം അവന് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു.

ആ സ്ഥലത്തെ പ്രകൃതിഭംഗിക്ക് മങ്ങലേല്‍ക്കുന്നതും തടാകങ്ങള്‍ വറ്റുന്നതുമെല്ലാം അവനില്‍ വല്ലാത്ത വേദനയുണ്ടാക്കി. എന്നാല്‍, അവന്‍ പ്രതീക്ഷ കൈവിട്ടില്ല. പകരം ജലാശയങ്ങളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളം തിരികെയെത്തിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ 2018 -ല്‍ അവന്‍ ക്രിതാഷ് എന്ന പേരില്‍ ഒരു നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ ആരംഭിച്ചു. നശിക്കുന്ന പരിസ്ഥിതിക്ക് പുതുജീവന്‍ നല്‍കുക എന്നതായിരുന്നു ക്രിതാഷിന്റെ ലക്ഷ്യം. ഇപ്പോള്‍ ക്രിതാഷ് മാലിന്യങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങളുണ്ടാക്കുകയും അതില്‍ നിന്നുള്ള വരുമാനം പ്രകൃതിയുടെ പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയുമാണ്. 

'കാലാവസ്ഥാ വ്യതിയാനം മനുഷ്യര്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്. മോശം കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുതല്‍ മോശം ജലത്തിലേക്കും വായുവിന്റെ ഗുണനിലവാരം താഴുന്നതിലേക്കും ഇതെത്തി നില്‍ക്കുന്നു. ഇത് മുഴുവന്‍ ആവാസവ്യവസ്ഥയെയും ബാധിച്ചു. ഭൂമിയുടെ ഭാവി സുരക്ഷിതമാക്കാന്‍, ഈ തലമുറ ഇടപെടേണ്ടത് പ്രധാനമാണ്. ഈ ലക്ഷ്യത്തോടെ തന്നെയാണ് എന്‍ജിഒ തുടങ്ങിയതും' ക്രിതാഷ് സോഷ്യല്‍ സ്‌റ്റോറിയോട് പറഞ്ഞു. 

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മെഹുല്‍ സ്‌കൂളിലും സമാനപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എന്‍ജിഒ തുടങ്ങിയപ്പോള്‍ സമാനമനസ്‌കരായ സഹപാഠികളോടും സഹകരിക്കാന്‍ മെഹുല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അവരെല്ലാവരും ചേര്‍ന്ന് പേപ്പര്‍ മാലിന്യങ്ങള്‍ വലിയതോതില്‍ ശേഖരിക്കുകയും അവ പുനരുപയോഗിച്ച് ബാഗുകളും ബുക്ക്മാര്‍ക്കുകളും ഇന്‍വിറ്റേഷന്‍ കാര്‍ഡുകളുമെല്ലാമുണ്ടാക്കുകയും ചെയ്തു. റീസൈക്ലിംഗ് രീതികളെക്കുറിച്ച് കുറച്ച് ഗവേഷണം നടത്തിയശേഷം സമീപത്തുള്ള സ്‌ക്രാപ്പ്ഷോപ്പുകളില്‍ നിന്ന് പേപ്പര്‍ മാലിന്യങ്ങളും പഴയ പത്രങ്ങളും മെഹുലും സുഹൃത്തുക്കളും ശേഖരിക്കാന്‍ തുടങ്ങി. പിന്നീട് മെഹുലിന്റെ വീട്ടിലെ മെഷീനുപയോഗിച്ച് അവയ്ക്ക് പുതുരൂപം നല്‍കി. അച്ഛനാണ് തുടക്കത്തില്‍ 35,000 രൂപ നല്‍കി അവനെ സഹായിച്ചത്. സഹോദരി പ്രവര്‍ത്തനങ്ങളിലെല്ലാം കൂടെ നില്‍ക്കുന്നു. 

സോഷ്യല്‍മീഡിയയിലൂടെയും ബ്ലോഗിലൂടെയുമെല്ലാം തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മാലിന്യം പുനരുപയോഗിക്കേണ്ടതിന്റെ ആവശ്യങ്ങളെ കുറിച്ചുമെല്ലാം മെഹുല്‍ സംസാരിക്കുന്നു. പ്രവര്‍ത്തനം തുടങ്ങി വളരെ വേഗത്തില്‍ത്തന്നെ 600 പേപ്പര്‍ ബാഗുകളും 500 ബുക്ക്മാര്‍ക്കുകളും അമ്പതോളം ഇന്‍വിറ്റേഷന്‍ കാര്‍ഡുകളും അവര്‍ വിറ്റ് കഴിഞ്ഞു. 20,30,50 എന്നിങ്ങനെയായിരുന്നു വില. അവര്‍ അതില്‍നിന്നും ഗ്രാമത്തില്‍ മരം നട്ട് പിടിപ്പിക്കുകയും ആളുകള്‍ക്ക് സൗജന്യമായി തൈകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. 

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വീട്ടില്‍ ഒരു വെര്‍ട്ടിക്കല്‍ ടെറസ് ഗാര്‍ഡനും അവനുണ്ടാക്കിയിട്ടുണ്ട്. ഹൈഡ്രോപോണിക് കൃഷിയാണ് ഇവിടെ നടത്തുന്നത്. ഭാവിയില്‍ ഒരു ഹൈഡ്രോപോണിക് ഫാം തുടങ്ങണമെന്ന ആഗ്രഹവും മെഹുല്‍ ചേര്‍ത്ത് പിടിക്കുന്നു.