Asianet News MalayalamAsianet News Malayalam

ഐക്യു 162, ഒരിക്കൽ എല്ലാവരും അവ​ഗണിച്ച പെണ്‍കുട്ടി, സ്വപ്നങ്ങൾക്കൊപ്പം പറന്നത് ഇങ്ങനെ

ഇപ്പോൾ മെക്സിക്കോയിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന അവൾ രണ്ട് ഡിഗ്രികൾ സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ്. കൂടാതെ ഒരു ബഹിരാകാശയാത്രികയാകാനും, ചൊവ്വയിലേക്ക് യാത്ര ചെയ്യാനും അവൾ ആഗ്രഹിക്കുന്നു.

inspiring story of Adhara perez Sanchez
Author
Mexico, First Published Sep 8, 2021, 3:39 PM IST

പഠന വൈകല്യങ്ങൾ, ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സ് (ASD) തുടങ്ങിയവ ബാധിച്ച കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ വളരെ വലുതാണ്. പലപ്പോഴും സ്കൂളുകളിലും പൊതു ഇടങ്ങളിലും അവരുടെ സമപ്രായക്കാരിൽ നിന്നുപോലും പരിഹാസവും, ഒറ്റപ്പെടലും അവർക്ക് അനുഭവിക്കേണ്ടി വരുന്നു. എന്നാലും, ഉചിതമായ രോഗനിർണയവും, പരിശീലനവും ലഭിച്ചാൽ, ഈ കുട്ടികൾക്ക് അക്കാദമിക് തലത്തിൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും.  

അധാര പെരെസ് സാഞ്ചസിന് മൂന്നുവയസ്സുള്ളപ്പോഴാണ് ഓട്ടിസം ബാധിച്ചത്. ഈ രോഗം മൂലം അവൾ സ്കൂളിൽ ഒരുപാട് കഷ്ടപ്പെട്ടു. അവളുടെ ചില അദ്ധ്യാപകർ അവൾ ക്ലാസ്സിൽ ഉറങ്ങുമെന്ന് പരാതിപ്പെടുകയും, പഠിക്കാൻ താൽപ്പര്യമില്ലെന്നും പറയുകയും ചെയ്തു. പതിയെ  അധ്യാപകരും, സഹപാഠികളും അവളെ ഒറ്റപ്പെടുത്താൻ തുടങ്ങി. ഇത് സഹിക്കാനാകാതെ അവൾക്ക് വിഷാദരോഗം ബാധിച്ചു. എന്നാലും, വീട്ടിൽ ആവർത്തനപ്പട്ടിക പഠിച്ച് സമയം ചിലവഴിക്കാൻ ആ കൊച്ചു പെൺകുട്ടി പലപ്പോഴും ഇഷ്ടപ്പെട്ടു. ഇത് കണ്ട അമ്മ സഹായം ആവശ്യമുള്ള കുട്ടികൾക്കുളള മറ്റൊരു വിദ്യാഭ്യാസ കേന്ദ്രത്തിൽ അവളെ ചേർക്കാൻ തീരുമാനിച്ചു.  

അങ്ങനെ അവളെ അമ്മ ടാലന്റ് സർവീസ് സെന്ററിൽ (CEDAT) ചേർത്തു. അവിടെ വച്ച് അവളുടെ IQ ലെവൽ 162 ആണെന്ന് കണ്ടെത്തി. ഇത് എല്ലാവരിലും അതിശയമുളവാക്കി. വാസ്തവത്തിൽ, പ്രതിഭകളായ സ്റ്റീഫൻ ഹോക്കിംഗ്, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവരെക്കാൾ ഉയർന്നതായിരുന്നു അവളുടെ IQ. ആ രണ്ട്  പ്രതിഭാശാലികളുടെ IQ 160 ആയിരുന്നു.  ഇത് പെരെസിനെ അക്കാദമിക്സിൽ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചു. അവൾ അഞ്ചാം വയസ്സിൽ പ്രാഥമിക വിദ്യാഭ്യാസവും 6 -ൽ മിഡിൽ സ്കൂളും 8 -ൽ ഹൈസ്കൂളും പൂർത്തിയാക്കി. പഠനത്തിനിടയിലും ആ പ്രതിഭ തന്റെ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ സമയം കണ്ടെത്തി. "Do Not Give Up" എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. കൂടാതെ ഫോർബ്സ് മെക്സിക്കോയുടെ മെക്സിക്കോയിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയിൽ അവൾ ഒരിടം നേടുകയും ചെയ്തു.  

ഇപ്പോൾ മെക്സിക്കോയിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന അവൾ രണ്ട് ഡിഗ്രികൾ സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ്. കൂടാതെ ഒരു ബഹിരാകാശയാത്രികയാകാനും, ചൊവ്വയിലേക്ക് യാത്ര ചെയ്യാനും അവൾ ആഗ്രഹിക്കുന്നു. ടിജുവാനയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ആൻഡ് കൾച്ചർ സംഘടിപ്പിച്ച ഒരു പരിപാടിയിൽ തമോഗർത്തങ്ങളെക്കുറിച്ച് അവൾ സംസാരിക്കുകയും ചെയ്തു. ചൊവ്വയിൽ പോകുന്നത് കൂടാതെ, അരിസോണ സർവകലാശാലയായിൽ ചേരുകയെന്നതാണ് അവളുടെ സ്വപ്‍നം. ബഹിരാകാശ പര്യവേക്ഷണ പദ്ധതിക്കായി നാസ അംഗീകരിച്ച വിദ്യാലയമാണ് അത്. യൂണിവേഴ്സിറ്റി പ്രസിഡന്റ് റോബർട്ട് സി.റോബിൻസ് വ്യക്തിപരമായി അവിടെ പഠിക്കാൻ അവളെ ക്ഷണിച്ചിട്ടുണ്ട്.  

10 വയസ്സ് തികയുന്നതിനുമുമ്പ് തന്നെ, വലിയവർക്ക് ചെയ്യാൻ പ്രയാസമുള്ള നിരവധി കാര്യങ്ങൾ അവൾ ചെയ്തുതീർത്തു. തന്റെ സ്വപ്നങ്ങളെ കൈയെത്തി പിടിക്കുമ്പോഴും, ഓട്ടിസം ബാധിച്ച മറ്റ് കുട്ടികളെ സഹായിക്കാനും അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ അവരെ സഹായിക്കാനും അവൾ സമയം കണ്ടെത്തുന്നു. "പ്രതീക്ഷ കൈവിടരുത്. നിങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് ചെയ്യാൻ നിങ്ങൾ ശ്രമിക്കുക" ആ യുവ പ്രതിഭ പറയുന്നു.   


 

Follow Us:
Download App:
  • android
  • ios