ചിത്രലേഖ മല്ലിക് ഒരു റിട്ടയേഡ് പ്രൊഫസറാണ്. സംസ്‍കൃതം പ്രൊഫസറായിരുന്ന അവര്‍ വ്യത്യസ്‍തയാവുന്നത് ഒരധ്യാപികയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും അവര്‍ ചെയ്‍ത പ്രവര്‍ത്തനങ്ങളുടെ പേരിലാണ്. ആ നാട്ടിലെ മുഴുവന്‍ മനുഷ്യരും അവരെ ഓര്‍ക്കുകയും ആദരിക്കുകയും ചെയ്യുന്നതിന് കാരണമുണ്ട്. കഴിഞ്ഞ 17 വര്‍ഷങ്ങളായി ഒരു കോടി രൂപയാണ് അവര്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നല്‍കിയത്. 

അതിനെ കുറിച്ച് ചിത്രലേഖ മല്ലിക് ബെറ്റര്‍ ഇന്ത്യയോട് സംസാരിച്ചത് ഇങ്ങനെയാണ്: ''നാല് പതിറ്റാണ്ടുകളായി ഞാന്‍ അധ്യാപനരംഗത്തുണ്ട്. അതുകൊണ്ടുതന്നെ അധ്യാപനരംഗത്തെ എല്ലാ ബുദ്ധിമുട്ടുകളെ കുറിച്ചും നല്ല ധാരണയുണ്ട്. സ്‍കൂളുകളാകട്ടെ തങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി എപ്പോഴും പണം ആവശ്യം വരുന്നവരായിരുന്നു. പല കുട്ടികളും പണമില്ലാത്തതിന്‍റെ പേരില്‍ പഠിക്കാനാവാതെ നിന്നു. അതുകൊണ്ട് തന്നെ എനിക്ക് കിട്ടുന്ന പണമെല്ലാം സൂക്ഷിച്ചുവയ്ക്കാനും അത് ഇങ്ങനെയുള്ള കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പായി നല്‍കാനും ഗവേഷകാവശ്യത്തിനായി നല്‍കാനും തീരുമാനിച്ചു.''

43 വര്‍ഷങ്ങള്‍ക്കുള്ളില്‍ കല്‍ക്കത്തയിലെ നിരവധി പ്രശസ്തമായ സ്ഥാപനങ്ങളില്‍ ചിത്രലേഖ അധ്യാപികയായി സേവനമനുഷ്‍ഠിച്ചിരുന്നു. ബിര്‍ലാപൂരില്‍ രണ്ട് സഹോദരമാരടങ്ങുന്ന ഒരു കുടുംബമായിരുന്നു അവരുടേത്. വളരുന്തോറും വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും മറ്റുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ചും കൃത്യമായ ധാരണയും ബോധവുമുണ്ടായി ചിത്രലേഖയ്ക്ക്. അതുകൊണ്ട് തന്നെ വിവാഹമേ കഴിക്കുന്നില്ലായെന്നൊരു തീരുമാനവും അവരെടുത്തു. ജീവിതം തന്നെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കാനായി ഉഴിഞ്ഞുവച്ചു. വിദ്യാഭ്യാസ മേഖലയിലേക്ക് സംഭാവന നല്‍കുന്നതിനായി ഓരോ രൂപയും അവര്‍ മാറ്റിവെച്ചു. പെന്‍ഷന്‍ കിട്ടുന്ന 50,000 രൂപയില്‍ നിന്ന് ഒരു രൂപാ പോലും അവര്‍ അധികം ചെലവഴിച്ചില്ല. സ്വന്തം വാഹനം എന്നതിനു പകരം എപ്പോഴും ബസില്‍ യാത്ര ചെയ്‍തു. വീട്ടില്‍ ജോലിക്ക് ആളെ നിര്‍ത്താതെ എല്ലാം തനിയെ ചെയ്‍തു. 

ആഡംബരത്തിന് ചിത്രലേഖയുടെ ജീവിതത്തില്‍ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. അത്യാവശ്യത്തിന് മാത്രമായിരുന്നു വസ്ത്രം പോലും വാങ്ങിയിരുന്നത്. വിക്ടോറിയ ഇന്‍സ്റ്റിറ്റിയൂഷന്‍റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനായി നല്‍കിയ 50,000 രൂപയായിരുന്നു അവരുടെ ആദ്യത്തെ സംഭാവന. അന്ന് ക്യാമ്പസില്‍ നല്ലൊരു മെഡിക്കല്‍ യൂണിറ്റില്ലായിരുന്നു. NAAC അംഗീകാരം കിട്ടുന്നതിനായി അത് അത്യാവശ്യമായിത്തോന്നിയിരുന്നു. അങ്ങനെയാണ് ആ സംഭാവന അവര്‍ നല്‍കുന്നത്. 

2013 -ലാണ് ഒരു വലിയ സംഭാവന അവര്‍ നല്‍കുന്നത്. ഹൗറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്‍റഗ്രേറ്റഡ് മെഡിസിന് വേണ്ടിയായിരുന്നു അത്. അച്ഛന്‍റെയും അമ്മയുടെയും പേരില്‍ 31 ലക്ഷമാണ് സംഭാവന നല്‍കിയത്. പിന്നീട്, 2018 -ല്‍ ജാദവ്പൂര്‍ യൂണിവേഴ്‍സിറ്റിക്ക് വേണ്ടി 56 ലക്ഷം നല്‍കി. ഇവര്‍ നല്‍കിയ തുക സ്കോളര്‍ഷിപ്പിനും ഗവേഷകര്‍ക്കുമായാണ് നല്‍കുന്നത്. ഏതായാലും തന്‍റെ ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ വിദ്യാഭ്യാസത്തിനായാണ് ഇവര്‍ നീക്കിവെച്ചിരിക്കുന്നത്. വിദ്യാഭ്യാസമാണ് ഒരു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് അവര്‍ക്ക് അത്രയും ബോധ്യമുണ്ടാവണം.