Asianet News MalayalamAsianet News Malayalam

ഭിക്ഷ യാചിക്കേണ്ടി വന്ന അവസ്ഥയിൽ നിന്നും പത്മശ്രീ വരെ, ദത്തെടുത്തത് 24 ​ഗ്രാമങ്ങൾ, ആരാണ് ഫൂൽബാസൻ ഭായ്?

എന്നാൽ, തന്റെ അവസ്ഥയിൽ നിരാശപ്പെടുന്നതിനുപകരം, കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവൾ ആഗ്രഹിച്ചു.  തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ഒരു ജീവിതമുണ്ടാക്കണമെന്ന് അവൾ തീരുമാനിച്ചു.

inspiring story of Phoolbasan Bai Yadav
Author
Chhattisgarh, First Published Jun 4, 2021, 12:57 PM IST

ഛത്തീസ്‌ഗഢിലെ ഗ്രാമങ്ങളിൽ ദൈവത്തിന്റെ പ്രതിരൂപമായാണ് ഫൂൽബാസൻ ഭായ് യാദവ് എന്ന സ്ത്രീയെ പലരും കണക്കാക്കുന്നത്. പട്ടിണിയും, ഭർത്താവിന്റെ പീഡനങ്ങളും സഹിച്ച് വീടുകളിൽ ഒതുങ്ങി കൂടിയ അനേകം സ്ത്രീകൾക്ക് പുതിയ ഒരു ജീവിതം നൽകാൻ അവർക്ക് സാധിച്ചു. അത് കൂടാതെ, അവർ ഏറ്റെടുത്ത ഗ്രാമങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും, പാവങ്ങളുടെ പട്ടിണി മാറ്റാനും, ജീവിതം മെച്ചപ്പെടുത്താനും അവർക്ക് കഴിഞ്ഞു. എന്നാൽ, ഇതിനെല്ലാം അവർക്ക് പ്രചോദനമായത് മൂർച്ചയേറിയ സ്വന്തം ജീവിതാനുഭവങ്ങൾ തന്നെയാണ്. തെരുവിൽ ഒരിക്കൽ ഭിക്ഷ യാചിക്കേണ്ട ഗതികേടു പോലും ഉണ്ടായിട്ടുണ്ട് അവർക്ക്. ഒടുവിൽ ജീവിതം കൈവിട്ട് പോകുമെന്ന് തോന്നിയ സമയത്ത് അവർ സ്വയം അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുക്കിയെടുത്ത ജീവിതം ലോകത്തെ കൂടുതൽ അനുകമ്പയോടെ കാണാൻ അവരെ പ്രാപ്തയാക്കി.

inspiring story of Phoolbasan Bai Yadav

1969 ഡിസംബർ 5 -ന് ഛത്തീസ്‌ഗഢിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് ഫൂൽബാസൻ ജനിച്ചത്. കൊടുംപട്ടിണിയിലായിരുന്നു അവളുടെ ജീവിതം. അവളുടെ അച്ഛനും അമ്മയും അടുത്തുള്ള ഒരു കൊച്ചു ഹോട്ടലിൽ ചില്ലറ ജോലികൾ ചെയ്‌ത്‌ വരുമാനം കണ്ടെത്തി. പലപ്പോഴും ഭക്ഷണം കിട്ടാതിരുന്ന അവൾ അമ്മയോട് വിശക്കുന്നു എന്ന് പറയുമ്പോൾ അവർ നിസ്സഹായയായി മകളെ ചേർത്ത് പിടിച്ച് കരയുമായിരുന്നു. സ്കൂളിൽ പോയി പഠിക്കുന്നവർക്ക് മാത്രമേ നല്ല ജോലിയും, ശമ്പളവും ഉണ്ടാകൂ എന്ന് ചിന്തിച്ച അവൾ അടുത്തുള്ള സ്കൂളിൽ ചേരാൻ ആഗ്രഹിച്ചു. താൻ പഠിച്ച് വലിയ ആളായാൽ പിന്നെ അമ്മയ്ക്കും അച്ഛനും കരയേണ്ടി വരില്ലല്ലോ എന്നവൾ ഓർത്തു. എന്നാൽ, ഒരുനേരം ആഹാരത്തിന് പോലും കഷ്ടപ്പെടുന്ന ആ അച്ഛനും അമ്മയും മകളെ എങ്ങനെ പഠിപ്പിക്കാനാണ്.

വായിക്കാൻ ഒത്തിരി ഇഷ്ടപ്പെട്ട അവൾക്ക്, പുസ്തകങ്ങൾ വാങ്ങാനുള്ള പണമുണ്ടായില്ല. എന്നിട്ടും അവളെക്കൊണ്ടാകും വിധത്തിൽ ചെറിയ ചില ജോലികൾ ചെയ്‌ത്‌ അഞ്ചാം ക്ലാസ് വരെ അവൾ പഠിച്ചു. പിന്നീട് പത്താം വയസിൽ, കന്നുകാലികളെ വളർത്തുന്ന ഒരാളുമായി അവളുടെ വിവാഹം നടന്നു. നിരക്ഷരതയും തൊഴിലവസരങ്ങളുടെ അഭാവവും മൂലം ഇരുവരും വിവാഹശേഷം കടുത്ത ദാരിദ്ര്യത്തിൽ കഴിയാൻ നിർബന്ധിതരായി. ഒന്നും കഴിക്കാനില്ലാതെ വിശന്ന് കിടന്നുറങ്ങിയ രാത്രികൾ അനവധിയായിരുന്നു. പട്ടിണിയുടെയും, ദാരിദ്ര്യത്തിന്റെയും വേദന കൂടുതൽ ആഴത്തിൽ മനസിലാക്കിയ ഒരു സമയമായിരുന്നു അത്. പിന്നീട് കുട്ടികൾ ഉണ്ടായപ്പോൾ അവർ പട്ടിണി കിടക്കരുതെന്ന് കരുതി വീടുകൾതോറും കയറി ഇറങ്ങി ഭിക്ഷ യാചിക്കാൻ അവൾ നിർബന്ധിതയായി. അവൾ മാത്രമല്ല, ചുറ്റുമുള്ള എല്ലാ കുടുംബങ്ങളുടെയും സ്ഥിതി ഏകദേശം ഇത് തന്നെയായിരുന്നു.  

inspiring story of Phoolbasan Bai Yadav

എന്നാൽ, തന്റെ അവസ്ഥയിൽ നിരാശപ്പെടുന്നതിനുപകരം, കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവൾ ആഗ്രഹിച്ചു.  തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ഒരു ജീവിതമുണ്ടാക്കണമെന്ന് അവൾ തീരുമാനിച്ചു. ഇതിനായി ഫൂൽബാസൻ തന്റെ പ്രദേശത്തെ സ്ത്രീകളെ ഏകോപിപ്പിച്ച് സ്വാശ്രയ ഗ്രൂപ്പുകൾ രൂപീകരിച്ചു. കന്നുകാലികളെ വളർത്തുന്ന പദ്ധതിക്കായി സ്ത്രീകളെ സഹായിക്കുന്നതിന് സംഘം പണം സ്വരൂപിച്ചു. ഈ സ്വയം സഹായ ഗ്രൂപ്പുകളെ ഇന്ന് സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു മാർഗമായി സർക്കാർ കാണുന്നു.

താമസിയാതെ 'പ്രഗ്യ മഹിള സമൂ, കിരയ ഭണ്ഡർ, ബസാർ തേക' തുടങ്ങിയ ഗ്രൂപ്പുകൾ രൂപീകരിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകൾക്ക്  ഭക്ഷണം വിതരണം ചെയ്യുന്നതിനായി റേഷൻ ഷോപ്പുകൾ അവൾ സ്ഥാപിച്ചു. പിന്നീട്, 11 സ്ത്രീകളുമായി ചേർന്ന് 'മാൻ ബംലേശ്വരി ജൻഹിത് കരേ സമിതി' എന്ന സർക്കാരിതര സംഘടന രൂപീകരിച്ചു. എന്നാൽ, ഇന്ന് അതിന്റെ ആഭിമുഖ്യത്തിൽ 19,000 വനിതാ സ്വാശ്രയ ഗ്രൂപ്പുകളും, 2325 കൗമാരക്കാരായ പെൺകുട്ടികളുടെ ഗ്രൂപ്പുകളും 200,000 അംഗങ്ങളുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തുടക്കത്തിൽ അവരെല്ലാം ചേർന്ന് അവരുടെ തുച്ഛമായ സമ്പാദ്യത്തിൽ നിന്ന് ആഴ്‌ചയിൽ രണ്ട് രൂപ മിച്ചം പിടിച്ച് 150 ദശലക്ഷം സ്വരൂപിക്കാനായി എന്ന് പറയുന്നു. എൻ‌ജി‌ഒയും അതിന്റെ ബാനറിൽ പ്രവർത്തിച്ച നിരവധി ഗ്രൂപ്പുകളും സ്ത്രീകളെ ശാക്തീകരിക്കുന്നതിലും അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗ്രാമത്തിലെ താമസക്കാരുടെ ജീവിത സാഹചര്യങ്ങൾ  മെച്ചപ്പെടുത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്.  

inspiring story of Phoolbasan Bai Yadav

അതിന്റെ കീഴിൽ ഇന്ന് 33,732 സ്ത്രീകൾ വിവിധ ബിസിനസുകൾ നടത്തുന്നു. ഫൂൽബാസന്റെ പരിശ്രമം സ്ത്രീകൾക്ക് ആത്മാഭിമാനവും സ്വത്വവും സമൂഹത്തിൽ ഒരു സ്ഥാനവും നേടി കൊടുത്തു. അവരുടെ ഈ വിജയം കണക്കിലെടുത്ത്, ഫൂൽബാസനും സംഘത്തിനും സ്ത്രീകളെ സ്വയംതൊഴിൽ പരിശീലിപ്പിക്കാനായി നബാർഡിൽ നിന്ന് 900 കോടി രൂപ അനുവദിക്കപ്പെട്ടു. 2014 സെപ്റ്റംബർ മുതൽ, ഫൂൽബാസന്റെ എൻ‌ജി‌ഒ 24 ഗ്രാമങ്ങൾ ദത്തെടുത്തു. ആ ഗ്രാമങ്ങളിലെ ജീവിതം മെച്ചപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സഹായമില്ലാതെയാണ് അവർ ഇത് ചെയ്തത്.  

inspiring story of Phoolbasan Bai Yadav

ഫൂൽബാസന്റെ നിസ്വാർത്ഥ പ്രവർത്തങ്ങൾക്ക് നിരവധി അംഗീകരങ്ങൾ അവരെ തേടി വന്നു. ‘സേവ് ദ വാട്ടർ’ കാമ്പെയ്‌നിനായി മാ ബാംലേശ്വരി അവാർഡ്,  2005 ൽ അവർക്ക് ‘മിനി മാതാ സമ്മൻ’ അവാർഡ് എന്നിവ ലഭിച്ചു. നബാർഡ് മികച്ച പ്രകടനത്തിനുള്ള ദേശീയ അവാർഡ് തുടർച്ചയായി മൂന്ന് വർഷത്തേക്ക് അവർക്ക് നൽകി. 2012 -ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായ പത്മശ്രീ അവാർഡിന് അവർ അർഹയായി. ഇത് കൂടാതെ, സ്ത്രീ ശക്തി, എസ്. ജിൻഡാൽ അവാർഡ്, ഭഗവാൻ മഹാവീർ അവാർഡ്, ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്, ഇന്ത്യ പ്രൈഡ് അവാർഡ്, സുർദുത്ത അവാർഡ്, അമോദിനി അവാർഡ്, സദ്ഗുരു അവാർഡ് തുടങ്ങിയ നിരവധി അവാർഡുകളും അവർക്ക് ലഭിച്ചു. ഇന്നും ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിൽ വെളിച്ചമായി ഫൂൽബാസന്റെ പ്രവർത്തനങ്ങൾ മാറുന്നു.  

Follow Us:
Download App:
  • android
  • ios