Asianet News Malayalam

അർബുദം കീഴടക്കാനെത്തിയിട്ടും വിശ്രമമില്ല, രണ്ട് വർഷത്തിനിടെ നട്ടത് 30,000 മരങ്ങൾ

എന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച്, ഞാൻ എപ്പോൾ വേണമെങ്കിലും മരിക്കാം. എന്നാൽ, കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ആളുകളുടെ ശ്വാസത്തിലൂടെ ഒരുപാട് കാലം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

inspiring story of Sruchi Vadalia who planted 30,000 trees
Author
Surat, First Published Feb 28, 2021, 9:47 AM IST
  • Facebook
  • Twitter
  • Whatsapp

നമ്മൾ പലപ്പോഴും ജീവിതത്തിൽ സ്വാർത്ഥരാകാറുണ്ട്. അനാവശ്യ തിരക്കിന്റെയും, നെട്ടോട്ടത്തിന്റെയും പേരും പറഞ്ഞ് നമ്മൾ നമ്മളിലേക്ക് തന്നെ ചുരുങ്ങാറുണ്ട്. മറ്റുള്ളവർക്കോ, ഭൂമിക്കോ വേണ്ടി ഏതെങ്കിലും ചെയ്യാൻ പലപ്പോഴും നാം മറന്നു പോകുന്നു. എന്നാൽ, അത്തരക്കാർക്കുള്ള ഒരു വലിയ തിരിച്ചറിവാണ് ശ്രുചി വഡാലിയയുടെ ജീവിതം. ഗുജാറാത്തിലെ സൂറത്ത് നിവാസിയാണ് ശ്രുചി. അവൾക്ക് 27 വയസ്സാണ്. കുറച്ചുകാലം മുമ്പാണ് അവൾക്ക് ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയത്. ഇപ്പോൾ അവൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എന്നിട്ടും അവൾ ജീവിതത്തെ തന്നെക്കൊണ്ടാവും വിധത്തിൽ സുന്ദരമാക്കാൻ നോക്കുകയാണ്. ഗുരുതരമായ അസുഖം ജീവിതത്തെ ദുഃസ്സഹമാക്കിയിട്ടും, പരിസ്ഥിതിയെ സംരക്ഷിക്കാൻ ശ്രുചി ആഗ്രഹിച്ചു. അന്തരീക്ഷ മലിനീകരണം ഇന്നത്തെ പ്രധാന പ്രശ്നങ്ങളിലൊന്നാണെന്നും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചാൽ നിരവധി ജീവൻ രക്ഷിക്കാമെന്നും അവൾ മനസ്സിലാക്കി. ജീവന്റെ വില അവളെ പോലെ അറിയാവുന്നത് മറ്റാർക്കാണ്?

പരിസ്ഥിതി സംരക്ഷിക്കാനുള്ള അവളുടെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷത്തിനിടെ 30,000 മരങ്ങൾ ശ്രുചി നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സംഘടനയാണ് അവളുടെ ആഗ്രഹം നിറവേറ്റാൻ സഹായിച്ചത്. അവൾ ഇപ്പോൾ മരണത്തോട് മല്ലിടുകയാണ്. എന്നാൽ ആ അവസ്ഥയിലും മറ്റുള്ളവർക്ക് മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടാകണമെന്ന് അവൾ ആഗ്രഹിക്കുന്നു. വായു മലിനീകരണം മൂലം ആളുകൾ പല ഗുരുതരമായ രോഗങ്ങളും അനുഭവിക്കുന്നുണ്ടെന്ന് ശ്രുചി പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ, പരിസ്ഥിതിയുടെ നന്മയ്ക്ക് വേണ്ടി നാം എന്തെങ്കിലും ചെയ്യേണ്ടത് പ്രധാനമാണ് എന്നും അവൾ പറഞ്ഞു. മരങ്ങൾ നട്ടുപിടിപ്പിച്ച് ആളുകളെ ബോധവാന്മാരാക്കുക എന്നതാണ് അവളുടെ ലക്ഷ്യം. ഹാർട്ട് @ വർക്ക് ഫൗണ്ടേഷൻ ആരംഭിച്ച ‘ക്ലീൻ ഇന്ത്യ, ഗ്രീൻ ഇന്ത്യ’ പരിപാടിയുടെ ബ്രാൻഡ് അംബാസഡറാണ് ശുചി.  

'എന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച്, ഞാൻ എപ്പോൾ വേണമെങ്കിലും മരിക്കാം. എന്നാൽ, കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ആളുകളുടെ ശ്വാസത്തിലൂടെ ഒരുപാട് കാലം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ അസുഖത്തിന് കാരണം വായു മലിനീകരണമാണെന്ന് തോന്നുന്നു.  കാൻസറിന്റെ ദുരിതങ്ങൾ എനിക്ക് അനുഭവിക്കേണ്ടി വന്നത് അതുകാരണമാണെന്ന് ഞാൻ കരുതുന്നു. മരങ്ങൾ കൂടുതലായി നട്ടുപിടിപ്പിച്ചാൽ മറ്റുള്ളവരെയെങ്കിലും ഇത്തരം അപകടകരമായ രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷിക്കാൻ കഴിയും' ശ്രുചി പറഞ്ഞു.

അവൾ സമീപ ഗ്രാമങ്ങളും സ്കൂളുകളും സന്ദർശിച്ച്, മരങ്ങൾ നടുന്നതിനെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നു. ഭാവിയിൽ ഇതുകൊണ്ടുള്ള നേട്ടങ്ങളും അവരെ പറഞ്ഞ് അവൾ ബോധ്യപ്പെടുത്തുന്നു. അവളുടെ അവസ്ഥ മറ്റാർക്കും വരരുതെന്ന് അവൾ ആഗ്രഹിക്കുന്നു. ഇതിനിടെ 36 കീമോതെറാപ്പിയും, റേഡിയേഷൻ തെറാപ്പിയും അവൾ എടുത്തു കഴിഞ്ഞു. ദിവസത്തിൽ നിരവധി തവണ വീര്യം കൂടിയ മരുന്നുകൾ ശ്രുചി കഴിക്കുന്നു. ഇടയ്ക്കിടെ ആശുപത്രിയിൽ പോകുന്നത് അവൾക്ക് വളരെ വേദനാജനകമാണെങ്കിലും അവൾക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല.  ഒരുകാലത്ത് നീളമുള്ള മുടിയുണ്ടായിരുന്ന ശ്രുചിക്ക് ആ മുടിയെല്ലാം നഷ്ടമായി. വേദന അവളുടെ സന്തതസഹചാരിയായി. എന്നിട്ടും അവൾ കാണിക്കുന്ന ധൈര്യം കാണുമ്പോൾ ആളുകൾ അറിയാതെ പ്രചോദിതരാകുന്നു. മാത്രവുമല്ല അവളുടെ പ്രചാരണത്തിൽ അവർ പങ്കുചേരുകയും ചെയ്യുന്നു. വേദനയിൽ നിന്നും, രോഗങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കാൻ കുറച്ചെങ്കിലും വഴിയുണ്ടെങ്കിൽ, എല്ലാവരും അത് ചെയ്യണമെന്നും അവൾ കൂട്ടിച്ചേർത്തു.  

(ചിത്രം: Sruchi Vadalia/faceebook)

Follow Us:
Download App:
  • android
  • ios