Asianet News MalayalamAsianet News Malayalam

എട്ടാം ക്ലാസിൽ സ്കൂൾ ഉപേക്ഷിച്ചു, സ്വന്തമായി ബിസിനസ് തുടങ്ങി സിഇഒ ആയി, തനുഷിന്റെ വ്യത്യസ്തമായ ജീവിതം

സാധാരണ അച്ഛനമ്മമ്മാരെ പോലെയായിരുന്നില്ല, തനിഷിന്റെ മാതാപിതാക്കൾ. കുട്ടികൾ കമ്പ്യൂട്ടറിന്റെ മുന്നിൽ ഒരുപാട് നേരം ചിലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നവരാണ് പൊതുവെ. എന്നാൽ, തനിഷിന്റെ കഴിവുകൾ മനസിലാക്കിയത് കൊണ്ടാകാം, അവന്റെ ആ ആഗ്രഹത്തെ നിതിൻ പിന്തുണച്ചു. 

inspiring story of Tanish Mittal
Author
Jalandhar, First Published Aug 14, 2021, 11:07 AM IST

വലിയവരുടെ മാത്രം ലോകമല്ല ബിസിനസ് എന്ന് തെളിയിക്കുകയാണ് സ്വന്തമായൊരു കമ്പനി നടത്തുന്ന പതിനഞ്ചു വയസുകാരനായ തനിഷ് മിത്തൽ. മിക്കവരും ക്രിക്കറ്റും, ഓൺലൈൻ ഗേമുകളും കളിയ്ക്കാൻ ഇഷ്ടപ്പെടുന്ന പ്രായത്തിൽ തനിഷിന് കച്ചവടത്തിന്റെ വലിയ കളികളോടായിരുന്നു താല്പര്യം. അതുകൊണ്ട് തന്നെ അവൻ വെറും പത്ത് വയസ്സിൽ ജലന്ധറിൽ ഇൻനോബ്സ് ടെക് എന്ന വെബ് അധിഷ്ഠിത കമ്പനി സ്ഥാപിച്ചു. ഏറ്റവും പ്രായം കുറഞ്ഞ സംരംഭക അവാർഡ് ജേതാവ് കൂടിയാണ് തനിഷ്.  

തനിഷിന്റെ ലോകം കമ്പ്യൂട്ടറായിരുന്നു. തനിഷ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ, വ്യത്യസ്ത തരം സോഫ്റ്റ്‌വെയർ, ആനിമേഷൻ, വെബ് ഡിസൈൻ, ടെക് സെക്യൂരിറ്റി എന്നിവയിൽ അറിവ് നേടിയെടുത്തു. വെറും 10 വയസ്സുള്ളപ്പോൾ, സ്വന്തമായി ഒരു വെബ് അധിഷ്ഠിത കമ്പനി ആരംഭിച്ചു. 2005 നവംബർ 7 -നാണ് തനിഷ് ജനിച്ചത്. അവൻ മറ്റെല്ലാ കുട്ടികളിൽ നിന്നും വ്യത്യസ്തനായിരുന്നുവെന്ന് തനിഷിന്റെ പിതാവ് നിതിൻ മിത്തൽ പറഞ്ഞു. "ഞാൻ വീട്ടിൽ കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോഴെല്ലാം, കുട്ടിയായ അവൻ വളരെ അത്ഭുതത്തോടെ സ്ക്രീനിലേക്ക് നോക്കിയിരിക്കുമായിരുന്നു," തനിഷിന്റെ അച്ഛൻ പറഞ്ഞു.

കമ്പ്യൂട്ടറിനോടുള്ള തനിഷിന്റെ താൽപര്യം മനസ്സിലാക്കിയ അച്ഛൻ വെറും ആറ് വയസ്സുള്ളപ്പോൾ തന്നെ അവനെ അടിസ്ഥാന കമ്പ്യൂട്ടർ പാഠങ്ങൾ പഠിപ്പിച്ചു. സാധാരണഗതിയിൽ ആ പ്രായത്തിലെ കുട്ടികൾ കളിപ്പാട്ടങ്ങളുമായി കളിക്കുമ്പോൾ, തനിഷിന്റെ വിരലുകൾ കമ്പ്യൂട്ടറിന്റെ കീബോർഡിൽ നിർത്താതെ ഓടി നടന്നു. വയസ് ഒൻപതായപ്പോഴേക്കും തനിഷിന് ഇന്റർനെറ്റിനെക്കുറിച്ച് നല്ല ധാരണയായി. ചെറുപ്പത്തിൽത്തന്നെ, തനിഷ് വീട്ടിൽ ഇന്റർനെറ്റിന്റെ സഹായത്തോടെ ആനിമേഷൻ, ഓഡിയോ, വീഡിയോ എഡിറ്റിംഗ്, ഫോട്ടോഷോപ്പ്, വെബ് ഡിസൈനിംഗ് തുടങ്ങി നിരവധി കാര്യങ്ങൾ പഠിച്ചു.  

സാധാരണ അച്ഛനമ്മമ്മാരെ പോലെയായിരുന്നില്ല, തനിഷിന്റെ മാതാപിതാക്കൾ. കുട്ടികൾ കമ്പ്യൂട്ടറിന്റെ മുന്നിൽ ഒരുപാട് നേരം ചിലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നവരാണ് പൊതുവെ. എന്നാൽ, തനിഷിന്റെ കഴിവുകൾ മനസിലാക്കിയത് കൊണ്ടാകാം, അവന്റെ ആ ആഗ്രഹത്തെ നിതിൻ പിന്തുണച്ചു. അത് മാത്രമല്ല, സ്കൂൾ പഠനം ഉപേക്ഷിക്കാനുള്ള തനിഷിന്റെ തീരുമാനത്തെ നിതിൻ എതിർത്തുമില്ല. എട്ടാം ക്ലാസ്സ് കഴിഞ്ഞപ്പോൾ തനിഷ് സ്കൂൾ പഠനം ഉപേക്ഷിച്ചു.  

തുടർന്ന്, കമ്പ്യൂട്ടർ സംബന്ധമായ കോഴ്സ് പഠിക്കാൻ താല്പര്യപ്പെട്ട തനിഷിനെ എന്നാൽ ഒരു സ്ഥാപനവും എടുത്തില്ല. ഇത്രയും ചെറിയ കുട്ടിക്ക് പ്രവേശനം നൽകാൻ അവരാരും തയ്യാറായില്ല. ഒടുവിൽ ഒരു സ്വകാര്യ സ്ഥാപനം തനിഷിനോട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവേശന പരീക്ഷയെഴുതാൻ ആവശ്യപ്പെട്ടു. ഇതിൽ വിജയിച്ചാൽ പ്രവേശനം അനുവദിക്കാമെന്ന് അവർ ഉറപ്പും നൽകി. എന്നാൽ അവന്റെ ഉത്തരക്കടലാസ് കണ്ട് അധ്യാപകർ ഞെട്ടി. കോഴ്സിന്റെ പകുതിയിലധികം കാര്യങ്ങളും അവന് ഇതിനകം തന്നെ അറിയാമെന്ന് അവർ കണ്ടെത്തി. തനിഷിന്റെ പ്രതിഭയിൽ മതിപ്പുളവായ ഇൻസ്റ്റിറ്റ്യൂട്ട് അവന് പ്രവേശനം നൽകുകയും, അങ്ങനെ അവൻ തന്റെ പ്രൊഫഷണൽ ഡിപ്ലോമ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.

ടെക് വ്യവസായത്തിൽ നിന്നുള്ള നിരവധി വിദഗ്ധരുടെ പിന്തുണ അവന് ലഭിച്ചിരുന്നു. തനിഷിന്റെ പിതാവ് പറയുന്നതനുസരിച്ച്, തനിഷ് തന്റെ നഗരത്തിലെ നിരവധി ശാസ്ത്ര പരിപാടികളിൽ പങ്കെടുത്തു. ഇത് അവന്റെ അറിവിനെ വിപുലീകരിക്കാൻ സഹായിച്ചു. അവന്റെ പ്രവർത്തനത്തെ ആളുകൾ അഭിനന്ദിച്ചു. ഇന്ന് തനിഷ് സ്വന്തമായി ഒരു കമ്പനി നടത്തുകയും അതിന്റെ സിഇഒ സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു.  കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അവൻ കഠിനാധ്വാനവും, അർപ്പണബോധവും കൊണ്ട് ബിസിനസ്സ് ലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുത്തു. ഇതിന്റെ പേരിൽ നിരവധി അവാർഡുകളും, ബഹുമതികളും അവന് ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ തനിഷ് വിവിധ സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും നിരവധി പ്രചോദനാത്മക പ്രഭാഷണങ്ങളും നടത്തുന്നു. 

Follow Us:
Download App:
  • android
  • ios