മാനേജ്‌മെന്റ് താത്പര്യമനുസരിച്ചു റാങ്കിടാനും അവർ പണം വാങ്ങിയവർക്ക് വേണ്ടി ഒപ്പിടാനും തങ്ങൾ തയാറല്ലെന്ന് ഓരോ സർക്കാർ നോമിനിയും സബ്ജെക്ട് എക്സ്പെർട്ടും തീരുമാനിക്കണം, പറയണം. ചെയ്യുമോ?

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ സാമൂഹികമാനവും ധാർമികതയും ഏറ്റവും നശിപ്പിക്കുന്നതിൽ അഡ്മിഷൻ, അപ്പോയിന്‍റ്മെന്‍റ് എന്നിവയിലെ അഴിമതിക്ക് വലിയ പങ്കാണുള്ളത്. ഈ കൊടുക്കുന്നതും വാങ്ങുന്നതും എല്ലാം കള്ളപ്പണമാണ്. ലക്ഷങ്ങൾ കൊടുക്കേണ്ടി വരുമ്പോൾ സാമൂഹ്യ-സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്ക് എന്ത് സംഭവിക്കും എന്നത് ആർക്കും ഊഹിക്കാം. ഈ അഴിമതിയിൽ മാപ്പുസാക്ഷികളാവുന്ന പ്രിൻസിപ്പൽമാരും സർക്കാർ-യൂണിവേഴ്സിറ്റി പ്രതിനിധികളും അധ്യാപകരെയും വിദ്യാർത്ഥികളെയും എത്ര ദുര്‍ബലരാക്കുന്നു എന്നുമോർക്കണം. കോഴ കൊടുക്കാൻ പണക്കാരുടെ മുമ്പിൽ സഹായമഭ്യർത്ഥിക്കേണ്ട അവസ്ഥയിലാണ് ഇന്ന് പല പാവപ്പെട്ടവരും.

ഇപ്പറയുന്നത് ഒന്നും ആർക്കും പുതിയതല്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യം മാത്രം. ആരും പുറത്തു പറയില്ല. കാരണം നമ്മുടെയൊക്കെ സുഹൃത്തുക്കൾ, ബന്ധുക്കൾ, അവരുടെ കുട്ടികൾ ഇവരൊക്കെ ഇങ്ങനെ കൈക്കൂലി കൊടുത്തു പഠിക്കാനും പഠിപ്പിക്കാനും ചേരേണ്ടി വന്നവരിലുണ്ട്.

അവരെ ആരെയും ഞാൻ കുറ്റം പറയില്ല. ഇവിടെ വ്യവസ്ഥയാക്കപ്പെട്ട ഒരു കള്ളത്തരത്തിൽ കുടുങ്ങിപ്പോയവരാണിവർ. വേറെ വഴി അന്ന് മുമ്പിൽ കാണാത്തവർ. ഇങ്ങനെ ഒരിക്കൽ ഈ വ്യവസ്ഥയുടെ ഭാഗമായി അഴിമതി നടത്തേണ്ടി വരുന്നവരുടെ നിശബ്ദത ചൂഷണം ചെയ്തു മാനേജ്മെന്റുകൾ പിന്നെയും പിന്നെയും അഴിമതി തുടരുന്നു... ഈ ക്രമം തുടർന്ന് പോകുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും രക്ഷിതാക്കളും അത് തുടർന്നും പിൻപറ്റാൻ നിർബന്ധിതരാവുന്നു.

ഇതിനു ഒരു അവസാനം വേണ്ടേ? ഇതുവരെയുള്ളതൊക്കെ പോട്ടെ. നമ്മുടെ പ്രശ്നം കുറ്റവാളികളെ ശിക്ഷിക്കലല്ലല്ലോ; തെറ്റ് നടക്കാതിരിക്കലല്ലേ! അതുകൊണ്ട് ഇതിനി തുടർന്ന് കൂടാ എന്ന് പറഞ്ഞു തുടങ്ങാൻ നാം തയാറാണോ?

ഇനി അപ്പോയിന്‍റ്മെന്‍റിന് ഒരു പൈസയും കൊടുക്കില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയാൻ തയാറുണ്ടോ? (നിങ്ങൾക്ക് ജോലി വേണ്ടതിനേക്കാൾ മാനേജ്മെന്റുകൾക്കു പഠിപ്പിക്കാൻ ആളെ വേണം എന്ന് മറക്കാതിരിക്കുക)

മാനേജ്‌മെന്റ് താത്പര്യമനുസരിച്ചു റാങ്കിടാനും അവർ പണം വാങ്ങിയവർക്ക് വേണ്ടി ഒപ്പിടാനും തങ്ങൾ തയാറല്ലെന്ന് ഓരോ സർക്കാർ നോമിനിയും സബ്ജെക്ട് എക്സ്പെർട്ടും തീരുമാനിക്കണം, പറയണം. ചെയ്യുമോ?

മാനേജ്‌മന്റ് quota സീറ്റുകൾ സമുദായത്തിലെ പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും കൊടുക്കാൻ വേണ്ടി സ്ഥാപനങ്ങൾ പടുത്തുയര്‍ത്തിയ നിഷ്കാമകർമികളായ സന്നദ്ധപ്രവർത്തകരെ സർക്കാർ ഏൽപ്പിച്ചതാണെന്നും അത് വിറ്റു സ്വന്തം രാഷ്ട്രീയ-കച്ചവട വളർച്ചക്ക് ഉപയോഗിക്കരുതെന്നും സാമുദായിക-സമ്പന്ന മേധാവികളോട് പറഞ്ഞു തുടങ്ങാൻ പൊതുസമൂഹവും തയാറാകണം.

കൊടുക്കുന്ന സകലഫീസിനും രസീത് നൽകണമെന്ന് എല്ലാ രക്ഷിതാക്കളും നിർബന്ധം പിടിച്ചാൽ കൊടുക്കുകയല്ലാതെ വേറെ എന്താവും സ്ഥാപന മേധാവികളുടെ മുമ്പിലുള്ള വഴി? സ്വന്തം കുട്ടിയുടെ ഭാവിക്കു വേണ്ടി ചെയ്യേണ്ടത് ഗുണപരമായ വിദ്യാഭ്യാസം എല്ലാവര്ക്കും കിട്ടുമെന്ന് ഉറപ്പാക്കുകയാണെന്നും സ്വാർത്ഥമായി കൈക്കൂലി കൊടുത്തും മക്കൾക്ക് സീറ്റ് നേടുന്നതിൽ മാത്രം ശ്രദ്ധ വെക്കുന്നവർ എല്ലാവരെയും തൊളിപ്പിക്കുകയാണെന്നും ഉള്ള കാഴ്ചപ്പാടിലേക്കു രക്ഷിതാക്കൾ എത്തിച്ചേർന്നാൽ പിന്നെ ആര് എന്ത് ചെയ്യാനാണ്?

ഒരു നാട്ടിലെ വിദ്യാഭ്യാസരംഗം അഴിമതിയിലും പണാധിപത്യത്തിലും മുങ്ങി അതിന്റെ സത്യസന്ധതയും നീതിബോധവും നഷ്ടപ്പെടുത്തുമ്പോൾ നാം കൊന്നു കളയുന്നത് "പഠിച്ചു രക്ഷപ്പെടാം" എന്ന സാമൂഹ്യമാറ്റത്തെക്കുറിച്ചുള്ള പ്രതീക്ഷയെക്കൂടിയാണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ നമുക്ക് മിണ്ടാതിരിക്കാൻ കഴിയുമോ? നമുക്ക് ഇനി വരുന്ന കാലത്തോട് ഒരു ബാധ്യത ഇല്ലേ?