അമിതമായ വ്യായാമം വിനയായി. ചൈനയിൽ 23 -കാരൻ ഗുരുതരാവസ്ഥയിലായി. 'റാബ്ഡോമയോളിസിസും' വൃക്കസ്തംഭനവും സംഭവിച്ചതായി ഡോക്ടർമാർ. അമിതമായ വ്യായാമമുണ്ടാക്കുന്ന പ്രശ്നങ്ങൾക്കെതിരെ ജാഗ്രത വേണം.
ജിമ്മിൽ പോയി കഠിനമായി വ്യായാമം ചെയ്യുന്ന ഫിറ്റ്‌നസ് പ്രേമികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നൊരു സംഭവമാണ് അങ്ങ് ചൈനയിലുണ്ടായിരിക്കുന്നത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള 23 കാരനായ സർവ്വകലാശാല വിദ്യാർത്ഥിയാണ് അമിത വ്യായാമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായത്. ശരീരത്തിലെ പേശിനാരുകൾ അതിവേഗം തകരുകയും നശിക്കുകയും ചെയ്യുന്ന 'റാബ്ഡോമയോളിസിസ്' എന്ന അവസ്ഥയും, ഇതിന്റെ സങ്കീർണ്ണതകൾ കാരണം പെട്ടെന്നുള്ള വൃക്കസ്തംഭനവും യുവാവിന് ബാധിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ലെഗ് ട്രെയിനിംഗിൽ യുവാവ് തന്റെ പരിധിക്കപ്പുറം അമിതമായി ആഞ്ഞുശ്രമിച്ചതാണ് രോഗത്തിന് കാരണമായതെന്ന് ഹെനാൻ യൂണിവേഴ്സിറ്റി ഓഫ് ചൈനീസ് മെഡിസിനിലെ നെഫ്രോളജിസ്റ്റ് ഡോ. ലിയു ഹാഫീ വ്യക്തമാക്കി.
തുടക്കത്തിൽ മൂത്രത്തിൽ രക്തം കാണപ്പെടുകയും, പിന്നീട് മൂത്രം പൂർണ്ണമായി നിലയ്ക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ യുവാവിന് സ്വന്തമായി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. പേശികളുടെ തകരാറ് അളക്കുന്ന 'ക്രിയാറ്റിൻ കൈനസ്' നിരക്ക് സാധാരണ അളവിനേക്കാൾ നൂറിലധികം മടങ്ങ് വർധിച്ച് ലിറ്ററിന് 20,000 യൂണിറ്റിന് മുകളിലായതിനെ തുടർന്ന് യുവാവിനെ അടിയന്തിരമായി ഡയാലിസിസിന് വിധേയനാക്കി. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കാലുകൾക്ക് താൻ കൂടുതൽ കഠിനമായ വ്യായാമം നൽകിയിരുന്നതായി യുവാവ് ഡോക്ടർമാരോട് സമ്മതിച്ചു.
അമിത വ്യായാമം മൂലം യുവാക്കൾക്ക് റാബ്ഡോമയോളിസിസ് ബാധിക്കുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ള 24 കാരനായ മറ്റൊരു യുവാവിനും അടുത്തിടെ സമാനമായ അനുഭവം ഉണ്ടായി. മുൻപ് വ്യായാമ ശീലമൊന്നുമില്ലാതിരുന്ന ഇയാൾ, ജോലിക്ക് ശേഷം തുടർച്ചയായി 20 ദിവസം കഠിനമായി വ്യായാമം ചെയ്തതിനെ തുടർന്നാണ് രോഗബാധിതനായി ആശുപത്രിയിലായത്.
മുൻപ് കൃത്യമായ വ്യായാമശീലമില്ലാത്തവർ പെട്ടെന്ന് ശരീരത്തിന് താങ്ങാൻ കഴിയാത്ത രീതിയിൽ വർക്കൗട്ട് ചെയ്യുന്നത് ഇത്തരം അപകടകരമായ അവസ്ഥയ്ക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സുരക്ഷിതമായ വ്യായാമത്തിന് ഡോക്ടർമാർ നൽകുന്ന നിർദേശങ്ങൾ:
വ്യായാമത്തിന്റെ തീവ്രത പെട്ടെന്ന് കൂട്ടാതെ, പടിപടിയായി മാത്രം വർദ്ധിപ്പിക്കുക.
വ്യായാമം ചെയ്യുമ്പോൾ നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക (ഓരോ അരമണിക്കൂറിലും 200 മുതൽ 300 മില്ലി ലിറ്റർ വരെ).
അമിതമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കുക.
പേശികളിൽ അസ്വാഭാവികമായ വേദനയോ തളർച്ചയോ തോന്നിയാൽ വ്യായാമം ഉടൻ നിർത്തുക.
