സുരക്ഷിത ജീവിതം തേടിയുള്ള അനധികൃത കുടിയേറ്റങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, കടൽ മാർഗ്ഗമുള്ള യാത്രകളിലെ മരണനിരക്ക് കുതിച്ചുയരുന്നതായി ഐഒഎം റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 8,000 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തെന്നും, യൂറോപ്പിലേക്കുള്ള പുതിയ കുടിയേറ്റ പാതകൾ കൂടുതൽ അപകടകരമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലോകമെമ്പാടും കൂടുൽ സുരക്ഷിതമായ ജീവിതം തേടിയുള്ള മനുഷ്യന്‍റെ കുടിയേറ്റ ശ്രമങ്ങൾ വലിയ തോതിൽ വർദ്ധിച്ച കാലത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. മൂന്നാം ലോക രാജ്യങ്ങളിൽ നിന്നും അനധികൃത കുടിയേറ്റങ്ങൾ ശക്തമായി. യൂറോപ്പും യുഎസും കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ചതോടെയാണ് അനധികൃത മാർഗ്ഗങ്ങളിലൂടെയുള്ള കുടിയേറ്റം കൂടിയത്. അതേസമയം കടൽ മാർഗ്ഗമുള്ള കുടിയേറ്റങ്ങളിൽ കഴിഞ്ഞ വർഷം മാത്രം മരിക്കുകയോ കാണാതാവുകയോ ചെയ്തത് ഏതാണ്ട് 8,000 -ത്തോളം മനുഷ്യരെ ആണെന്ന് യുഎൻ ഏജൻസിയായ ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻറെ റിപ്പോർട്ടുകൾ പറയുന്നു.

മരണ സംഖ്യകൾ കൂടുന്നു

യൂറോപ്പിലേക്കുള്ള കടൽ മാർഗമുള്ള അനധികൃത കുടിയേറ്റങ്ങളിൽ ഓരോ പത്തിൽ നാലിലധികം പേരും മരണപ്പെടുകയോ കാണാതാവുകയോ ചെയ്യുന്നെന്നും ഐഒഎമ്മിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പിലേക്ക് കടൽ മാർഗം കുടിയേറാൻ ശ്രമിക്കുന്നവരാണ് ഏറ്റവും കൂടുതൽ മരിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 2024-ലാണ് ഏറ്റവും കൂടുതൽ കുടിയേറ്റ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആ വർഷം മാത്രം 9,197 പേരാണ് കുടിയേറ്റ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. അതേസമയം 2025 -ൽ 7,904 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം 2025 -ൽ 1,500 ഓളം പേരുടെ മരണമോ കാണാതാകലോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അതിനാലാണ് എണ്ണത്തിൽ കുറവ് വന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റ ശ്രമങ്ങൾക്കിടെ കൊല്ലപ്പെടുന്നവരുടെ 2014 മുതലുള്ള കണക്കിൽ ഇതുവരെ ചേർക്കപ്പെട്ടത് 82,000 പേരാണ്. ഏകദേശം 3,40,000 കുടുംബാംഗങ്ങളെയാണ് ഈ മരണങ്ങൾ നേരിട്ട് ബാധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

പുതിയ കുടിയേറ്റ പാതകൾ അപകടകരം

യൂറോപ്പിലേക്ക് കടൽ മാർഗം കുടിയേറുന്ന 10 പേരിൽ നാലിൽ കൂടുതൽ ആളുകൾ മരിക്കുന്നു. യൂറോപ്പിലേക്ക് അടുത്ത കാലത്തായി കുടിയേറുന്നത് ബംഗ്ലാദേശി പൗരന്മാരാണെന്നും സിറിയൻ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കുടിയേറ്റ ശ്രമങ്ങൾക്കിടെ പല ബോട്ടുകളും പൂർണ്ണമായും അപ്രത്യക്ഷമാകുകയോ കടലിൽ മുങ്ങുകയോ ചെയ്തെന്നും ഇവയെ ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പശ്ചിമാഫ്രിക്കൻ കുടിയേറ്റക്കാരിൽ 1,200 പേർ മരിച്ചപ്പോൾ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് ഏഷ്യയിൽ നിന്നും കുടിയേറിയവരിലാണ്. മ്യാന്മാറിൽ നിന്നും ബംഗ്ലാദേശിൽ നിന്നും കുടിയേറാൻ ശ്രമിച്ച റോഹിംഗ്യൻ കുടിയേറ്റക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഓരോ തവണ പിടിക്കപ്പെടുമ്പോഴും കുടിയേറ്റ പാതകൾ വഴി മാറുന്നു. ഇത് അപകട സാധ്യത കൂട്ടുന്നുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.