Asianet News MalayalamAsianet News Malayalam

സാരി നിരോധിച്ച സിയാ ഉൾ ഹഖിനെതിരെ കറുത്ത സാരിയുടുത്ത് പാട്ടുപാടിയ ഇഖ്‌ബാൽ ബാനോ

കറുത്ത സാരി ഞൊറിഞ്ഞുടുത്തുകൊണ്ട് ആ യുവതി ലാഹോര്‍ സ്റ്റേഡിയത്തില്‍ താൽക്കാലികമായി തയ്യാറാക്കിയ സ്റ്റേജിലേക്ക് നടന്നു കേറുന്നു. അവരുടെ കയ്യിൽ ഫൈസ് അഹമ്മദ് ഫൈസിന്റെ 'ഹം ദേഖേംഗേ..' എന്ന കവിത എഴുതിവെച്ച ഒരു കടലാസുണ്ടായിരുന്നു. അന്ന് അവിടെ തടിച്ചുകൂടിയ അര ലക്ഷത്തോളം ജനങ്ങളെ സാക്ഷി നിര്‍ത്തി..

Iqbal Bano who protested against zia by donning a black saree
Author
Trivandrum, First Published Apr 21, 2019, 10:34 PM IST

എഴുപത്തേഴിൽ ഇന്ത്യ അടിയന്തരാവസ്ഥയില്‍ നിന്നും ഏതാണ്ട് മോചിതമായപ്പോൾ പാകിസ്ഥാൻ അതിലേക്ക്‌ കാലെടുത്ത്‌ വെക്കുന്ന നേരമായിരുന്നു. പട്ടാളത്തലവനായ ജനറല്‍ സിയാ ഉൾ ഹഖ് ,  'ഓപ്പറേഷന്‍ ഫെയര്‍പ്ളേ' എന്ന ഒരു പട്ടാള അട്ടിമറിയിലൂടെ, പാകിസ്ഥാനിലെ ജനപ്രിയ നേതാവായ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ പ്രധാനമന്ത്രിപദത്തിൽ നിന്നും നീക്കുന്നു. തൊണ്ണൂറു ദിവസത്തിനകം തെരഞ്ഞെടുപ്പു നടത്തി പുതിയ സർക്കാരിനെ തിരഞ്ഞെടുക്കും എന്നായിരുന്നു വാദമെങ്കിലും അതുണ്ടായില്ല.  

സ്ഥാനഭ്രഷ്ടനായ സുൾഫിക്കർ അലി ഭൂട്ടോ  നാടൊട്ടുക്കും നടന്ന് ജനങ്ങളെ സംഘടിപ്പിച്ച് പട്ടാള അട്ടിമറിക്കെതിരെ പ്രസംഗങ്ങൾ നടത്തിക്കൊണ്ടിരുന്നു. ജനരോഷം ആളിക്കത്തുന്നതും, ഭൂട്ടോയ്ക്ക് പിന്തുണ ഏറിവരുന്നതും കണ്ടപ്പോൾ ഒടുവിൽ തന്റെ എതിരാളിയെ ഇല്ലാതാക്കാൻ തന്നെ സിയാ ഉൾ ഹഖ് തീരുമാനിച്ചു. 1977 സെപ്തംബർ 3 -ന്, രാഷ്ട്രീയ എതിരാളികളിൽ ഒരാളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചാർത്തി സിയയുടെ പോലീസ്  ഭൂട്ടോയെ അറസ്റ്റു ചെയ്യുന്നു. 

ഒരു വർഷത്തിലധികം നീണ്ടുനിന്ന വിചാരണ എന്ന പ്രഹസനത്തിലൂടെ, വ്യാജ സാക്ഷിമൊഴികളുടെ സഹായത്തോടെ, ഭൂട്ടോ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. ജയിലിലെ വളരെ മോശപ്പെട്ട സാഹചര്യങ്ങളിൽ, കടുത്ത പീഡനങ്ങൾക്ക് വിധേയനായി, കഴിച്ചു കൂട്ടിയ ആ വിചാരണക്കാലയളവ് ഭൂട്ടോയെ ആകെ  പരിക്ഷീണനാക്കി.അദ്ദേഹത്തിന്റെ ശരീരഭാരം ഇരുപതു കിലോയോളം കുറഞ്ഞു. അദ്ദേഹം ജയിലിൽ നിന്നും തന്റെ മകൾ ബേനസീറിന് എഴുതിയ കത്തിൽ ഇങ്ങനെ കുറിച്ചു, " ഞാൻ ആ മനുഷ്യനെ കൊന്നിട്ടില്ല, കൊല്ലാൻ ആർക്കും നിർദ്ദേശവും  നൽകിയിട്ടില്ല. എന്റെ ദൈവത്തിന് അത് കൃത്യമായി അറിയാം. അങ്ങനെ ഒരു കൃത്യം ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അത് തുറന്നു സമ്മതിക്കാനുള്ള ധൈര്യമൊക്കെ എനിക്കുണ്ട്. അങ്ങനെ ഒരു കുറ്റസമ്മതമാണ് വിചാരണ എന്ന പേരിൽ ഇപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനത്തെക്കാൾ ഭേദം. ഞാൻ ഒരു മുസ്ലീമാണ്. ഇസ്‌ലാമിൽ വിശ്വസിക്കുന്ന ഒരാളുടെ വിധി അല്ലാഹുവിന്റെ കരങ്ങളിലാണ്.തെളിഞ്ഞ പ്രജ്ഞയോടെ തന്നെ എനിക്ക് സിയയോട് ഒരു കാര്യം  പറയാനാവും. ഇന്ന് അയാൾ നിയന്ത്രണമേറ്റെടുത്തിരിക്കുന്ന 'ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് പാകിസ്ഥാ'നെ ഞാനാണ് ചാരത്തിൽ നിന്നും ഇന്ന് കാണുന്ന ലോകം ബഹുമാനിക്കുന്ന ഒരു രാഷ്ട്രമാക്കി  വളർത്തിക്കൊണ്ടുവന്നത്. ഖോട്ട് ലഖ്‍പതിലെ ഈ കാരാഗൃഹത്തിലും എന്റെ മനസ്സാക്ഷി അചഞ്ചലമാണ്. എനിക്ക് മരണത്തെ പേടിയില്ല.. ഞാൻ കടന്നുവന്നിട്ടുള്ള നരകത്തീകളെപ്പറ്റി നിനക്ക് അറിയാമല്ലോ.." 

ഈ കത്തെഴുതി അധികം താമസിയാതെ, കൃത്യമായി പറഞ്ഞാൽ 1979  ഏപ്രിൽ 4 ന്  സിയാ ഉൾ ഹഖ്, സുൾഫിക്കർ അലി ഭൂട്ടോയെ കഴുമരത്തിലേറ്റുന്നു. ആ വർഷം തന്നെ തന്റെ അധികാരം ബലപ്പെടുത്താനായി സിയ പരിശുദ്ധ ഖുറാനെ കൂട്ടുപിടിച്ച്‌  'ഹുദൂദ്‌ ഓര്‍ഡിനന്‍സ്‌' പുറപ്പെടുവിക്കുന്നു. എതിരാളികള്‍ക്കുമേല്‍ ഉപയോഗിക്കാനായി എങ്ങനെയും വളച്ചൊടിക്കാവുന്ന 'മതനിന്ദ', 'പരസ്ത്രീഗമനം' പോലെയുള്ള വകുപ്പുകള്‍ അതില്‍ ഉള്‍പ്പെടുത്തുന്നു. ‍. ഭൂട്ടോയുടെ അടുത്ത സ്നേഹിതനായിരുന്നു, സുപ്രസിദ്ധ കവിയും തികഞ്ഞ മാര്‍ക്സിസ്റ്റുമായിരുന്ന ഫൈസ്‌ അഹമ്മെദ്‌ ഫൈസ്‌. ഭൂട്ടോയടക്കമുള്ള പല സുഹ്രുത്തുക്കളുടെയും രാഷ്ട്രീയ കഴുവേറ്റങ്ങള്‍ അദ്ദേഹത്തെ ഏറെ കുപിതനാക്കിയിരുന്നു. സിയക്കെതിരെ പ്രതികരിക്കാന്‍ വീര്‍പ്പുമുട്ടി നിന്ന അക്കാലത്ത്‌ അദ്ദേഹം, 'തീവ്ര മതാഭിനിവേശം' എന്ന സിയയുടെ തന്നെ നയം ഉപയോഗിച്ച്‌ എഴുതിയ കവിതയാണ്‌, ' ഹം ദേഖേംഗേ..' - അതായത്, 'നമുക്ക് കാണാം.. ' എന്ന്. സൃഷ്ടിച്ച ദൈവം മനുഷ്യന്‌ ചിന്തിക്കാന്‍ ഒരു തലച്ചോറും വഴികാട്ടിയായൊരു പുണ്യഗ്രന്ഥവും, അതുപയോഗിച്ച്‌ ഈ ഭൂമിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും തന്നു . പക്ഷേ, അന്ത്യനാളില്‍ ദൈവത്തിന്റെ മുന്നില്‍ നമുക്ക്‌ ഹാജരാവേണ്ടി വരുമെന്നും, ചെയ്തതിനൊക്കെയും അന്ന്  നമുക്ക്‌ ന്യായം ബോധിപ്പിക്കേണ്ടി വരുമെന്നും ആണല്ലോ മതം പറയുന്നത്‌. അതേ നാണയത്തില്‍ തന്നെ സിയയ്ക്കുള്ള മറുപടി നല്‍കുകയാണ്‌ ഫൈസ്‌ കവിതയിലൂടെ.സിയ ഇന്ന് കാണിക്കുന്നതിനെല്ലാം ഖയാമന്നാളിൽ ദൈവത്തിനുമുന്നിൽ മറുപടി നൽകേണ്ടി വരും എന്നാണ് കവിതയിൽ പറയുന്നത്. 
Iqbal Bano who protested against zia by donning a black saree

'ഇഖ്‌ബാൽ ബാനോ ഫൈസ് അഹ്‌മദ്‌  ഫൈസിനൊപ്പം '

ഈ കവിത പ്രതിഷേധത്തിന്റെ പരമകാഷ്ഠ പ്രാപിക്കുന്നത്‌, 1985 - ലാണ്. അക്കൊല്ലമാണ്  നിർബന്ധിത ഇസ്ലാമൈസേഷൻ നയത്തിന്റെ ഭാഗമായി, അന്നുവരെ അവിടത്തെ സ്ത്രീകള്‍ സർവ്വസാധാരണമായി ധരിച്ചുപോന്നിരുന്ന 'സാരി'ക്ക്‌ പാക്കിസ്താനില്‍ നിരോധനമേര്‍പ്പെടുത്തിയത്. 1985  നവംബർ 24 -ന് കറുത്ത സാരി ഞൊറിഞ്ഞുടുത്തുകൊണ്ട് ഒരു യുവതി ലാഹോര്‍ സ്റ്റേഡിയത്തില്‍ താൽക്കാലികമായി തയ്യാറാക്കിയ ഒരു സ്റ്റേജിലേക്ക് നടന്നു കേറുന്നു. അവരുടെ കയ്യിൽ ഫെയ്‌സ് അഹമ്മദ് ഫാസിന്റെ 'ഹം ദേഖേംഗേ..' എന്ന കവിത എഴുതിവെച്ച ഒരു കടലാസുണ്ടായിരുന്നു. അന്ന് അവിടെ തടിച്ചുകൂടിയ അര ലക്ഷത്തോളം ജനങ്ങളെ സാക്ഷി നിര്‍ത്തി, അന്ന് ആ കവിത ഈണമിട്ടു പാടിയ യുവതി പാകിസ്താനിലെ  പ്രസിദ്ധയായൊരു ഗസൽ ഗായികയായിരുന്നു. അവരുടെ പേര് ഇഖ്ബാൽ ബാനോ എന്നായിരുന്നു.  നിരവധി സിനിമാ ഗാനങ്ങളും ഗസലുകളും നസ്മുകളും ഒക്കെ പാടി പാകിസ്ഥാനിലെ ലക്ഷോപലക്ഷം പേരുടെ ഹൃദയങ്ങളിൽ അവർ ഇടം പിടിച്ചിരുന്നു എങ്കിലും, അത് ഒരിക്കലും മായാത്ത രീതിയിൽ അവിടെ കൊത്തി വെക്കപ്പെട്ടത് ഈ ഒരൊറ്റ കവിതാ കവിതാലാപനത്തിന്റെ പേരിലായിരുന്നു. ആ കവിത എഴുതിയ ഫൈസ് അഹമ്മദ് ഫൈസ് അടക്കമുള്ള പല നേതാക്കളും തുറുങ്കിലടക്കപ്പെട്ടിരുന്നു എന്നത് ആ ആലാപനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിച്ചു. 

അന്നത്തെ ആ രാഷ്ട്രീയ സാഹചര്യത്തില്‍ വിക്ഷുബ്ധരായിരുന്ന ജനങ്ങള്‍ ബാനോവിന്റെ സ്വരത്തില്‍ ഈ കവിതയിലെ വരികള്‍ ഉള്ളിലേറ്റുവാങ്ങി 'ഇങ്ക്വിലാബ്‌..' വിളികള്‍ മുഴക്കുകയും പാട്ടിനൊത്ത്‌ ‌ കയ്യടിക്കുകയും ചെയ്യുന്നത്‌ ഈ റെക്കോര്‍ഡിങ്ങില്‍ നമുക്ക്‌ കേള്‍ക്കാം.. ബാനോവിന്റെ ഈ പെർഫോർമൻസ്‌ അന്ന് ഒരു ബൂട്ട് ലെഗ് കാസറ്റിൽ  റെക്കോർഡ്‌ ചെയ്യപ്പെടുകയും തുടർന്ന് അതിന്റെ പ്രതികൾ രാജ്യമെമ്പാടും രഹസ്യമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. സിയാ ഉൾ ഹഖിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധങ്ങൾക്കും പിന്നീട് സുൾഫിക്കർ അലി ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ എന്ന നേതാവിന്റെ ഉയർച്ചയ്ക്കും ഏറെ പ്രചോദനമേകി ഇത്തരത്തിൽ പ്രചരിക്കപ്പെട്ട പാട്ടുകൾ. 

അന്നത്തെ ആ ആലാപനത്തിന്റെ ലൈവ് റെക്കോർഡിങ് : 
 

 1935  ആഗസ്റ്റ് 27  -ന് അവിഭക്ത ഇന്ത്യയിലെ ദില്ലിയിലാണ് ഇഖ്ബാൽ ബാനോവിന്റെ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ ബാനോയ്ക്ക് സംഗീതത്തിൽ അദമ്യമായ താത്പര്യമുണ്ടായിരുന്നു  ബാനോവിന്റെ പിതാവിന്റെ ഒരു സുഹൃത്ത് ഒരിക്കൽ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു; " എന്റെ മക്കൾ തരക്കേടില്ലാതെ പാടും. പക്ഷേ, ബാനോ'വിന്  ദൈവദത്തമായ . സിദ്ധിയുണ്ട്. നീ അവൾക്ക് നല്ലൊരു ഗുരുവിനെ  കണ്ടെത്തി  അഭ്യസിപ്പിച്ചാൽ അവൾ അറിയപ്പെടുന്ന ഒരു .സംഗീതജ്ഞയാവും."  സ്നേഹിതന്റെ ആ ഉപദേശമാണ് തന്റെ മകളെ സംഗീതം ഗൗരവമായി പഠിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. 

ദില്ലി ഘരാനയിലെ ഉസ്താദ് ചാന്ദ് ഖാന്റെ കീഴിലായിരുന്നു ഹിന്ദുസ്ഥാനി പഠനത്തിന്റെ ആരംഭം. അവിടെ നിന്നും ബാനോ ഠുമ്രിയുടെയും ദാദ്‌റയുടെയുമെല്ലാം ബാലപാഠങ്ങൾ അഭ്യസിച്ചു. ചാന്ദ് ഖാന്റെ ശുപാർശയിന്മേലാണ് ബാനോയ്ക്ക്  ആകാശവാണിയിൽ പാട്ടുപാടാൻ ഒരു അവസരം സിദ്ധിക്കുന്നത്. 

1952 -ൽ ബാനോയുടെ പതിനേഴാമത്തെ വയസ്സിൽ പാകിസ്ഥാനിലെ മുൽത്താനിലെ ഒരു ഭൂപ്രഭുവുമായുള്ള അവരുടെ വിവാഹം നടക്കുന്നു. ഭർത്താവിനോട് അവർ ഒരേയൊരു കാര്യത്തിലേ നിർബന്ധം പിടിച്ചുള്ളൂ.  തന്നെ പാടുന്നതിൽ നിന്നും വിലക്കരുത്. സാധിക്കുമെങ്കിൽ പ്രോത്സാഹിപ്പിക്കണം. അദ്ദേഹം വാക്കുപാലിച്ചു. ബാനോവിന് പാകിസ്ഥാനി ചലച്ചിത്രരംഗത്ത് പിന്നണി പാടാനുള്ള അവസരങ്ങൾ അദ്ദേഹം സംഘടിപ്പിച്ചു നൽകി. അമ്പതുകളുടെ ഒടുക്കത്തോടെ തന്നെ ഇഖ്ബാൽ ബാനോ പാക് ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു പിന്നണി ഗായികയായി. ഒപ്പം അറിയപ്പെടുന്ന ഒരു ഗസൽ ഗായികയും. എൺപതിൽ ഭർത്താവിന്റെ മരണശേഷം അവർ മുൽത്താനിൽ നിന്നും ലാഹോറിലേക്ക് താമസം മാറ്റി. 

1985-ൽ  പാകിസ്ഥാനിലെ സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യത്തിൽ ആലപിച്ച 'ഹം ദേഖേംഗേ' എന്ന ആ ഗാനം അവരുടെ ട്രേഡ് മാർക്ക് ഗാനമായി മാറി. അതിനുശേഷം അവർ പങ്കെടുത്ത ഓരോ പരിപാടിയിലും ഇതേ ഗാനം അവർക്ക് നിർബന്ധമായും പാടേണ്ടി വന്നിരുന്നു.എന്നാൽ അന്നത്തെ ആ രാഷ്ട്രീയ പരിപാടിയിലെ ആലാപനത്തിനു ശേഷം ഒരു സർക്കാർ പരിപാടിയിലും അവരെ പങ്കെടുപ്പിച്ചില്ല. റേഡിയോ പാകിസ്താനിലും, പിടിവിയിലും ഒക്കെ അവർക്ക് വിലക്കേർപ്പെടുത്തി. 

വളരെ നിസാരമായ കാര്യങ്ങളുടെ പേരിൽപ്പോലും വിലക്കുകളും  ഭ്രഷ്ടുകളും ഒക്കെ വന്നുപെടുന്ന, തങ്ങളുടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഗായകർ വളരെ സൂക്ഷിച്ചുമാത്രം സംസാരിക്കുകയും പാട്ടുകൾ തിരഞ്ഞെടുക്കുകയും ഒക്കെ ചെയ്യുന്ന ഇക്കാലത്ത്  ഓർത്തിരിക്കേണ്ട ഒരു പേരാണ് ഇഖ്ബാൽ ബാനോവിന്റെത്. സ്വന്തം ജീവൻ വരെ നഷ്ടപ്പെടാമെന്നറിഞ്ഞിട്ടും ഒരു ജനതയുടെ രാഷ്ട്രീയ സംഘർഷങ്ങൾക്ക്  കൂടെപ്പാടാനായി ഒരു വിപ്ലവഗാനം സമ്മാനിച്ച ഈ അനുഗ്രഹീത സ്വരം നിലച്ചിട്ട്  ഇന്നേക്ക് ഒരു ദശാബ്ദം തികയുന്നു. 

Follow Us:
Download App:
  • android
  • ios