ചാമ്പ്യന്‍ഷിപ്പില്‍ സാറ ഇസ്ലാമിക ശിരോവസ്ത്രം ആയ ഹിജാബ് ധരിക്കാതിരുന്നതാണ് ഇറാനിയന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചത്.
ഹിജാബ് ധരിക്കാതെ രാജ്യാന്തര മത്സരത്തില്‍ പങ്കെടുത്തതിന് വ്യാപകമായി ഭീഷണി നേരിടേണ്ടി വന്ന ഇറാനിയന്‍ ചെസ് താരം സാറാ ഖാദെം മല്‍സരശേഷം മടങ്ങിപ്പോയത് സ്‌പെയിനിലേക്ക്. ഇറാനിലേക്ക് ഇനി മടങ്ങി വരേണ്ട എന്നതുള്‍പ്പെടെയുള്ള വ്യാപകമായ ഭീഷണി സന്ദേശങ്ങളും മുന്നറിയിപ്പുകളും ഉണ്ടായതിനെ തുടര്‍ന്നാണ് സാറ ജന്‍മനാട്ടിലേക്ക് മടങ്ങിപ്പോവാതിരുന്നത്. ചൊവ്വാഴ്ച ഇവര്‍ സ്‌പെയിനില്‍ എത്തിയതാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എഫ് ഐ ഡി ഇ വേള്‍ഡ് റാപ്പിഡ്, ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആണ് 25 -കാരിയായ സാറ മത്സരിച്ചത്. കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സാറ ഇസ്ലാമിക ശിരോവസ്ത്രം ആയ ഹിജാബ് ധരിക്കാതിരുന്നതാണ് ഇറാനിയന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചത്. ഇറാനില്‍ സ്ത്രീകള്‍ ഹിജാബ് നിര്‍ബന്ധമായും ധരിക്കണം എന്ന് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഇതിനെതിരായ പ്രക്ഷോഭങ്ങള്‍ മാസങ്ങളായി രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും നിയമത്തില്‍ യാതൊരു ഇളവുകളും ഇതുവരെയും ഇറാനിയന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ വെബ്സൈറ്റ് അനുസരിച്ച്, ആഗോള റാങ്കിംഗില്‍ 804-ാം സ്ഥാനമാണ് സാറയ്ക്കുള്ളത്. ഡിസംബര്‍ 25 മുതല്‍ 30 വരെ നടന്ന ഇവന്റില്‍ റാപ്പിഡ്, ബ്ലിറ്റ്‌സ് മത്സരങ്ങളില്‍ സാറ മത്സരിച്ചിരുന്നു. മത്സരത്തില്‍ പങ്കെടുത്തശേഷം നാട്ടിലേക്ക് മടങ്ങി വരരുത് എന്ന് ഭീഷണിപ്പെടുത്തി നിരവധി ഫോണ്‍ സന്ദേശങ്ങള്‍ സാറയ്ക്ക് ലഭിച്ചു എന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സാറയുടെ ഒരു സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ഇറാനിയന്‍ വംശജരായ അവളുടെ മാതാപിതാക്കള്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു എന്ന് സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാസങ്ങളായി പശ്ചിമേഷ്യന്‍ രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമായി തുടരുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എതിര്‍ക്കുന്നവരെ തട്ടിക്കൊണ്ടുപോയും തടവിലിട്ടും കൊലപ്പെടുത്തിയും ഒക്കെയാണ്ഇറാന്‍ സര്‍ക്കാര്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്.
എന്നാല്‍, ഇറാനിലേക്ക് മടങ്ങില്ലെന്ന വാര്‍ത്തകള്‍ സാറ നേരത്തെ നിഷേധിച്ചിരുന്നു. വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടയില്‍ സാറ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ച പോസ്റ്റിലായിരുന്നു ഈ പരാമര്‍ശം. സാറയുടെ ആ നിലപാടാണ് പിന്നീട് മാറിയത്.
പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്:
എന്റെ ഗര്‍ഭധാരണവും പത്തുമാസം പ്രായമുള്ള മകന്‍ സാമിന്റെ ജനനവും കാരണം ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ പങ്കെടുത്ത ആദ്യത്തെ ലോകമത്സരമായിരുന്നു ഇത്. ഞാന്‍ ഒരു അഭയാര്‍ത്ഥിയായി മാറുന്നതിനെക്കുറിച്ച് കിംവദന്തികള്‍ ഉണ്ട്, . ഞാന്‍ പറയട്ടെ, ഒരു രാജ്യത്തിന്റെയും അഭയാര്‍ത്ഥിയായി ഞാന്‍ മാറിയിട്ടില്ല!
യഥാര്‍ത്ഥത്തില്‍ അതിന്റെ ആവശ്യമില്ല, വര്‍ഷങ്ങളായി, ഈ മേഖലയിലെ എന്റെ വിജയവും എന്റെ ഭര്‍ത്താവിന്റെ ബഹുരാഷ്ട്രത്വവും കാരണം, റെസിഡന്‍സി നേടുന്നതിനെക്കുറിച്ച് എനിക്ക് ആശങ്കകളൊന്നും ഇല്ല. ഞങ്ങളുടെ കുടിയേറ്റ പ്രശ്‌നം കുടുംബത്തിന്റെ തീരുമാനമാണ്, രാഷ്ട്രീയമല്ല. ഇറാന്‍ ഇപ്പോഴും ഞങ്ങളുടെ ആദ്യത്തെ വീടാണ്, ഞങ്ങള്‍ തീര്‍ച്ചയായും ശരിയായ സമയത്ത് ഇറാനിലേക്ക് മടങ്ങും.
