Asianet News MalayalamAsianet News Malayalam

ഇറാനിലെ സ്ത്രീകളുടെ പോരാട്ടത്തെ ആദരിച്ച് ടൈം മാഗസിന്‍; 'ഹീറോസ് ഓഫ് ദ ഇയര്‍' ആയി ഇറാന്‍ സ്ത്രീകള്‍

ഇതോടെ ശക്തമായ പ്രതിഷേധ സമരങ്ങളും ഉണ്ടായി. സ്ത്രീകളാണ് സമരങ്ങള്‍ക്ക് തുടക്കം കുറിച്ചതെങ്കിലും ഒട്ടേറെ പുരുഷന്മാരും അവര്‍ക്കൊപ്പം സമരത്തിനിറങ്ങി. ഇറാന്‍ അമേരിക്കയോട് തോറ്റപ്പോള്‍ ഇറാനിലെ ജനങ്ങള്‍ ആ പരാജയം ആഘോഷിച്ച് കൊണ്ടാണ് തങ്ങളുടെ സര്‍ക്കാരിനോട് പ്രതിഷേധിച്ചത്. 

Iranian women are the times Heroes of the Year 2022
Author
First Published Dec 9, 2022, 10:50 AM IST

ടൈം മാഗസിന്‍ 2022 -ലെ 'ഹീറോസ് ഓഫ് ദ ഇയര്‍' ആയി ഇറാനിലെ സ്ത്രീകളെ തെരഞ്ഞെടുത്തു. അവകാശങ്ങള്‍ക്ക് വേണ്ടി ഇറാനിലെ സ്ത്രീകള്‍ നടത്തിയ പോരാട്ടമാണ് അവരെ ഈ അംഗീകാരത്തിന് അര്‍ഹരാക്കിയത്. അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് അവര്‍ പോരാടിയത്. ഒപ്പം ഇറാനിലെ സര്‍ക്കാരും മതപൊലീസും നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ അവര്‍ ശബ്ദമുയര്‍ത്തുകയും ചെയ്തുവെന്ന് ടൈം വ്യക്തമാക്കി. 

കുര്‍ദ്ദിഷ് സ്ത്രീയായ മഹ്‍സ അമിനിയുടെ ദാരുണമായ മരണത്തെ തുടര്‍ന്നാണ് ഇറാന്‍ വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഇറാനിലെ മത പൊലീസ്, ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത 22 -കാരിയായ അമിനി പിന്നീട് മരണപ്പെടുകയായിരുന്നു. ഇത് വലിയ തരത്തിലുള്ള രോഷത്തിന് ഇടയാക്കി. ഇതോടെ ശക്തമായ പ്രതിഷേധ സമരങ്ങളും ഉണ്ടായി. സ്ത്രീകളാണ് സമരങ്ങള്‍ക്ക് തുടക്കം കുറിച്ചതെങ്കിലും ഒട്ടേറെ പുരുഷന്മാരും അവര്‍ക്കൊപ്പം സമരത്തിനിറങ്ങി. ഇറാന്‍ അമേരിക്കയോട് തോറ്റപ്പോള്‍ ഇറാനിലെ ജനങ്ങള്‍ ആ പരാജയം ആഘോഷിച്ച് കൊണ്ടാണ് തങ്ങളുടെ സര്‍ക്കാരിനോട് പ്രതിഷേധിച്ചത്. 

1979 -ലെ ഇസ്ലാമിക് റെവല്യൂഷന് ശേഷം കണ്ട ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി ഇത് മാറി. നൂറുകണക്കിന് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. അതില്‍ പ്രായപൂര്‍ത്തിയാകാത്തവരും പെടുന്നു. 18000 -ത്തിലധികം ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

ഇറാനിയൻ വനിതകളെ ആദരിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ചും ടൈം മാഗസിൻ വിശദീകരിച്ചു. ഇറാനിലെ സ്ത്രീകളുടെ പോരാട്ടം കാണിക്കുന്നത് അവർ വിദ്യാസമ്പന്നരും ലിബറലും മതേതരമായി ചിന്തിക്കുന്നവരും ഒക്കെ ആണെന്നാണ്. മുന്‍തലമുറയിലെ സ്ത്രീകളില്‍ നിന്നും അവര്‍ വ്യത്യസ്‍തരാണ് എന്നും അതിലൂടെ വെളിപ്പെടുന്നു എന്നും ടൈം മാഗസിന്‍ പറഞ്ഞു. 

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി യുക്രൈന്‍ പ്രസിഡന്‍റ്  വ്ലോദിമിര്‍ സെലന്‍സ്കിയെയും യുക്രൈന്‍റെ പോരാട്ടവീര്യത്തെയും തെരഞ്ഞെടുത്തിരുന്നു. 

Follow Us:
Download App:
  • android
  • ios