അയർലണ്ടിന്റെ 18 -ാമത്തെ യൂറോ മില്യൺസ് ജാക്ക്‌പോട്ട് വിജയിയാണ് ഇയാൾ. മാത്രമല്ല, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വിജയവുമാണിത്.
ലോട്ടറി അടിക്കുക എന്നാൽ ഭാഗ്യമാണ് എന്ന് പറയാറുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും ലോട്ടറി അടിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യർ ചുരുക്കമായിരിക്കും. ലോട്ടറി അടിക്കലൊരു ഭാഗ്യമാണെങ്കിൽ ഈ ലോട്ടറി അടിച്ചിരിക്കുന്നവർ ഭാഗ്യവാന്മാരിൽ ഭാഗ്യവാനാണ് എന്ന് പറയേണ്ടി വരും.
അയർലണ്ടിൽ നിന്നുള്ള ഒരു ടിക്കറ്റിന് അടിച്ചിരിക്കുന്നത് പത്തോ, ഇരുപതോ കോടിയൊന്നും അല്ല. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ്. 208 മില്യൺ പൗണ്ട് അതായത് ഏകദേശം 2,120 കോടി രൂപ.
ഐറിഷ് നാഷണൽ ലോട്ടറി വഴിയാണ് ഈ ടിക്കറ്റ് എടുത്തയാളുടെ ജീവിതം എന്നേക്കുമായി മാറാൻ പോകുന്നത്. എന്നാൽ, രസകരമായ കാര്യം ഇതൊന്നുമല്ല. രണ്ടാഴ്ച ആയിട്ടും ഈ ലോട്ടറിയുമായി ഒരാളും സമീപിച്ചില്ല എന്നതാണ്. അതോടെ ഐറിഷ് നാഷണൽ ലോട്ടറി ചീഫ് എക്സിക്യൂട്ടീവ് സിയാൻ മർഫി ആളുകളോട് ആവശ്യപ്പെട്ടത് നിങ്ങളുടെ യൂറോ മില്യൺസ് ടിക്കറ്റുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കൂ എന്നാണ്.
ഈ തുക കയ്യിൽ കിട്ടുന്നയാൾ ഇവിടെയുള്ള 115 മില്ല്യൺ പൗണ്ട് ആസ്തിയുള്ള ഫുട്ബോൾ താരം ഹാരി കെയ്ൻ, 110 മില്ല്യൺ പൗണ്ട് ആസ്തിയുള്ള പോപ്പ് താരം ദുവ ലിപ തുടങ്ങിയ സെലിബ്രിറ്റികളേക്കാളും ആസ്തിയുള്ള ആളായി മാറും.
ദെ മെട്രോയുടെ റിപ്പോർട്ടുകൾ പ്രകാരം അയർലണ്ടിന്റെ 18 -ാമത്തെ യൂറോ മില്യൺസ് ജാക്ക്‌പോട്ട് വിജയിയാണ് ഇയാൾ. മാത്രമല്ല, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വിജയവുമാണിത്. ടിക്കറ്റ് എടുത്തിരിക്കുന്നവരെല്ലാം തങ്ങളുടെ ടിക്കറ്റ് നമ്പറുകൾ പരിശോധിക്കുക, വിജയം നേടിയ ടിക്കറ്റാണെങ്കിൽ പിന്നിൽ പേരെഴുതുക, സുരക്ഷിതമായി ടിക്കറ്റ് സൂക്ഷിക്കുക, നാഷണൽ ലോട്ടറി ഹെഡ്ക്വാർട്ടേഴ്സുമായി ബന്ധപ്പെടുക, ബാക്കിയെന്താണ് ചെയ്യേണ്ടത് എന്നതിന് അവിടെ നിന്നും സഹായം ലഭിക്കുമെന്നും അധികൃതർ പറയുന്നു.
എന്നാലിപ്പോള്‍ ആരാണ് ഈ ലോട്ടറി വിറ്റത് എന്ന് കണ്ടെത്തിയതായി അധികൃതര്‍ പറയുന്നുണ്ട്. ഇത്രയും വലിയ തുക കിട്ടിയതിന്‍റെ ഷോക്ക് മാറിയിട്ട് സമീപിച്ചാല്‍ മതി, സമയമെടുത്തോളൂ എന്നും അധികൃതര്‍ പറയുന്നു.


