വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഈ പോസ്റ്റിൽ ഹിമാൻഷു കൽറ പറയുന്നത്, 1970 -ൽ ഒരു മധ്യവർഗ കുടുംബത്തിന്റെ ജീവിതം താരതമ്യേന സുരക്ഷിതമായിരുന്നു എന്നാണ്.
ഇന്ത്യയിലെ ഒരു മധ്യവർഗക്കാരന്റെ ജീവിതം എങ്ങനെയാണ് മാറായിരിക്കുന്നത്? 1970 -ലെയും 2025 -ലെയും സാഹചര്യങ്ങൾ എങ്ങനെ മാറി എന്ന് വിലയിരുത്തുകയാണ് ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റ്. ദില്ലിയിൽ നിന്നുള്ള ഒരാളാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഈ പോസ്റ്റിൽ ഹിമാൻഷു കൽറ പറയുന്നത്, 1970 -ൽ ഒരു മധ്യവർഗ കുടുംബത്തിന്റെ ജീവിതം താരതമ്യേന സുരക്ഷിതമായിരുന്നു എന്നാണ്. ഒരാൾ കോളേജിൽ പോകുന്നു, ബിരുദം നേടുന്നു, എന്തെങ്കിലും തൊഴിലിൽ പ്രാവീണ്യം നേടുന്നു, നല്ല ശമ്പളമുള്ള ജോലി നേടിയ ശേഷം ഒരു വീട് വാങ്ങുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. പലപ്പോഴും മൂന്ന് കുട്ടികളുള്ള ഒരു കുടുംബമായിരിക്കും അത്. എല്ലാം കൊണ്ടും ജീവിതം സെറ്റാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്.
എന്നാൽ, 2025 -ലെ അവസ്ഥ ഇതല്ല. മില്ല്യൺ കണക്കിന് ആളുകളുമായിട്ടാണ് കോളേജിൽ ചേരുന്നതിന് തന്നെ മത്സരിക്കേണ്ടത്. പിന്നീട്, വിദ്യാഭ്യാസ ലോൺ എടുത്താണ് ജീവിതം ആരംഭിക്കുന്നത് തന്നെ. ഒരു ബിരുദം കൊണ്ട് കാര്യമില്ല. ആ കഴിവുകളൊക്കെ രണ്ട് കൊല്ലത്തിനിടയിൽ ആവശ്യമില്ലാത്തതായി മാറും. ജോലിയിലുള്ള മത്സരമോ എന്നത്തേക്കാളും കൂടുതലാണ് ഇപ്പോൾ. വിവാഹം കഴിക്കാനും കുട്ടികളെ വളർത്താനും സാഹചര്യമുള്ളവർക്ക് പോലും ദമ്പതികളിൽ രണ്ടുപേരും ജോലിക്ക് പോകണം എന്നതാണ് അവസ്ഥ. മാനസികാരോഗ്യം സ്വയം കണ്ടെത്തേണ്ടുന്ന ഒന്നായി മാറിയിരിക്കുന്നു എന്നും അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണ് എന്നാണ് ഏറെ പേർക്കും പറയാനുണ്ടായിരുന്നത്. ഇന്നത്തെ ഒരു മധ്യവർഗക്കാരന്റെ ജീവിതം കൂടുതൽ അസ്ഥിരമാണ് എന്നും സാമ്പത്തികമായ പ്രതിസന്ധികളിൽ കൂടിയും മാനസികമായ സമ്മർദ്ദങ്ങളിൽ കൂടിയുമാണ് പലരും കടന്നു പോകുന്നത് എന്നും പലരും അഭിപ്രായപ്പെട്ടു.
(ചിത്രം പ്രതീകാത്മകം)


