'ദീപാവലി സമ്മാനത്തിന് തന്റെ ഇന്ത്യക്കാരിയായ അമ്മയോട് ഹിന്ദിയിൽ നന്ദി പറയുന്ന എന്റെ ഐറിഷ് കാമുകൻ' എന്ന വാചകത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത് തന്നെ.
അതിമനോഹരമായ ഒരു ദീപാവലി വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു ഐറിഷ് യുവാവ് തന്റെ ഇന്ത്യക്കാരിയായ കാമുകിയുടെ അമ്മയോട് ദീപാവലി സമ്മാനം നൽകിയതിന് നന്ദി പറയുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, വീഡിയോയെ മനോഹരമാക്കുന്നത് ഹിന്ദിയിലാണ് യുവാവ് നന്ദി പറയാൻ ശ്രമിക്കുന്നത് എന്നതാണ്. കണ്ടന്റ് ക്രിയേറ്ററായ സംസ്‌കൃതി എന്ന യുവതിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ചില നിമിഷങ്ങൾക്ക് വിവർത്തനത്തിന്റെ ആവശ്യമില്ല' എന്ന ക്യാപ്ഷനോടെയാണ് സംസ്കൃതി വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ യുവതിയുടെ കാമുകൻ അമ്മയെ ഫോൺ വിളിക്കുന്നത് കാണാം.
'ദീപാവലി സമ്മാനത്തിന് തന്റെ ഇന്ത്യക്കാരിയായ അമ്മയോട് ഹിന്ദിയിൽ നന്ദി പറയുന്ന എന്റെ ഐറിഷ് കാമുകൻ' എന്ന വാചകത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത് തന്നെ. സംസ്കൃതിയുടെ കാമുകനായ ഡാരൻ അവളുടെ അമ്മയോട് ഫോണിൽ സംസാരിക്കുകയാണ്. 'കൈസേ ഹോ?' (സുഖമാണോ?) എന്നാണ് ആദ്യം തന്നെ ചോദിക്കുന്നത്. തുടർന്ന്, 'ആപ്കെ പാർസൽ മിലാ, ശുക്രിയ' (നിങ്ങൾ അയച്ച പാർസൽ കിട്ടി, നന്ദി) എന്നും പറയുന്നത് കേൾക്കാം.
പിന്നീട് ഇംഗ്ലീഷിലും തന്റെ ആഹ്ലാദം അറിയിക്കുകയും നന്ദി പറയുകയും ചെയ്യുന്നുണ്ട് യുവാവ്. ആ സമ്മാനം വളരെ നല്ലതാണ് എന്നും ഡാരൻ പറയുന്നു. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. 'സംസ്കൃതിയുടെ കാമുകന്റെ പരിശ്രമം അഭിനന്ദിക്കപ്പെട്ടേ മതിയാവൂ' എന്നാണ് പലരും വീഡിയോയുടെ കമന്റിൽ കുറിച്ചിരിക്കുന്നത്.
അതുപോലെ, ഉത്തർ പ്രദേശിൽ നിന്നും ദീപാവലിക്ക് പ്രായമായ ഒരു കച്ചവടക്കാരിയുടെ കയ്യിൽ നിന്നും വിറ്റുതീരാത്ത ദീപമെല്ലാം വാങ്ങുന്ന പൊലീസുകാരുടെ ദൃശ്യങ്ങളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.


