തന്നെ മുൻഭാര്യ എന്ന് വിശേഷിപ്പിക്കരുത്, 16-ാം വയസ്സിൽ മലേഷ്യൻ രാജകുമാരനായ തെങ്കു ഫക്രിയെ വിവാഹം കഴിച്ചത് തന്‍റെ സമ്മതപ്രകാരമല്ലെന്ന് മോഡൽ മനോഹര ഒഡെലിയ. താൻ നേരിട്ടത് ക്രൂരമായ ലൈംഗിക, ശാരീരിക പീഡനങ്ങളാണെന്നും മനോഹര വെളിപ്പെടുത്തുന്നു.
2008 -ലാണ് മലേഷ്യൻ രാജകുമാരനായ തെങ്കു ഫക്രി ഇന്തോനേഷ്യൻ-അമേരിക്കൻ മോഡലായ മനോഹര ഒഡെലിയയെ വിവാഹം കഴിച്ചത്. വിവാഹസമയത്ത് മനോഹരയ്ക്ക് വെറും 16 വയസ്സായിരുന്നു പ്രായം. ഭർത്താവിൽ നിന്ന് താൻ ദിവസേനയുള്ള ലൈംഗിക പീഡനവും ശാരീരികമായ അതിക്രമങ്ങളും നേരിടുന്നുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഒരു വർഷത്തിനുശേഷം അവർ ഇന്തോനേഷ്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇപ്പോഴിതാ, തന്നെ അയാളുടെ മുൻ ഭാര്യ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ അവർ ഷെയർ ചെയ്ത പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ആ ബന്ധം ഒരിക്കലും പരസ്പര സമ്മതത്തോടെയുള്ളതായിരുന്നില്ലെന്നും, വിവാഹം നിയമപരമല്ലെന്നുമാണ് അവർ പറഞ്ഞിരിക്കുന്നത്.
ഇപ്പോൾ 33 -കാരിയായ മനോഹര പറയുന്നത്, ആ സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാണ്. തനിക്ക് 16 വയസ് മാത്രമായിരുന്നു അന്ന് പ്രായം. മാധ്യമങ്ങൾ തന്നെ കുറിച്ച് എഴുതുമ്പോൾ തെങ്കു ഫക്രിയുടെ മുൻഭാര്യ എന്ന വാക്ക് ഉപയോഗിക്കരുത് എന്നും അവർ പറയുന്നു. തെങ്കുവിന്റെയും മനോഹരയുടെയും വിവാഹം അന്നുതന്നെ വിവാദമായി മാറിയിരുന്ന ഒന്നായിരുന്നു.
കെലന്തനിൽ താമസിക്കുന്ന കാലത്ത് താൻ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾക്കും ഏകാന്തവാസമടക്കമുള്ള ക്രൂരതകൾക്കും ഇരയായതായി മനോഹര പിന്നീട് ആരോപിച്ചിരുന്നു. എവിടെയും പോകാൻ തനിക്ക് അനുവാദമില്ലായിരുന്നു, തന്റെ കുടുംബത്തോടുപോലും അധികം സംസാരിക്കാൻ തനിക്ക് അനുവാദമുണ്ടായിരുന്നില്ല എന്നും അവൾ പറയുന്നു. 'ലൈംഗിക പീഡനവും ഉപദ്രവവും അന്നെനിക്ക് നിത്യസംഭവമായിരുന്നു' എന്ന് മനോഹര പിന്നീട് ഇന്തോനേഷ്യൻ വാർത്താ മാധ്യമമായ 'ഡെറ്റിക്കി'നോട് പറഞ്ഞതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 'എപ്പോഴൊക്കെ എനിക്ക് ലൈംഗികബന്ധത്തിന് താല്പര്യമില്ലാതിരുന്നോ, അപ്പോഴൊക്കെ അയാള്‍ എന്നെ ഉപദ്രവിക്കുമായിരുന്നു' എന്നും അവർ വെളിപ്പെടുത്തി.
2009 -ൽ, രാജകുടുംബത്തോടൊപ്പമുള്ള ഒരു യാത്രയ്ക്കിടെ സിംഗപ്പൂരിലെ ഒരു ഹോട്ടലിൽ നിന്ന് മനോഹര അതിനാടകീയമായി ഇന്തോനേഷ്യയിലേക്ക് കടക്കുകയായിരുന്നു. തന്റെ അമ്മയുടെയും, പൊലീസിന്റെയും, യുഎസ് എംബസി ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് അവർ അവിടെ നിന്നും കടന്നത്. ഇപ്പോഴിതാ, മനോഹര ഷെയർ ചെയ്തിരിക്കുന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ 'ഇന്തോനേഷ്യൻ മാധ്യമങ്ങളോട്' എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പിൽ തനിക്ക് പ്രായപൂർത്തിപോലും ആകാത്ത പ്രായത്തിൽ നടന്നൊരു വിവാഹത്തിന്റെ പേരിൽ വർഷങ്ങളോളം അയാളുടെ മുൻ ഭാര്യ എന്ന് ഉപയോഗിച്ചുപോന്നു, അത് ചെയ്യരുത് എന്ന് മനോഹര പറഞ്ഞിരിക്കയാണ്.
