അല്പം ദൂരെ നിന്നും പകർത്തിയിരിക്കുന്ന ഈ വീഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി.

നാടെങ്ങും ദീപാവലി ഒരുക്കങ്ങളിലും ആഘോഷങ്ങളിലുമാണ്. വീടുകൾ അലങ്കരിച്ചും പടക്കം പൊട്ടിച്ചും ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ജനങ്ങൾ. ഒരു ദീപാവലി അലങ്കാരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ 23 മില്ല്യണിലധികം ആളുകൾ കണ്ട് തരം​ഗമായി തീർന്നിരിക്കുന്നത്. അപ്പോൾ നമ്മൾ കരുതും അത് ഒരു ഒന്നൊന്നര ദീപാവലി അലങ്കാരമായിരിക്കും എന്ന്. എന്നാൽ, അതങ്ങനെയല്ല എന്ന് വീഡിയോയുടെ അവസാനം വരെ കാണുമ്പോൾ മനസിലാവും. വീഡിയോയിൽ കാണുന്നത് ന​ഗരത്തിലെ വിവിധ ബഹുനിലകെട്ടിടങ്ങളിൽ ബൾബുമാലകളിട്ട് ആളുകൾ അലങ്കരിച്ചിരിക്കുന്നതാണ്. എന്നാൽ, ഓരോ കെട്ടിടത്തിലൂടെയും ഓരോ ബാൽക്കണിയിലൂടെയും സഞ്ചരിക്കുന്ന ക്യാമറ അവസാനം ഒരു ബാൽക്കണിയിൽ എത്തിച്ചേരുന്നു.

എല്ലായിടത്തും നിറയെ ബൾബുമാലകളും വെളിച്ചങ്ങളുമാണെങ്കിൽ ആ ബാൽക്കണയിൽ കാണുന്നത്. പച്ചനിറത്തിലുള്ള ഒരൊറ്റ ചെറിയ ബൾബുമാല ഇട്ടിരിക്കുന്നതാണ്. 'ലോ ബജറ്റ് ദീപാവലി ഡെക്കറേഷൻ' എന്നാണ് സോഷ്യൽ മീഡിയയിൽ നെറ്റിസൺസ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അല്പം ദൂരെ നിന്നും പകർത്തിയിരിക്കുന്ന ഈ വീഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. എന്തായാലും, 'വീഡിയോയുടെ അവസാനം വരെ കാണണം' എന്ന് ആദ്യമേ വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തപ്പോൾ തന്നെ മില്ല്യൺ കണക്കിന് വ്യൂസുമായി അങ്ങ് വൈറലായി മാറി.

View post on Instagram

നോയിഡയിൽ നിന്നുള്ള വ്ലോ​ഗറായ കരുൺ ലക്ഷ്യയാണ് വീഡിയോ ഷെയർ ചെയ്തത്. 'മാഡി' എന്നറിയപ്പെടുന്ന വ്ലോ​ഗർ ചിരിയടക്കാനാവാതെയാണ് ഡെക്കറേഷൻ‌റെ വീഡിയോ ഷെയർ ചെയ്തത്. 'ഒരു മടിപിടിച്ച യുവാവിന്റെ ദീപാവലി അലങ്കാരം' എന്നും പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്തായാലും, വീഡിയോ വൈറലായി മാറിയതോടെ മാഡിയും ഭാര്യയും കുറച്ച് ലൈറ്റുകൾ ദീപാവലി സമ്മാനമായി കരുതി ആ അപാർട്മെന്റിൽ കയറിച്ചെന്നു. ഡോർബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് ഒരു യുവാവായിരുന്നു. മാഡിയെ കണ്ടതോടെ യുവാവ് ചിരിക്കാൻ തുടങ്ങി. കാരണം അയാളും തന്റെ ബാൽക്കണിയിലെ ലൈറ്റ് വൈറലായത് അറിഞ്ഞിരുന്നു. യാഗേശ്വർ എന്നായിരുന്നു യുവാവിന്റെ പേര്. യുവാവ് പറഞ്ഞത്, വർഷത്തിൽ 12 മാസവും ബാൽക്കണിയിൽ ആ പച്ച ലൈറ്റുകൾ അങ്ങനെ തന്നെയുള്ളതാണ് എന്നും പുതുതായി നടത്തിയ ദീപാവലി അലങ്കാരമല്ല എന്നുമാണ്. മാത്രമല്ല, അവിടെ ചെടികൾ ഉള്ളതുകൊണ്ടാണ് താനും തന്റെ ഫ്ലാറ്റ്മേറ്റുകളും അവിടെ ലൈറ്റുകൾ വയ്ക്കാതിരുന്നത് എന്നും യാഗേശ്വർ പറഞ്ഞു.

എന്തായാലും, വൈറലായ വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റുകളുമായി എത്തിയത്. 'കുറഞ്ഞത് അദ്ദേഹം ദീപാവലി ഡെക്കറേഷൻ ഒരുക്കുകയെങ്കിലും ചെയ്തല്ലോ' എന്നായിരുന്നു ഒരു യൂസർ അഭിപ്രായപ്പെട്ടത്. മറ്റ് ചിലർ പറഞ്ഞത്, 'യുവാവ് വർക്ക് ഫ്രം ഹോം ജീവനക്കാരനായിരിക്കും' എന്നാണ്. യാ​ഗേശ്വറിനെ സമ്മാനവുമായി ചെന്ന് കാണുന്ന വീഡിയോയും മാഡി ഷെയർ ചെയ്തിട്ടുണ്ട്.

View post on Instagram