ബ്രസൽസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടവും പ്രതിമകളും പൈതൃക പട്ടികയിൽ ഉൾപ്പെട്ടതാണെന്ന് പുനരുദ്ധാരണത്തിന്റെ പ്രോജക്ട് മാനേജർ നെൽ വണ്ടെവെനെറ്റ് പറഞ്ഞു.

ബ്രസൽസിൽ അടുത്തിടെ പുനഃസ്ഥാപിച്ച പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രതിമയ്ക്ക് കേടുപാടുകൾ വരുത്തിയതിന് ബെൽജിയത്തിലെത്തിയ ഐറിഷ് വിനോദസഞ്ചാരിയെ അറസ്റ്റ് ചെയ്തു. 19,000 ഡോളറിന്റെ നാശനഷ്ടം ആണ് ഇയാൾ വരുത്തിയതായി കണക്കാക്കിയിരിക്കുന്നത്. 15.83 ലക്ഷം ഇന്ത്യൻ രൂപ വരും ഇത്.

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അമിതമായി മദ്യപിച്ചെത്തിയ വിനോദസഞ്ചാരിയായ യുവാവാണ് ബെൽജിയത്തിലെ ബ്രസൽസ് സ്റ്റോക്ക് എക്സ്ചേഞ്ചിന് മുൻപിൽ സ്ഥാപിച്ച സിംഹപ്രതിമയ്ക്ക് കേടുപാടുകൾ വരുത്തിയത്. ഇയാൾ പ്രതിമയുടെ മുകളിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ അതിൻറെ ഒരു ഭാഗം അടർന്നു താഴെ വീഴുകയായിരുന്നു.

150 മില്യൺ ഡോളറിന്റെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി അടുത്തിടെ പുനഃസ്ഥാപിച്ച രണ്ടെണ്ണത്തിൽ ഒന്നാണ് സിംഹത്തിനരികിൽ ടോർച്ചുമായി നിൽക്കുന്ന ഒരു മനുഷ്യനെ അവതരിപ്പിക്കുന്ന പ്രതിമ. യുവാവ് കയറാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിമയുടെ ടോർച്ച് പിടിച്ചിരുന്ന കൈയുടെ ഭാഗമാണ് അടർന്നു താഴെ വീഴുകയും പൂർണ്ണമായും തകരുകയും ചെയ്തത്. ഇതിൻറെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

ദ ബോഴ്‌സ് എന്നറിയപ്പെടുന്ന ഈ പ്രതിമ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും പുനസ്ഥാപിച്ച് ഒരു ദിവസം മാത്രം പിന്നിട്ടപ്പോഴാണ് വീണ്ടും ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചത്. സമീപത്തെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ വെച്ചാണ് കാരണക്കാരനായ വിനോദസഞ്ചാരിയെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താൻ വരുത്തിയ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് അറിയില്ലെന്ന് ടൂറിസ്റ്റ് പൊലീസിനോട് പറഞ്ഞു.

Scroll to load tweet…

ബ്രസൽസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടവും പ്രതിമകളും പൈതൃക പട്ടികയിൽ ഉൾപ്പെട്ടതാണെന്ന് പുനരുദ്ധാരണത്തിന്റെ പ്രോജക്ട് മാനേജർ നെൽ വണ്ടെവെനെറ്റ് പറഞ്ഞു. അറ്റകുറ്റപ്പണികൾ വേഗത്തിൽ നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും പക്ഷേ എന്തുതന്നെയായാലും ഇതിന് ഏതാനും ആഴ്ചകൾ വേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു.