ലോകത്തിനാകെ പ്രതീക്ഷകള്‍ നല്‍കിയ മ്യാന്‍മറിലെ ആങ് സാന്‍ സ്യൂചി ഒരു വ്യാജബിംബമായിരുന്നോ? സൈനിക ഭരണകൂടത്തിന്റെ പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ ഒരു വിശകലനം.ഡെന്നി തോമസ് വട്ടക്കുന്നേല്‍ എഴുതുന്ന പരമ്പര അവസാനിക്കുന്നു  

തെരുവില്‍ നിറഞ്ഞു നിന്ന സമരനായികയായ സ്യൂചി എന്ന ഗാന്ധിമാര്‍ഗിക്ക് ഭരണമാളികയില്‍ എത്തിയപ്പോള്‍ എന്താണ് സംഭവിച്ചത്? കലാപ സമയത്ത് സ്യൂചി പുലര്‍ത്തിയ നിശ്ശബ്ദത അര്‍ത്ഥമാക്കുന്നതെന്താണ്? 25 ശതമാനം പാര്‍ലമെന്റ് സീറ്റുകളില്‍ പട്ടാളം നിര്‍ദ്ദേശിക്കുന്ന വ്യക്തികള്‍ക്കുള്ള അവകാശവും പട്ടാള നിയന്ത്രണത്തിലുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ പാര്‍ലമെന്റിലെ സജീവ സാന്നിധ്യവും അടക്കം കാരണങ്ങള്‍ പലതാണ്. എക്കാലവും അസ്ഥിരതയില്‍ ആടിയുലഞ്ഞുനില്‍ക്കുന്ന പാര്‍ലമെന്റ് സംവിധാനം, ആഭ്യന്തരവും പ്രതിരോധവും ഉള്‍പ്പെടെയുള്ള പ്രധാന അധികാരങ്ങള്‍ പട്ടാള വിഭാഗം പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന ഭരണ സംവിധാനം, സ്റ്റേറ്റ് കൗണ്‍സിലര്‍ എന്ന പദവിയില്‍ അധികാര മോഹത്തിന്റെ ദൗര്‍ബല്യത്താല്‍ ഉപവിഷ്ടയായത്, ആ അധികാരസ്ഥാനത്ത് തുടര്‍ന്നും നിലനില്‍ക്കുവാനുള്ള അടങ്ങാത്ത വ്യഗ്രത എന്നിങ്ങനെ പറയാന്‍ ഒരുപാടുണ്ട്. സ്യൂചി എന്ന ജനനായികയ്ക്കും ഭരണാധികാരിയ്ക്കും പറ്റിയ ഏറ്റവും വലിയ പിഴവ് ഈ കാരണങ്ങളാല്‍ സംഭവിച്ചതാണ്. ആ പിഴവ് തന്നെയാകണം അവരുടെ നിശ്ശബ്ദതയുടെ മുഖ്യകാരണം .


ബ്രിട്ടീഷ് ഭരണം അവസാനിച്ചതുമുതല്‍ മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ വിഭാഗത്തിനെതിരെ സംഘടിതവും, ആസൂത്രിതവുമായ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. പട്ടാള ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുള്ള ആക്രമണങ്ങള്‍ക്കു പുറമെ ഭൂരിപക്ഷ വിഭാഗത്തിന്റെ ആക്രമണങ്ങള്‍ക്കും ഈ വിഭാഗം ഇരയായിക്കൊണ്ടിരിക്കുന്നു. ആയിരങ്ങള്‍ നിരന്തരം കൊലചെയ്യപ്പെടുന്നു. രാജ്യത്തിലെ പൗരന്മാരായി റോഹിന്‍ഗ്യന്‍ വിഭാഗത്തെ പരിഗണിക്കുവാന്‍ തലമുറകളായി ഭൂരിപക്ഷ വിഭാഗം തയ്യാറാകുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് എത്തിയവരെല്ലാം തങ്ങളുടെ ശത്രുക്കളാണെന്ന് അവര്‍ തലമുറകളെ നിരന്തരം പഠിപ്പിക്കുന്നു. ഭൂരിപക്ഷത്തിന്റെ ഈ സമീപനത്തിന്റെ ഫലമായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാതന്ത്ര്യത്തിന് മുന്‍പായി മ്യാന്മര്‍ ഉപേക്ഷിച്ചതുപോലെ റോഹിന്‍ഗ്യന്‍ വിഭാഗം ജന്മരാജ്യം ഉപേക്ഷിക്കാത്തതാകണം തലമുറകളിലേയ്ക്ക് പകര്‍ന്ന ഈ വൈരത്തിന്റെ കാതല്‍.

1978, 1991, 1992, 2011, 2012, 2015, 2016 കാലഘട്ടങ്ങളിലുണ്ടായ വംശീയ ആക്രമണങ്ങളെ തുടര്‍ന്ന് 11 ലക്ഷത്തോളമുണ്ടായിരുന്ന റോഹിന്‍ഗ്യന്‍ വിഭാഗത്തിലെ നല്ലൊരു പങ്കും ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. വിരലിലെണ്ണാവുന്ന തീവ്രവാദികളെ ചൂണ്ടിക്കാട്ടിയായിരുന്നു ഇതില്‍ പല സൈനിക നടപടികളെങ്കിലും 2012-ലെ വംശീയലഹള ലോക മനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഒന്നായിരുന്നു. റാഖിന്‍ സംസ്ഥാനത്തിലെ ഭൂരിപക്ഷ വിഭാഗത്തില്‍പെട്ട ഒരു സ്ത്രീയെ റോഹിന്‍ഗ്യന്‍ വിഭാഗത്തില്‍പെട്ട ഏതാനും യുവാക്കള്‍ ബലാത്സംഗം ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്ന് ഉണ്ടായ കലാപത്തില്‍ നിരവധി പേര്‍ വധിക്കപ്പെട്ടു. 354-ല്‍ പരം ഗ്രാമങ്ങള്‍ അഗ്‌നിക്കിരയായി. ലോകത്തിലെ ഏത് കലാപത്തിലെയും ഇരകളെപ്പോലെ ഇവിടെയും സ്ത്രീകളും, കുട്ടികളുമായിരുന്നു ആക്രമണത്തിനും, മരണത്തിനും ഇരയായവരില്‍ ഏറിയ പങ്കും. 'ഒരാളെ കൊന്നുകൊണ്ടാണ് വംശഹത്യ ലോകത്തെവിടെയും തുടങ്ങുക. അയാള്‍ എന്തുചെയ്തു എന്നല്ല, അയാള്‍ ആരായിരുന്നു എന്നതാണ് പ്രശ്‌നം.' യു എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ വാക്കുകളാണിവ. ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന വംശീയ കലാപങ്ങളാണ് മ്യാന്മറില്‍ അന്ന് അരങ്ങേറിയത്.


ചോരക്കളിയുടെ തുടര്‍ച്ച

തുടര്‍ന്ന് 2015-ലും 2016-ലും ആസൂത്രിതമായ വംശീയ ആക്രമണങ്ങള്‍ തുടര്‍ന്നു. ഒപ്പം പലായനങ്ങളും. ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി റോഹിന്‍ഗ്യന്‍ വംശജരെ ഘട്ടംഘട്ടമായി മ്യാന്മറില്‍നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഭൂരിപക്ഷ വിഭാഗത്തിന്റെ പിന്തുണയോടെയായിരുന്നു ഈ ആസൂത്രിത ആക്രമണങ്ങള്‍. ഭരണകൂടവും, ഭൂരിപക്ഷ ജനതയും ഒത്തുചേര്‍ന്ന് ഒരു ജനതയെ നിരന്തരം ആക്രമിക്കുമ്പോള്‍ പലായനങ്ങള്‍ തീര്‍ച്ചയായും തുടര്‍ക്കഥകളാകും. 2017-ല്‍ റോഹിന്‍ഗ്യന്‍ തീവ്രവാദികള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന കാരണത്താല്‍ സൈന്യവും, പോലീസും ഭൂരിപക്ഷ വിഭാഗത്തിന്റെ പിന്തുണയോടെ നടത്തിയ ആക്രമണത്തില്‍ നിരവധി റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ ചാമ്പലാക്കി. അനവധി പേര്‍ കൊല്ലപ്പെട്ടു. ഈ കൊലകളെ യു എന്‍ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തിരുന്നു. ഏകദേശം ഇരുപതിനായിരത്തോളം നിരപരാധികള്‍ ഈ വംശീയ ആക്രമണത്തെത്തുടര്‍ന്ന് കൊലചെയ്യപ്പെടുകയും ജനലക്ഷങ്ങള്‍ ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു.

2017 കലാപകാലത്ത് റോഹിന്‍ഗ്യന്‍ വംശജരെ കൂട്ടക്കൊല നടത്തിയതില്‍ രണ്ട് സൈനികര്‍ നടത്തിയ കുറ്റസമ്മത വീഡിയോ ലോകവ്യാപകമായി ശ്രദ്ധനേടിയ നേര്‍സാക്ഷ്യങ്ങള്‍ ആയിരുന്നു. കലാപകാലത്ത് സര്‍ക്കാരില്‍നിന്നും തങ്ങള്‍ക്ക് കിട്ടിയ ഉത്തരവ് 'കാണുന്നവരെയും കേള്‍ക്കുന്നവരെയും' വെടി വച്ചിടുക എന്നതായിരുന്നു. തങ്ങള്‍ ആ ഉത്തരവ് അക്ഷരം പ്രതി അനുസരിച്ചു. മ്യോ വിന്‍ ടുന്‍ എന്ന സൈനികന്‍ പറയുന്നത് നിരപരാധികളായ മുപ്പതോളം പുരുഷന്മാരെയും, സ്ത്രീകളെയും, കുട്ടികളെയും താനും സഹസൈനികരും ചേര്‍ന്ന് ഒരു ടവറിനു കീഴില്‍ കൊന്നു കുഴിച്ചിട്ടു എന്നാണ്. സാങ് നൈംഗ് ടുന്‍ എന്ന സൈനികന്റെ കുറ്റസമ്മതമാകട്ടെ ഏതാണ്ട് 20 ഗ്രാമങ്ങള്‍ താനും സഹസൈനികരും ചേര്‍ന്ന് ചുട്ടെരിച്ചു എന്നാണ്. എത്ര പേരെ കൊലപ്പെടുത്തി എന്ന് പറയുവാന്‍ കഴിയില്ല. കണ്ണില്‍ പെട്ട മൃതശരീരങ്ങള്‍ ഒരുമിച്ച് സംസ്‌കരിച്ചു. ഈ രണ്ടു സൈനികരും ഇന്ന് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കുറ്റവിചാരണയുടെ വക്കിലാണ്.

വംശീയതയുടെയും, മതത്തിന്റേയും, ദേശീയതയുടെയും പേരില്‍ നടമാടാറുള്ള കലാപങ്ങള്‍ക്കും, കൂട്ടക്കുരുതികള്‍ക്കും എന്ത് യുക്തിയാണുള്ളത്? മനുഷ്യോല്‍പ്പത്തിയ്ക്കുശേഷമുള്ള ചരിത്രം തന്നെ പലായനങ്ങളുടെ ചരിത്രമാണ്. കാര്‍ഷികവൃത്തി, കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, ഗോത്രങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം, മത്സരബുദ്ധി തുടങ്ങിയ കാരണങ്ങളിലൂടെ സഹസ്രാബ്ദങ്ങളായി പല പ്രാവശ്യം ലോകത്തിന്റെ പല ഭാഗങ്ങളിലായി പല ആവര്‍ത്തികളിലായി പലായനം ചെയ്ത് കുടിയേറിയ സ്ഥലങ്ങളിലാണ് ഇന്ന് കാണുന്ന ആധുനിക ജനസമൂഹം നിലകൊള്ളുന്നത്. വംശീയതയും മതവുമൊക്കെച്ചേര്‍ന്ന മിഥ്യാബോധത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടാണ് തങ്ങള്‍ ഈ കൂട്ടക്കുരുതികള്‍ നടത്തുന്നതെന്ന കാര്യം ആധുനിക ലോകത്തിലെ വംശീയവാദ ജനസമൂഹങ്ങള്‍ അറിയാതെപോകുന്നു. തന്റെ വംശം മാത്രമാണ് കുലീനം എന്ന ബോധമാണ് അവനെ വംശീയവെറി എന്ന തിന്മയുടെ ലോകത്തേയ്ക്ക് നയിക്കുന്നത്.


തീവ്രവാദികള്‍ ഉണ്ടാവുന്നത് 

സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ അവഗണയുടെ കയ്പുനീര്‍ അനുഭവിക്കുന്ന വിഭാഗമായ ഈ ജനതയ്ക്കിടയില്‍ തീവ്രവാദി സംഘങ്ങള്‍ മുതലെടുപ്പ് നടത്തുവാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. ലോകത്തെവിടെയെല്ലാം സാമൂഹിക അസ്വസ്ഥതകള്‍ ദീര്‍ഘനാള്‍ നിലനില്‍ക്കുമോ അവിടെയെല്ലാം വിധ്വംസകശക്തികള്‍ ബുദ്ധിപൂര്‍വ്വം മുതലെടുപ്പ് നടത്താറുണ്ട്. ഒരു ദശലക്ഷത്തില്‍പരം റോഹിന്‍ഗ്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ആയിരത്തിനും താഴെയാണ് തീവ്രവാദികള്‍. ഒരു പ്രദേശത്ത് ആസൂത്രിത ആക്രമണങ്ങള്‍ നടത്തുവാന്‍ ഈ സംഖ്യ ധാരാളം തന്നെയാണ്. പക്ഷെ മ്യാന്മറില്‍ എന്താണ് സംഭവിക്കുന്നത്? തീവ്രവാദികള്‍ നടത്തുന്ന ഒറ്റപ്പെട്ട ആക്രമണങ്ങളെ നേരിടാതെ തീവ്രവാദികള്‍ എന്ന പേരില്‍ ഒരു ജനതയെ ഒന്നടങ്കം ആക്രമിക്കുന്ന രീതിയാണ് ഭരണകൂടം പിന്തുടരുന്നത്. വംശീയ ഉന്‍മൂലനം തന്നെയാണ് ഇതുകൊണ്ട് പട്ടാളം അര്‍ത്ഥമാക്കുന്നത് എന്ന് വ്യക്തം.

ആരാണ് റോഹിന്‍ഗ്യന്‍ തീവ്രവാദികള്‍? ആരാണവരെ പിന്തുണയ്ക്കുന്നത്? 

മ്യാന്മാറില്‍ തീവ്രവാദത്തിന്റെ വേരറുക്കാന്‍ എളുപ്പമാണ്. ആയിരത്തിനു താഴെ മാത്രം സംഖ്യ വരുന്ന തീവ്രവാദികളെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യാന്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഭ്യന്തര യുദ്ധത്തിന്റെ ആവശ്യകത ഇല്ലെന്നും ഏവര്‍ക്കുമറിയാം. പാകിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ അജ്ഞാത ഉറവിടങ്ങളാണ് മ്യാന്‍മറിലെ ഭീകരവാദികള്‍ക്ക് ആയുധവും പണവും നല്‍കുന്നതെന്ന ആരോപണം ശക്തമാണ്. മ്യാന്‍മറിലെ ഭീകര സംഘടനയായ അറാക്കന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മിയുടെ നേതൃത്വത്തിന്റെ നിയന്ത്രണം കറാച്ചിയില്‍ താമസിക്കുന്ന റോഹിന്‍ഗ്യന്‍ നേതാക്കള്‍ക്കാണ് എന്ന ആരോപണവും നിലനില്‍ക്കുന്നു. റോഹിന്‍ഗ്യന്‍ പ്രശ്‌നം അക്രമവല്‍ക്കരിക്കുവാന്‍ രാജ്യത്തിനകത്തു ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നു എന്ന് അനുമാനിക്കേണ്ടി വരും. കുല്‍സിത ലക്ഷ്യങ്ങളുള്ള തീവ്രവാദികള്‍ക്കും ഭൂരിപക്ഷ വംശീയ വാദികള്‍ക്കും ഇടയില്‍ ആക്രമണങ്ങള്‍ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ജനതയായി റോഹിന്‍ഗ്യന്‍ ജനവിഭാഗം നിലകൊള്ളുന്നു എന്നതാണ് കഴിഞ്ഞ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ദുരന്ത യാഥാര്‍ഥ്യം. ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ന്യൂനപക്ഷം എന്നാണ് ഐക്യരാഷ്ട്രസഭ തന്നെ റോഹിന്‍ഗ്യകളെ വിശേഷിപ്പിച്ചത്.


സ്യൂചിയുടെ മാറ്റത്തിനു കാരണം

പട്ടാള ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിരന്തരമായ പോരാട്ടം നടത്തി സമാധാനത്തിനുള്ള നോബല്‍ സമ്മാനം വരെ കരസ്ഥമാക്കിയ ആങ് സാന്‍ സ്യൂചി അധികാരക്കസേരയില്‍ ഉപവിഷ്ടയായിരിക്കുമ്പോഴാണ് 2017-ല്‍ റോഹിന്‍ഗ്യന്‍ വംശജര്‍ക്കെതിരെ പട്ടാളഭരണകൂടവും ഭൂരിപക്ഷ വംശീയ വിഭാഗവും ഒത്തുചേര്‍ന്ന് ആക്രമണങ്ങള്‍ നടത്തിയത്. ഇത് റോഹിന്‍ഗ്യന്‍ വംശീയ പ്രശ്‌നകാലത്തെ ഏറ്റവും വലിയ കാപട്യം നിറഞ്ഞ വിരോധാഭാസം തന്നെയാണ്. ലോകത്തിലെ ഏറ്റവും ആരാധ്യയായ മനുഷ്യാവകാശ പ്രവര്‍ത്തകയെന്ന് ലോകമാധ്യമങ്ങള്‍ കൊണ്ടാടിയ സ്യൂചി, തന്റെ ഭരണകാലത്ത് നടന്ന നരനായാട്ടിനെതിരെ ശബ്ദിക്കുവാന്‍ വിമുഖത കാട്ടുന്നത് ലോകം ഞെട്ടലോടെയാണ് കണ്ടുനിന്നത്. ആയിരക്കണക്കിന് നിരപരാധികളായ അമ്മമാര്‍ മാനഭംഗത്തിനിരയായിക്കൊണ്ടിരുന്നപ്പോഴും, കുഞ്ഞുങ്ങളുടെ ചോര തന്റെ മണ്ണില്‍ അലിഞ്ഞുചേര്‍ന്നപ്പോഴും, ഗ്രാമങ്ങള്‍ വെന്തു വെണ്ണീറായപ്പോഴും പതിനായിരങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് പ്രാണരക്ഷാര്‍ദ്ധം പലായനം ചെയ്തപ്പോഴും സമാധാനത്തിന്റെ കാവല്‍മാലാഖ അധികാരത്തിന്റെ ശീതളച്ഛായയില്‍ എന്തുകൊണ്ട് നിദ്രയിലാണ്ടു?

തെരുവില്‍ നിറഞ്ഞു നിന്ന സമരനായികയായ സ്യൂചി എന്ന ഗാന്ധിമാര്‍ഗിക്ക് ഭരണമാളികയില്‍ എത്തിയപ്പോള്‍ എന്താണ് സംഭവിച്ചത്? കലാപ സമയത്ത് സ്യൂചി പുലര്‍ത്തിയ നിശ്ശബ്ദത അര്‍ത്ഥമാക്കുന്നതെന്താണ്? 25 ശതമാനം പാര്‍ലമെന്റ് സീറ്റുകളില്‍ പട്ടാളം നിര്‍ദ്ദേശിക്കുന്ന വ്യക്തികള്‍ക്കുള്ള അവകാശവും പട്ടാള നിയന്ത്രണത്തിലുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ പാര്‍ലമെന്റിലെ സജീവ സാന്നിധ്യവും അടക്കം കാരണങ്ങള്‍ പലതാണ്. എക്കാലവും അസ്ഥിരതയില്‍ ആടിയുലഞ്ഞുനില്‍ക്കുന്ന പാര്‍ലമെന്റ് സംവിധാനം, ആഭ്യന്തരവും പ്രതിരോധവും ഉള്‍പ്പെടെയുള്ള പ്രധാന അധികാരങ്ങള്‍ പട്ടാള വിഭാഗം പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന ഭരണ സംവിധാനം, സ്റ്റേറ്റ് കൗണ്‍സിലര്‍ എന്ന പദവിയില്‍ അധികാര മോഹത്തിന്റെ ദൗര്‍ബല്യത്താല്‍ ഉപവിഷ്ടയായത്, ആ അധികാരസ്ഥാനത്ത് തുടര്‍ന്നും നിലനില്‍ക്കുവാനുള്ള അടങ്ങാത്ത വ്യഗ്രത എന്നിങ്ങനെ പറയാന്‍ ഒരുപാടുണ്ട്. സ്യൂചി എന്ന ജനനായികയ്ക്കും ഭരണാധികാരിയ്ക്കും പറ്റിയ ഏറ്റവും വലിയ പിഴവ് ഈ കാരണങ്ങളാല്‍ സംഭവിച്ചതാണ്. ആ പിഴവ് തന്നെയാകണം അവരുടെ നിശ്ശബ്ദതയുടെ മുഖ്യകാരണം .


സ്യൂചിയുടെ വീഴ്ചകള്‍

2015-ല്‍ അധികാരമേറ്റെടുത്ത ആങ് സാന്‍ സ്യൂചിയെപ്പറ്റി മ്യാന്‍മറിലെ സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകനായ യാന്‍ മ്യോ തെയ്ന്‍ ഇപ്രകാരം വിലയിരുത്തുന്നു' 2015-ലെ തിരഞ്ഞെടുപ്പിനുശേഷം സ്യൂചി അധികാരമേല്‍ക്കുമ്പോള്‍ അത് സമ്പൂര്‍ണ്ണ ജനാധിപത്യത്തിലേക്കുള്ള അവസാനത്തെ കാല്‍വയ്പ്പല്ലെന്ന് ഏവര്‍ക്കുമറിയാമായിരുന്നു. എന്നാല്‍ സ്യൂചി എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്കും, ജനസേവന തല്‍പരയായ നേതാവിനും ചെയ്യുവാന്‍ കഴിയുന്ന ധാരാളം കാര്യങ്ങള്‍ ഉണ്ടായിരുന്നു. പട്ടാള ഭരണകൂടം തടവിലാക്കിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, മാധ്യമങ്ങള്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുക, ജനക്ഷേമപദ്ധതികള്‍ വേഗത്തില്‍ നടപ്പില്‍ വരുത്തുക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആക്കം കൂട്ടുക തുടങ്ങിയ തീരുമാനങ്ങള്‍ സ്യൂചിയില്‍നിന്നും പ്രതീക്ഷിച്ചവരെ പൂര്‍ണ്ണമായും നിരാശരാക്കുന്ന സമീപനമാണ് അധികാരമേറ്റശേഷം സ്യൂചിയില്‍ നിന്നുമുണ്ടായത്. ജയിലായ പലരെയും മോചിപ്പിക്കുവാന്‍ ശ്രമിച്ചില്ല എന്നു മാത്രമല്ല സ്യൂചിയുടെ ഭരണകാലത്ത് സൈന്യം റോഹിന്‍ഗ്യന്‍ വംശജര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ അധികരിച്ചുകൊണ്ട് വിമര്‍ശനാത്മക റിപ്പോര്‍ട്ട് തയ്യാറാക്കിയ റോയിട്ടേഴ്‌സിന്റെ പത്രപ്രവര്‍ത്തകരെ തുറുങ്കിലടയ്ക്കുകയുമാണ് സ്യൂചിയുടെ ഭരണകൂടം ചെയ്തത്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയും പതിറ്റാണ്ടുകളോളം പട്ടാള ഭരണകൂടത്തോട് നിരന്തരം പോരാടിയിരുന്ന സ്യൂചി അധികാരമേറ്റപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ജയിലടച്ചത് ലോകമാധ്യമ രംഗത്തെ അപ്പാടെ അമ്പരപ്പിച്ചു.

സ്യൂചിയെ തീവ്ര ഭൂരിപക്ഷ ജനതയുടെ വക്താവായല്ല ന്യൂനപക്ഷ റോഹിന്‍ഗ്യന്‍ ജനത കണ്ടിരുന്നത്. ഏതു സമരമുഖത്തും സ്യൂചിയുടെ പാര്‍ട്ടിയായ എന്‍ എല്‍ ഡിയെ പിന്തുണയ്ക്കുന്നവരായിരുന്നു റോഹിന്‍ഗ്യന്‍ വിഭാഗങ്ങള്‍. സ്യൂചി എന്ന നിഷ്പക്ഷ നേതാവിലും മനുഷ്യാവകാശ പ്രവര്‍ത്തകയിലും ഭൂരിപക്ഷം റോഹിന്‍ഗ്യന്‍ വിഭാഗത്തിന് അത്രയധികം വിശ്വാസം ഉണ്ടായിരുന്നു. ഒരു മതവിഭാഗത്തില്‍നിന്നുള്ള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കാതെ ന്യായമായ തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ അനുവദിച്ച് തരുമെന്നും രാജ്യത്തിന്റെ മുഖ്യ ധാരയിലേക്ക് തങ്ങളെയും സ്യൂചി ക്ഷണിക്കുമെന്നും ആ ജനത പൂര്‍ണ്ണമായും വിശ്വസിച്ചു. രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്ന ഒരു വിഗ്രഹമായിരുന്നു അവര്‍ക്ക് സ്യൂചി. എന്നാല്‍ അധികാരമേറ്റതോടെ ആ ജനവിശ്വാസത്തെ സ്യൂചി പൂര്‍ണ്ണമായും തകിടം മറിച്ചു. സ്യൂചിയുടെ ഭരണത്തില്‍ മ്യാന്മറില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും, വംശീയ കൂട്ടക്കൊലകളും നടന്നു. അതുകൊണ്ടാണ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഭരണാധികാരമേല്‍ക്കുന്നതിനു മുന്‍പ് സ്യൂചിയ്ക്ക് നല്‍കിയ പരമോന്നത ബഹുമതി അവര്‍ അധികാരമേറ്റെടുത്തശേഷം നടന്ന കലാപത്തെത്തുടന്ന് തിരിച്ചെടുത്തത്. സ്യൂചിയുടെ ഭരണത്തില്‍ മ്യാന്മറില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും, വംശീയ കൂട്ടക്കൊലകളും നടന്നു എന്നും സ്യൂചി ശക്തമായ നടപടികളെടുത്തില്ല എന്നുമുള്ള ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈ ബഹുമതി പിന്‍വലിച്ചത്. സ്യൂചിയ്‌ക്കെതിരെയുള്ള ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാരീസും, കാനഡയും തങ്ങള്‍ സ്യൂചിയ്ക്ക് നല്‍കിയിരുന്ന ബഹുമതികള്‍ പിന്‍വലിക്കുകയും സ്യൂചിയ്ക്ക് നല്‍കിയ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന്റെ പ്രഭ നഷ്ടപ്പെട്ടതായി ലോക മാധ്യമങ്ങള്‍ വിധിയെഴുതുകയും ചെയ്തു.

മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പ് ശക്തമാവുകയും മ്യാന്മറിനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തണമെന്നുമുള്ള അഭിപ്രായം ശക്തമാകുകയും ചെയ്തതോടെയാണ് സ്യൂചി മൗനം വെടിഞ്ഞ് റോഹിന്‍ഗ്യന്‍ വംശജരുടെ പ്രശ്‌നത്തില്‍ ദുഃഖമുണ്ടെന്ന് പറയുവാന്‍ തയ്യാറായത്. തന്റെ രാജ്യം ജനാധിപത്യത്തിന്റെ ശൈശവദശയിലാണ്. രാജ്യം നേരിടുന്ന നിരവധി പ്രശ്‌നങ്ങളില്‍ ഒന്നുമാത്രമാണ് റോഹിന്‍ഗ്യകളുടേത്. സമാധാനം നിലനിര്‍ത്തുവാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ രാജ്യാന്തര സമൂഹം തനിക്കെതിരെ ഉയര്‍ത്തുന്ന ചോദ്യങ്ങളെ താന്‍ ഭയക്കുന്നില്ല. റാഖിനില്‍ നടന്ന സംഭവവികാസങ്ങളില്‍ അതീവ ദുഃഖമുണ്ട്. റോഹിന്‍ഗ്യന്‍ ജനതയുടെ കഷ്ടത താന്‍ മനസ്സിലാക്കുന്നു. റാഖിനില്‍ സമാധാനം സ്ഥാപിക്കുവാനായി കോഫി അന്നന്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്യൂചി വ്യക്തമാക്കി.

മ്യാന്മര്‍ ഗവണ്മെന്റിന്റെ വംശീയ ഉന്മൂലനത്തിനെതിരെ വെസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍ കോടതി മുന്‍പാകെ വംശഹത്യക്ക് കാരണമായവരെ ന്യായീകരിച്ചുകൊണ്ടുള്ള നിലപാട് സ്യൂചി കൈക്കൊണ്ടതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പട്ടാളത്തിന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകയയായ സ്യൂചി ഇരകള്‍ക്കൊപ്പമല്ല മറിച്ച് വേട്ടക്കാര്‍ക്കൊപ്പമാണ് എന്ന വിമര്‍ശനമാണ് അന്താരാഷ്ട്ര തലത്തില്‍ അവര്‍ക്കെതിരെ ഉയര്‍ന്നത്. ആ വിമര്‍ശനങ്ങളില്‍ ഏറെ സത്യമുണ്ടായിരുന്നു താനും.

സ്യൂചിക്ക് സംഭവിച്ചതെന്ത്? 

എന്തായിരുന്നു ഒരിക്കല്‍ ലോകം അംഗീകരിച്ചിരുന്ന ഓങ് സാന്‍ സ്യൂചി എന്ന ജനനേതാവിന്റെ പരാജയകാരണം? അധികാരസ്ഥാനത്ത് എത്തിയ സ്യൂചി എന്തുകൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി മാറിയില്ല? ഉത്തരങ്ങള്‍ പലതുണ്ട്. മനുഷ്യാവകാശ സംഘടനകളുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ അവയില്‍ മുന്തിനില്‍ക്കുന്ന ചില നിരീക്ഷണങ്ങള്‍ ഇവയാണ്. സമരപാതയില്‍ രണ്ട് പതിറ്റാണ്ടുകാലത്തോളം സ്യൂചിയെ സ്വാധീനിച്ചത് ഗാന്ധിചിന്തകളാണ്. എന്നാല്‍ അധികാരം വ്യക്തിയെ മലിനമാക്കും എന്ന തത്വത്തെ അന്വര്‍ഥമാക്കും വിധമായിരുന്നു അധികാരമേറ്റ നാള്‍ മുതല്‍ സ്യൂചിയുടെ പ്രവര്‍ത്തനരീതികള്‍. ഭൂരിപക്ഷ വംശീയതയുടെ പിന്തുണയാണ് തിരഞ്ഞെടുപ്പുകളിലെ തന്റെ കക്ഷിയുടെ വിജയകാരണമെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. തനിക്കുപകരം മറ്റൊരു നേതാവ് ഭൂരിപക്ഷവിഭാഗത്തിനിടയില്‍ ഉയര്‍ന്നുവരാതിരിക്കാന്‍ വംശീയ മേല്‍ക്കോയ്മയെ നിശ്ശബ്ദതയോടെ അംഗീകരിച്ചു. ജനങ്ങളുടെ നീതിയ്‌ക്കൊപ്പം നില്‍ക്കുന്നതിന് പകരം അധികാര രാഷ്ട്രീയത്തെ അവര്‍ മുറുകെപ്പിടിച്ചു. 

പരിമിത ജനാധിപത്യ സംവിധാനത്തിനകത്തുള്ള പരിമിത അധികാരമേ തനിക്കുള്ളൂ എന്ന് അവര്‍ക്കറിയാമായിരുന്നു. അധികാരമേറ്റാല്‍ സ്യൂചി പൂര്‍ണ്ണ ജനാധിപത്യത്തിനുവേണ്ടി ശ്രമിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ തനിയ്ക്കായൊരു അധികാരസ്ഥാനം സൃഷ്ടിച്ചെടുക്കുന്നതിനുമപ്പുറം ജനാധിപത്യത്തിന്റെ പൂര്‍ണ്ണ വളര്‍ച്ചയ്ക്കായി സ്യൂചി പ്രയത്‌നിച്ചില്ല. താന്‍ രാജ്യം ഭരിക്കുമ്പോഴും പ്രധാന അധികാരകേന്ദ്രം പട്ടാളം ആണെന്ന കാര്യം സ്യൂചിയില്‍ ഒരു വ്യാകുലതയും ഉളവാക്കിയില്ല. പട്ടാളത്തിന്റെ ചെയ്തികളെ തെറ്റാണെന്നറിഞ്ഞുകൊണ്ടു ന്യായീകരിക്കുമ്പോഴും ജനാധിപത്യത്തെയും, ന്യൂനപക്ഷത്തേയും, പൗരാവകാശങ്ങളെയും, മാധ്യമസ്വാതന്ത്ര്യങ്ങളെയുമെല്ലാം സ്യൂചി മറന്നു. രണ്ട് പതിറ്റാണ്ട് തന്റെ അവകാശങ്ങള്‍ ചവിട്ടിമെതിച്ച പട്ടാളഭരണകൂടത്തിനു മുന്നില്‍ കേവലമൊരു അധികാരസ്ഥാനത്തിനായി മുട്ടുമടക്കുന്ന സൂചിയെയാണ് 2015-ലെ തിരഞ്ഞെടുപ്പിനുശേഷം ലോകം കണ്ടത്. രണ്ട് പതിറ്റാണ്ടിലെ സഹനസമരത്തിലൂടെ അവര്‍ നേടിയെടുത്തത് വലിയൊരളവുവരെ തന്റെ വ്യക്തിസ്വാതന്ത്ര്യവും, അധികാരസ്ഥാനവും മാത്രമായിരുന്നു. ജനവും ജനാധിപത്യവും ആ മനസ്സില്‍നിന്ന് അകന്നുകഴിഞ്ഞിരുന്നു.

വരുമോ പുതിയ കാലം? 

വിവിധ കാലഘട്ടങ്ങളിലെ ആക്രമണങ്ങളിലായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികളായ ജനലക്ഷങ്ങള്‍ കൊലചെയ്യപ്പെടുകയും, പലായനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യുന്ന റോഹിന്‍ഗ്യന്‍ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ടോ? ലോകത്തിലെ ഏറ്റവും പീഡനമനുഭവിക്കുന്ന ന്യൂനപക്ഷ ജനത എന്ന ദുരന്തവിശേഷണത്തില്‍നിന്നും ആ ജനത എന്നാണ് മോചിതരാകുക? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ കഴിയുന്ന ഒരേ ഒരാളേ ഇന്ന് ലോകത്ത് ജീവിച്ചിരിപ്പുള്ളൂ. അത് സാക്ഷാല്‍ സ്യൂചി തന്നെയാണ്. കാരണം മ്യാന്‍മറിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിയ ഒരു വിശാല ഹൃദയം പൂര്‍വ്വനാളുകളില്‍ അവര്‍ക്കുണ്ടായിരുന്നു. നഷ്ടപ്പെട്ട ആ മാനുഷിക മുഖം അവര്‍ വീണ്ടെടുക്കണം. ലോകം തന്നെ ആരാധനയോടെ സ്‌നേഹിച്ചത് തന്റെ അധികാരത്തിന്റെ ഗര്‍വ്വിലല്ലെന്നും ഒരിക്കല്‍ തനിക്കുണ്ടായ മനുഷ്യസ്‌നേഹവും, സമത്വബോധവുമായിരുന്നു അതിന്റെ കാരണമെന്നും അവര്‍ തിരിച്ചറിയണം. ആ തിരിച്ചറിവില്‍നിന്നും പുനരാര്‍ജ്ജിക്കുന്ന സമത്വബോധത്തില്‍ നിന്നുകൊണ്ട് അവര്‍ വീണ്ടും ഉദിച്ചുയരണം. തീര്‍ച്ചയായും അത് മ്യാന്‍മറിലെ എല്ലാ വിഭാഗങ്ങളുടെയും ഉയര്‍ച്ചയായി പരിണമിക്കും. ആ സൂര്യോദയത്തിനായി കാത്തിരിക്കാം. അന്നും ഇന്നും സ്യൂചിയ്ക്ക് പകരം വെയ്ക്കാന്‍ ഒരു ജനനേതാവ് മ്യാന്മറിലില്ല. 

പകരമൊരാള്‍ ഒരു നാള്‍ ഉയര്‍ന്നുവരും എന്ന് പ്രത്യാശിക്കുവാനുള്ള സൂചനകളൊന്നും മ്യാന്മറിലിതുവരെയില്ല എന്ന കാര്യവും ഇവിടെ ഓര്‍ക്കുക.

(അവസാനിക്കുന്നു)

ഒന്നാം ഭാഗം: ആങ് സാന്‍ സ്യൂചി വീണുടഞ്ഞ വിഗ്രഹമോ?
രണ്ടാം ഭാഗം: സ്യൂചിയുടെ വിജയങ്ങള്‍; ജനതയുടെ പരാജയങ്ങള്‍