2010-ല്‍ സ്യൂചിയെ മോചിപ്പിക്കുവാന്‍ മ്യാന്‍മറിലെ പട്ടാള ഭരണകൂടം തീരുമാനിക്കുന്നതിന്റെ പിന്നിലെ ഒരു പ്രധാന കാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നത് ലോകവ്യാപകമായി അക്കാലത്ത് നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെയാണ്. മുല്ലപ്പൂ വിപ്ലവത്തില്‍ തുടങ്ങി അറബ് വസന്തമായി പരിണമിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ കാലാവസ്ഥയെ മ്യാന്‍മര്‍ ഭരണകൂടം ഭയന്നിരിക്കാം. തന്ത്രപരമായ പിന്മാറ്റം നടത്തിയില്ലെങ്കില്‍ ലോകരാജ്യങ്ങളുടെ പ്രക്ത്യക്ഷ സഹായത്തോടെയുള്ള പ്രക്ഷോഭങ്ങളിലൂടെ തങ്ങളുടെ ഭരണം പാശ്ചാത്യശക്തികള്‍  ജനപിന്തുണയോടെ അട്ടിമറിച്ചേക്കാം എന്നവര്‍ പേടിച്ചു. ആ സാദ്ധ്യത ഒഴിവാക്കാന്‍ സ്യൂചിയുമായി തന്ത്രപരമായ ഒത്തുതീര്‍പ്പ് എന്ന വഴിയേ മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന് മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.

 

 

2010-ല്‍ മ്യാന്‍മര്‍ ഭരണകൂടം സ്യൂചിയെ തടങ്കലില്‍ നിന്ന് മോചിപ്പിക്കുമ്പോള്‍ സമരനായികയില്‍നിന്നും അധികാര ശൃംഗത്തിലേക്കുള്ള  സ്യൂചിയുടെ വഴി പട്ടാളം അടച്ചുകഴിഞ്ഞിരുന്നു. സ്യൂചി ജയിലില്‍ കിടക്കുമ്പോള്‍ തന്നെ പട്ടാളം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തിനു മുന്‍പായി 2008-ല്‍ ഭരണകൂടം വിചിത്രമായ ചില നിയമ ഭേദഗതികള്‍ പട്ടാള ഭരണകൂടം കൊണ്ടുവന്നിരുന്നു. ഇവയായിരുന്നു അവയില്‍ പ്രധാനപ്പെട്ടവ. ഒന്ന്; ജയില്‍ശിക്ഷ അനുഭവിക്കുന്നയാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ പാടില്ല. രണ്ട്; രാഷ്ട്രീയത്തിന്റെ പരമോന്നത സ്ഥാനത്ത് എത്തുന്നയാള്‍ ഭരണ വിഷയങ്ങള്‍, സൈനിക വിഷയങ്ങള്‍, സാമ്പത്തിക വിഷയങ്ങള്‍ എന്നിവയില്‍ പരിജ്ഞാനമുള്ള ആള്‍ ആയിരിക്കണം. മൂന്ന്; ആ പദവിയിലെത്തുന്ന ആളുടെ പതിയോ പത്നിയോ മാതാപിതാക്കളോ സന്താനങ്ങളോ വിദേശപൗരത്വം ഉള്ളവര്‍ ആയിരിക്കരുത്. ഈ നിയമങ്ങള്‍ സ്യൂചിയുടെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ആരോഹണത്തെ തടയുക എന്ന ലക്ഷ്യം മാത്രം വച്ചുള്ളവയായിരുന്നു എന്ന് വ്യക്തം. 

സ്യൂചിയ്ക്ക് സൈനിക സേവന പരിജ്ഞാനം ഉണ്ടായിരുന്നില്ല. ഭര്‍ത്താവും, മക്കളും ബ്രിട്ടീഷ് പൗരത്വം ഉള്ളവര്‍ ആയിരുന്നു. സ്യൂചിയെ അധികാര സ്ഥാനത്തെത്തുന്നതില്‍നിന്നും പൂര്‍ണ്ണമായും തടഞ്ഞ ഈ നിയമ ഭേദഗതി നടപ്പില്‍ വരുത്തി മുഖ്യ ശത്രുവിനെ യുദ്ധത്തിന് മുന്‍പേ തോല്‍പ്പിച്ചു എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു സൈന്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സ്യൂചിയ്ക്ക് മത്സരിക്കാന്‍ അവസരമില്ലെങ്കില്‍ തങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന പ്രഖ്യാപിച്ചുകൊണ്ട് സ്യൂചിയുടെ പാര്‍ട്ടിയായ  എന്‍ എല്‍ ഡി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു. സൈന്യത്തിന്റെ പിന്തുണയുള്ള പാര്‍ട്ടിയായ  യു എസ് ഡി പിയും ഏതാനും ചെറുകക്ഷികളും മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഫലപ്രഖ്യാപനം വന്നതോടെ യു എസ് ഡി പി സീറ്റുകള്‍ തൂത്തുവാരി. ലോകത്തിന്റെ കണ്ണില്‍ പൊടിയിടുവാനായി പട്ടാള ഭരണകൂടം സൃഷ്ടിച്ചെടുത്ത പാര്‍ട്ടിയാണ് യു എസ് ഡി പി. തങ്ങള്‍ ജനാധിപത്യ വാദികളെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കുവാനായിരുന്നു അന്നത്തെ തിരഞ്ഞെടുപ്പും വിജയവും. മ്യാന്‍മറിലെ തിരഞ്ഞെടുപ്പിനെ ആകാംക്ഷയോടെ നോക്കിയ ജനാധിപത്യ രാജ്യങ്ങളും, പൗരാവകാശ സംഘടനകളും സൈന്യത്തിന്റെ ഈ വ്യാജതിരഞ്ഞെടുപ്പിനെ ശക്തമായ ഭാഷയില്‍ തന്നെ അപലപിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ തുടക്കം മുതല്‍ക്കേ പല ഘട്ടങ്ങളിലായി മ്യാന്മറിനെതിരെ നടപ്പില്‍ വരുത്തിക്കൊണ്ടിരുന്ന സാമ്പത്തിക ഉപരോധങ്ങളും നിയന്ത്രണങ്ങളും യു എസും, യൂറോപ്യന്‍ യൂണിയനും ഈ തിരഞ്ഞെടുപ്പിനെ  തുടര്‍ന്ന് കൂടുതല്‍ ശക്തമാക്കി. ശക്തമായ ഭാഷയിലാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ബാരാക് ഒബാമ  മ്യാന്‍മര്‍ ഭരണകൂടത്തെ താക്കീതുചെയ്തത്.

 

 

മോചനത്തിലേക്കുള്ള വഴി

ലോകരാജ്യങ്ങളുടെ എതിര്‍പ്പ് കൂടുതല്‍ രൂക്ഷമായതോടെയാണ് 2010-ല്‍ സ്യൂചിയെ മോചിപ്പിക്കുവാന്‍ സൈനിക ഭരണകൂടം നിര്‍ബന്ധിതമായത്. തുടര്‍ന്ന് 2012-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പ് സ്യൂചി എന്ന സമരനായികയുടെ രാഷ്ട്രീയ വളര്‍ച്ചയുടെ ആദ്യ നാഴികക്കല്ലായി മാറി. ഉപതിരഞ്ഞെടുപ്പ് നടന്ന 45 സീറ്റുകളില്‍ 43 -ലും സ്യൂചിയുടെ പാര്‍ട്ടി വിജയിച്ചു. സ്യൂചി ആദ്യമായി എം പി ആകുകയും ചെയ്തു. തെരുവുകളില്‍ ജനാധിപത്യത്തിനുവേണ്ടി അവര്‍ ഉയര്‍ത്തിയ ശബ്ദം പിന്നീട് പാര്‍ലമെന്റിലും മുഴങ്ങിക്കേട്ടു.

2010-ല്‍ സ്യൂചിയെ മോചിപ്പിക്കുവാന്‍ മ്യാന്‍മറിലെ പട്ടാള ഭരണകൂടം തീരുമാനിക്കുന്നതിന്റെ പിന്നിലെ ഒരു പ്രധാന കാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നത് ലോകവ്യാപകമായി അക്കാലത്ത് നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെയാണ്. മുല്ലപ്പൂ വിപ്ലവത്തില്‍ തുടങ്ങി അറബ് വസന്തമായി പരിണമിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ കാലാവസ്ഥയെ മ്യാന്‍മര്‍ ഭരണകൂടം ഭയന്നിരിക്കാം. തന്ത്രപരമായ പിന്മാറ്റം നടത്തിയില്ലെങ്കില്‍ ലോകരാജ്യങ്ങളുടെ പ്രക്ത്യക്ഷ സഹായത്തോടെയുള്ള പ്രക്ഷോഭങ്ങളിലൂടെ തങ്ങളുടെ ഭരണം പാശ്ചാത്യശക്തികള്‍  ജനപിന്തുണയോടെ അട്ടിമറിച്ചേക്കാം എന്നവര്‍ പേടിച്ചു. ആ സാദ്ധ്യത ഒഴിവാക്കാന്‍ സ്യൂചിയുമായി തന്ത്രപരമായ ഒത്തുതീര്‍പ്പ് എന്ന വഴിയേ മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന് മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.

 

 

വീണ്ടും തെരഞ്ഞെടുപ്പ് 

2015-ലെ തിരഞ്ഞെടുപ്പ് തികച്ചും സമാധാനപരവും നിഷ്പക്ഷവുമായിരുന്നു. സ്യൂചിയുടെ ജനപ്രതിനിധി സഭയിലേക്കുള്ള രംഗപ്രവേശനത്തിനുശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പ്. ജനപ്രതിനിധി എന്ന നിലയില്‍ 2012 മുതല്‍ മ്യാന്മാറിന്റെ സാമ്പത്തിക വികസനത്തിനായി സ്യൂചി ശക്തമായി വാദിച്ചിരുന്നു. പാശ്ചാത്യ സാമ്പത്തിക ശാസ്ത്രത്തില്‍ അവഗാഹമുണ്ടായിരുന്ന അവര്‍ക്ക് മ്യാന്മാറിന്റെ സാമ്പത്തിക വികസനത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. പട്ടാള ഭരണകൂടത്തിനുമേല്‍ അവര്‍ നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്ക് 2012 മുതല്‍ ഫലം കണ്ടുതുടങ്ങിയിരുന്നു.

സൈനിക ഭരണകൂടം അവകാശപ്പെട്ടിരുന്നത് ആ രാജ്യത്ത് 93 ശതമാനം സാക്ഷരതയുണ്ടെന്നായിരുന്നു. അത് നുണയായിരുന്നു. പറയത്തക്ക വ്യവസായ സംരഭങ്ങളൊന്നും രാജ്യത്തുണ്ടായിരുന്നില്ല. തുറന്ന വിപണിയോ, വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമോ ഇല്ലായിരുന്നു. ചുവപ്പുനാടയില്‍ കുടുങ്ങിയ പട്ടാള സോഷ്യലിസമായിരുന്നു നിലനിന്നിരുന്നത്. തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. ജനസംഖ്യയില്‍ പകുതിയും പരമ്പരാഗത കൃഷിയെ മാത്രം ആശ്രയിച്ചായിരുന്നു ജീവിതം തള്ളിനീക്കിയിരുന്നത്. വൈദുതി എന്തെന്ന് പോലുമറിയാത്ത ഗ്രാമങ്ങളായിരുന്നു ഭൂരിപക്ഷവും. ഇതിനൊരു മാറ്റം വരുന്നത് സ്യൂചിയുടെ ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ്.   ഭരണകൂടം തങ്ങളുടെ സാമ്പത്തിക നയങ്ങളില്‍ മറ്റം വരുത്താന്‍ തുടങ്ങിയതോടെ സാമ്പത്തിക വളര്‍ച്ച പ്രകടമായിത്തുടങ്ങി. 2011-ല്‍ 5.6 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. എന്നാല്‍ 2015-ഓടെ അത് 7.2 ശതമാനമായി ഉയര്‍ന്നു. സ്യൂചിയുടെ സാമ്പത്തിക കാഴ്ചപ്പാടുകള്‍ക്കുള്ള മികച്ച ഫലങ്ങളായാണ് ഈ വളര്‍ച്ചയെ നിരീക്ഷകര്‍ വിലയിരുത്തിയത്.

2015-ലെ തിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന 440  സീറ്റുകളില്‍ 323 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 255 സീറ്റുകള്‍ നേടിക്കൊണ്ട് സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി മുന്‍പന്തിയിലെത്തി. സൈനിക പിന്തുണയുള്ള പ്രതിപക്ഷ പാര്‍ട്ടിയായ യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ്  ഡെവലപ്പ്മെന്റ്  പാര്‍ട്ടിയ്ക്ക് 30 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. പക്ഷെ വിചിത്രമെന്ന് പറയട്ടെ, സ്യൂചിയ്ക്ക് മ്യാന്മാറിന്റെ രാഷ്ട്രപതി ആകാന്‍ കഴിഞ്ഞില്ല. പകരം രാഷ്ട്രപതിയായത് സ്യൂചിയുടെ പാര്‍ട്ടിക്കാരന്‍ തന്നെയായ  ഹിതിന്‍ ക്യാവോ ആണ്. പട്ടാളം മുമ്പ് പ്രാബല്യത്തില്‍ വരുത്തിയിരുന്ന ഭരണഘടന ഭേദഗതികളായിരുന്നു സ്യൂചിക്ക്  വിനയായത് . സ്യൂചിയുടെ ഭര്‍ത്താവും, മക്കളും വിദേശപൗരന്മാരായതായിരുന്നു മുഖ്യ തടസ്സം. ആ ഭരണഘടനാ ഭേദഗതി മാറ്റണമെങ്കില്‍ പാര്‍ലമെന്റില്‍ മൊത്തം സീറ്റുകളിലെയും അംഗങ്ങളില്‍നിന്നുമുള്ള 75 ശതമാനം പേരുടെയും പിന്തുണ വേണം എന്ന വ്യവസ്ഥ സ്യൂചിയുടെ രാഷ്ട്രപതി പദവിയ്ക്ക് തടയിടുന്നതിന് സൈന്യം 2008-ലെ ഭേദഗതിക്കൊപ്പം വ്യവസ്ഥ ചെയ്തിരുന്നു. മൊത്തം സീറ്റുകളുടെ 25 ശതമാനമാകട്ടെ  തിരഞ്ഞെടുപ്പിലൂടെയല്ലാതെ സൈന്യം നേരിട്ട് നോമിനേറ്റ് ചെയ്യുന്ന അംഗങ്ങള്‍ക്കുള്ളതാണ്.

ആങ് സാന്‍ സ്യൂചിയെ തന്നെ രാഷ്ടത്തിന്റെ പ്രഥമ ഭരണകര്‍ത്താവ് എന്ന സ്ഥാനത്തേയ്ക്ക് കൊണ്ടുവരണമെന്നത് പാര്‍ട്ടിയുടെയും ജനങ്ങളുടെയും അഭിലാഷമായിരുന്നു. ജനവിധിയും അതുതന്നെയായിരുന്നുവല്ലോ. സ്വാഭാവികമായും അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്യൂചിയുടെ പാര്‍ട്ടി ശ്രമങ്ങളും ആരംഭിച്ചു. ഇതിനായി പാര്‍ട്ടിയുടെ പിന്തുണയോടെ പാര്‍ലമെന്റ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഇരു സഭകളിലും പുതിയൊരു നിയമത്തിലൂടെ പുതിയൊരു പദവി സൃഷ്ടിച്ചു. സ്റ്റേറ്റ് കൗണ്‍സിലര്‍ എന്നതായിരുന്നു ആ പദവി. രാഷ്ട്രപതിയാകുവാന്‍ നിയമതടസ്സം നിലനില്‍ക്കുന്നതുകൊണ്ട് സ്യൂചി മ്യാന്മാറിന്റെ സ്റ്റേറ്റ് കൗണ്‍സിലര്‍ എന്ന പദവിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിയായി ഹിതിന്‍ ക്യാവോ തന്നെ തുടരുകയും ചെയ്തു.

 

 

സ്യൂചി വന്നപ്പോള്‍

അമ്പതുവര്‍ഷങ്ങള്‍ക്കുമപ്പുറം നീണ്ടുനിന്ന പട്ടാള ഭരണത്തില്‍നിന്നും ജനാധിപത്യവാദിയായ ആങ് സാന്‍ സ്യൂചിയിലേക്കുള്ള ഭരണമാറ്റം ലോകം വളരെ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ കോളനി ഭരണത്തിനെതിരെ പോരാട്ടങ്ങള്‍ക്ക്
നേതൃത്വം നല്‍കി രാഷ്ട്രപിതാവായി തീര്‍ന്ന ആളാണ് സ്യൂചിയുടെ പിതാവ്. നിരന്തരമായ പോരാട്ടത്തിനൊടുവില്‍ 1947-ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ആങ് സാന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രിട്ടന്‍ മ്യാന്മറിനെ (ബര്‍മ്മ) സ്വതന്ത്രമാക്കാമെന്ന് ഉറപ്പ് കൊടുക്കുകയും ഇടക്കാല തിരഞ്ഞെടുപ്പില്‍ ആങ് സാനിന്റെ ആന്റി ഫാസിസ്റ്റ് ഫ്രീഡം പാര്‍ട്ടി ഭൂരിപക്ഷം നേടുകയും ആങ് സാന്‍ ഇടക്കാല പ്രധാനമന്ത്രി ആകുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, 1948-ല്‍ മ്യാന്‍മര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പായി രാഷ്ട്രീയ എതിരാളികളുടെ വെടിയേറ്റ് ആങ് സാന്‍ അന്തരിച്ചു. ബര്‍മ്മയുടെ പൂര്‍ണ്ണ സ്വാതന്ത്ര്യം കാണുവാനുള്ള ഭാഗ്യം 'ബര്‍മ്മ ഗാന്ധി' എന്നറിയപ്പെട്ടിരുന്ന സ്യൂചിയുടെ പിതാവിനുണ്ടായില്ല.

1962-ല്‍ ജനറല്‍ നെവിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തതോടെ മ്യാന്മറിന് സ്വാതന്ത്ര്യാനന്തരം ലഭിച്ച ജനാധിപത്യത്തിന് തിരശ്ശീല വീഴുകയായിരുന്നു. തുടര്‍ന്ന് പട്ടാളഭരണകൂടം ദേശസാല്‍ക്കരണം ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. ഇത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ തടസ്സപ്പെടുത്തി. ഭൂരിപക്ഷ വംശീയതയ്ക്ക് ഏറ്റവുമധികം വേരോട്ടം ലഭിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ പട്ടാളം അംഗീകരിച്ചില്ല. പട്ടാള ഭരണകാലത്ത് ദേശസാല്‍ക്കരണ പ്രക്രിയയിലൂടെ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥാപനങ്ങള്‍ പട്ടാളത്തിന്റെ അധീനതയിലാക്കി. ഒരു കാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ  ഭാഗമായിരുന്ന ബര്‍മ്മയിലേയ്ക്ക് ബ്രിട്ടന്റെ ഭരണകാലത്ത് എത്തിച്ചേര്‍ന്ന ഇന്ത്യക്കാര്‍ നിരവധി വ്യവസായ സംരംഭങ്ങള്‍  നടത്തിയിരുന്നു. സാങ്കേതിക തൊഴില്‍ മേഖലയിലും ഇന്ത്യന്‍ വംശജര്‍ ഉണ്ടായിരുന്നു. 1940-1945 കാലഘട്ടങ്ങളില്‍ മ്യാന്മറിന്റെ ജനസംഖ്യയില്‍ 16 ശതമാനത്തോളം ഇന്ത്യക്കാര്‍ ആയിരുന്നുവത്രെ. രണ്ടാം ലോകമഹായുദ്ധം രൂക്ഷമായപ്പോള്‍  ഇന്ത്യക്കാര്‍ക്കെതിരെ കലാപസാധ്യത  ഉണ്ടാകുകയും പലരും ജന്മനാട്ടിലേക്ക് മടങ്ങുകയും ചെയ്തു. 

 


വംശീയ മുദ്രാവാക്യങ്ങള്‍
ഇന്ത്യക്കാരെ പുറത്താക്കണമെന്ന് ജനറല്‍ നെവിന്‍ പ്രത്യക്ഷമായിത്തന്നെ ആവശ്യപ്പെട്ടതോടെ ഇന്ത്യന്‍ വംശജരെ ഒറ്റപ്പെടുത്തുവാനുള്ള ശ്രമങ്ങളും ആരംഭിച്ചു. കലാപസാധ്യതയും  കൂട്ടമരണങ്ങളും മുന്നില്‍ കണ്ട് ഇന്ത്യ ഗവണ്മെന്റ് അവസരോചിത ശ്രമങ്ങള്‍ നടത്തിയതിന്റെ ഫലമായി ഏകദേശം 300,000 ഇന്ത്യക്കാരെ ബര്‍മ്മയില്‍ നിന്നും സുരക്ഷിതമായി ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇവരില്‍ പലരും വലിയ വ്യവസായവാണിജ്യസ്ഥാപനങ്ങള്‍ നടത്തിവന്നവരായിരുന്നു. സ്ഥാപനങ്ങളുടെ ദേശസാല്‍ക്കരണസമയത്ത് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരമായ തുശ്ചമായ 175 ക്യാതുമായാണ് പലരും തിരിച്ചെത്തിയത്. ബാക്കിയുള്ളവര്‍ തൊഴില്‍ നഷ്ടപ്പെട്ട  നിരാലംബരായ  സാധാരണക്കാരും.

ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം നേടിയപ്പോള്‍ മ്യാന്‍മര്‍ ദേശീയതയില്‍ ഭൂരിപക്ഷ വംശീയതയുടെ മുഖം കൂടുതല്‍ തെളിഞ്ഞു വന്നു. 1948-ല്‍ സ്വാതന്ത്ര്യം കിട്ടിയ ഉടന്‍തന്നെ മ്യാന്മറില്‍ യൂണിയന്‍ സിറ്റിസണ്‍ നിയമം നിലവില്‍ വന്നു. മ്യാന്മറില്‍ നിലവിലുണ്ടായിരുന്ന ഗോത്ര വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുവാന്‍ വേണ്ടിയായിരുന്നു ഈ നിയമം. തലമുറകളായി മ്യാന്മറില്‍ വസിക്കുന്ന റോഹിന്‍ഗ്യന്‍ വിഭാഗത്തെ മാത്രം ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഭരണകൂടം ഈ വിഭാഗത്തെ അവഗണിക്കുന്നതായുള്ള പരാതിയും അന്നുമുതല്‍ ഉയര്‍ന്നു തുടങ്ങി. സ്വാതന്ത്ര്യം നേടുമ്പോള്‍ ബുദ്ധമതവിഭാഗവും ആ വിഭാഗത്തില്‍പെട്ട ഗോത്രവര്‍ഗ്ഗ ജനതയുമായിരുന്നു മ്യാന്മറില്‍ ഭൂരിപക്ഷ മതവിഭാഗമായുണ്ടായിരുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ അന്നും ഇന്നും  ന്യൂനപക്ഷമാണ്. 1962-ല്‍ അട്ടിമറിയിലൂടെ സൈന്യം അധികാരം കവര്‍ന്നതോടെ റോഹിന്‍ഗ്യന്‍ വിഭാഗത്തിനെതിരെയുള്ള അവഗണന കൂടുതല്‍ പ്രകടമായിത്തുടങ്ങി.

1982-ല്‍ പട്ടാള ഭരണകൂടം നടപ്പില്‍ വരുത്തിയ പുതിയ പൗരത്വ ഭേദഗതി നിയമമാണ് റോഹിന്‍ഗ്യന്‍ വിഭാഗത്തെ ദേശീയ സാമൂഹിക മുഖ്യധാരയില്‍ നിന്നും പൂര്‍ണ്ണമായും ഒറ്റപ്പെടുത്തിയത. തങ്ങളുടെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്‍പേ മ്യാന്മറില്‍ വസിച്ചവരായിരുന്നു എന്ന രേഖ സമര്‍പ്പിച്ചാല്‍ മാത്രമേ റോഹിന്‍ഗ്യകള്‍ക്ക് സമ്പൂര്‍ണ്ണ പൗരത്വം ലഭിക്കൂ എന്ന നില ഈ നിയമത്തിലൂടെ സംജാതമായി. തങ്ങളുടെ പൂര്‍വ്വികര്‍ ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്തോ, അതിനു മുന്‍പോ മ്യാന്മറില്‍ താമസിച്ചവരായിരുന്നു എന്ന് സ്ഥാപിക്കുവാനുള്ള രേഖകളൊന്നും ഈ വിഭാഗത്തിന്റെ കൈവശമില്ലായിരുന്നു. അങ്ങനെയുള്ള രേഖകള്‍ കണ്ടെത്തുക കൃഷിപ്പണി മാത്രം ചെയ്ത് തലമുറകളായി ജീവിച്ചുവന്നിരുന്ന ഈ വിഭാഗത്തിന് അസാദ്ധ്യമായിരുന്നു. .

ജനസംഖ്യയില്‍ 68 ശതമാനം വരുന്ന ബാമര്‍ സമുദായവും കായാഹ്, കയിന്‍ തുടങ്ങിയ സമുദായങ്ങളും ഉള്‍പ്പെടെ ഭൂരിപക്ഷ ബുദ്ധമത വിഭാഗം പൗരത്വ പട്ടികയില്‍ സ്വാഭാവികമായും നിലനിന്നു. ഈ സമുദായങ്ങളെല്ലാം ചേര്‍ന്ന ഭൂരിപക്ഷ ബുദ്ധമതത്തിനായിരുന്നു രാജ്യത്ത് മുഖ്യസ്ഥാനം.

 

 

റോഹിന്‍ഗ്യന്‍ ജനതയ്ക്ക് സംഭവിച്ചത് 

റോഹിന്‍ഗ്യന്‍ ജനതയെ പൗരത്വ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനു പിന്നില്‍ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. മ്യാന്‍മര്‍ ബ്രിട്ടീഷ് കോളനി ആയിരുന്നപ്പോള്‍ കാര്‍ഷിക തൊഴിലാവശ്യങ്ങള്‍ക്കായി ബ്രിട്ടീഷ് ഇന്ത്യയില്‍ തന്നെയുള്ള ബംഗ്ലാദേശില്‍ നിന്നും കൊണ്ടുവന്ന കുടിയേറ്റക്കാരായിരുന്നു റോഹിന്‍ഗ്യകളെന്നായിരുന്നു ഒരു വാദം. എന്നാല്‍ ബ്രിട്ടീഷുകാര്‍ സര്‍വ്വതും കയ്യടക്കുന്നതിനു മുമ്പു തന്നെ അരാക്കന്‍ (ഇന്നത്തെ റാഖിന്‍) പ്രദേശത്ത് ഈ വിഭാഗം വസിച്ചിരുന്നു എന്നും സംഘര്‍ഷങ്ങളെ തുടര്‍ന്ന് അവിടെനിന്നും പലായനം ചെയ്യുകയും പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് തിരിച്ചെത്തിയതാണെന്നും വാദമുണ്ട്. വാദങ്ങളെന്തുതന്നെയായാലും  മ്യാന്മറില്‍ ബംഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശത്ത് തലമുറകളായി ജീവിക്കുന്ന ജനവിഭാഗമാണവര്‍. ബ്രിട്ടീഷ് കോളനിയുടെ ഒരു ഭാഗമായിരുന്ന ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗത്തുനിന്നും മ്യാന്മാറിലെ അരാക്കന്‍ പ്രദേശത്തേക്ക്  രോഹിന്‍ഗ്യകള്‍ നടത്തിയെന്ന് പറയപ്പെടുന്ന ഈ കുടിയേറ്റം ഒരു രാജ്യത്തിനുള്ളിലെ നിശ്ചിതഭാഗത്തുനിന്നും മറ്റൊരു നിശ്ചിതഭാഗത്തേയ്ക്ക് തൊഴിലിനും ഉപജീവനത്തിനുമായി നടത്തുന്ന ആഭ്യന്തര കുടിയേറ്റമായിരുന്നു. ബ്രിട്ടീഷുകാര്‍ പോകുന്നതുവരെയും അങ്ങനെതന്നെയായിരുന്നു. ആ കുടിയേറ്റത്തെ ബംഗ്ലാദേശില്‍നിന്നും വന്നവരുടെ കുടിയേറ്റമായി കാണുന്നത് അടിസ്ഥാനരഹിതമാണ്. പരദേശികള്‍ എന്ന് മുദ്രകുത്തി ആ ജനവിഭാഗത്തെ കുടിയിറക്കുവാന്‍ ഭൂരിപക്ഷ വക്താക്കളെന്ന് സ്വയം കരുതുന്നവര്‍ ശ്രമിക്കുമ്പോള്‍ തലമുറകളായി ആ രാജ്യത്ത്  ജീവിച്ച ജനത ആ രാജ്യത്ത് തന്നെ അന്യവല്‍ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്.

1982-ലെ പൗരത്വ ഭേദഗതി നിയമത്തിനുശേഷം തലമുറകളായി ഭൂരിപക്ഷ വിഭാഗം പുലര്‍ത്തിയിരുന്ന സാമൂഹിക അകല്‍ച്ചയ്ക്ക് പുറമെ നിയമം മൂലമുള്ള പീഡനങ്ങളും പൂര്‍വ്വാധികം കൂടുതലായി ഈ ജനത അനുഭവിക്കേണ്ടി വന്നു. 1948-ലെ നിയമത്തിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട റോഹിന്‍ഗ്യന്‍ ജനവിഭാഗത്തിന്  1982 മുതല്‍ എല്ലാ പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ടു. ഇതോടെ ജനിച്ച നാട്ടില്‍ അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. പൊതുവെ നിരക്ഷരരായ ഇവരുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുവാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു. വിവാഹത്തിന് സര്‍ക്കാര്‍ അനുമതി വേണം.  സമ്പത്തുള്ളവരാണെന്ന് തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്തണം. സര്‍ക്കാര്‍ വക നിയമങ്ങള്‍ ലംഘിച്ച് നടക്കുന്ന വിവാഹത്തില്‍  കുഞ്ഞ് ജനിച്ചാല്‍ ആ കുഞ്ഞിനും നിയമപരിരക്ഷ ലഭിക്കില്ല. ആ കുട്ടിയ്ക്കും വിദ്യാഭ്യാസത്തിന് അവകാശമില്ല. റോഹിന്‍ഗ്യന്‍ വിഭാഗത്തിന് തിരിച്ചറിയല്‍ കാര്‍ഡോ, ഭൂമിയ്ക്ക് ആധാരമോ ലഭിക്കില്ല. സ്വന്തം ഭൂമിയില്‍ വീടുവെയ്ക്കുവാനുള്ള അവകാശം പോലും ഇവര്‍ക്ക് നിഷേധിക്കുന്നു. കുടിയൊഴിപ്പിക്കല്‍ വ്യാപകം.  കുടിയൊഴിപ്പിക്കപ്പെടുന്ന ഭൂമി ഭൂരിപക്ഷ വിഭാഗം കൈക്കലാക്കുകയാണ് പതിവുരീതി. കൃഷി മുഖ്യ തൊഴിലാക്കിയ ജനവിഭാഗത്തെ പട്ടിണിയിലാക്കുവാനും, പലായനം ചെയ്യിപ്പിക്കുവാനും മറ്റെന്തു നടപടിയാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും വേണ്ടത്?

(അവസാന ഭാഗം നാളെ)

ഒന്നാം ഭാഗം: ആങ് സാന്‍ സ്യൂചി വീണുടഞ്ഞ വിഗ്രഹമോ?
രണ്ടാം ഭാഗം: സ്യൂചിയുടെ വിജയങ്ങള്‍; ജനതയുടെ പരാജയങ്ങള്‍

മൂന്നാം ഭാഗം: റോഹിന്‍ഗ്യന്‍ ജനതയുടെ ചോരയോട് സ്യൂചിക്ക് എന്ത് മറുപടി പറയാനാവും?