Asianet News MalayalamAsianet News Malayalam

കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവ്വമാകാം, എന്നാലും വധശിക്ഷയിൽ പുലരുന്നതാണോ നീതി?

ഈ കേസ് ഇത്രയും നാൾ വലിച്ചു നീട്ടപ്പെട്ട രീതി വെച്ച് നാളെ അവർ കഴുവേറ്റപ്പെട്ടുകഴിഞ്ഞു എന്ന വിവരം പുറത്തറിയുന്ന നിമിഷം നമ്മുടെ നാട്ടിൽ പടക്കംവരെ പൊട്ടിക്കപ്പെട്ടേക്കാം. 

Is Capital Punishment justifiable even if the crime is rarest of the rare?
Author
Delhi, First Published Mar 19, 2020, 4:58 PM IST

നിർഭയ എന്ന് പിന്നീട് ജനം വിളിച്ച ആ പെൺകുട്ടിയോട്, 2012 ഡിസംബർ 26 -ന്, ഈ നാലു നരാധമന്മാർ പ്രവർത്തിച്ചത് ഒരാൾക്കും പൊറുത്തുനൽകാനാകാത്ത കൊടുംക്രൂരതയാണ്. അതിന് ഇന്ത്യൻ നീതിപീഠം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ നാളെ രാവിലെ 5.30 -ന് അവർക്ക് നൽകപ്പെടും. ഏറെ വൈകിയെങ്കിലും, ആ പെൺകുട്ടിക്കും, അവളുടെ മാതാപിതാക്കൾക്കും അവരർഹിക്കുന്ന നീതി കിട്ടി എന്ന് നാളെ മാധ്യമങ്ങളിൽ കൃതാർത്ഥതാഭരിതമായ മുഖങ്ങളോടെ പരാമർശിക്കും റിപ്പോർട്ടർമാർ. ഈ കേസ് ഇത്രയും നാൾ വലിച്ചു നീട്ടപ്പെട്ട രീതി വെച്ച് നാളെ അവർ കഴുവേറ്റപ്പെട്ടുകഴിഞ്ഞു എന്ന വിവരം പുറത്തറിയുന്ന നിമിഷം നമ്മുടെ നാട്ടിൽ പടക്കംവരെ പൊട്ടിക്കപ്പെട്ടേക്കാം. ഈ അവസരത്തിലല്ലെങ്കിൽ മറ്റെപ്പോഴാണ് 'വധശിക്ഷയുടെ നൈതികത' ചിന്താവിഷയമാകേണ്ടത്. 

അക്രമികളോട് അഹിംസ വേണോ ?

ലോകമെമ്പാടുമുള്ള പലരും അവരവരുടെ മതവിശ്വാസങ്ങളുടെയും, ചിന്താപദ്ധതികളുടെയും വെളിച്ചത്തിൽ വധശിക്ഷ വേണോ വേണ്ടേ എന്ന വിഷയത്തിൽ രണ്ടഭിപ്രായമുള്ളവരാണ്. കഴിഞ്ഞ ജനുവരിയിൽ പ്രസിദ്ധ അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗ് കുറിച്ച ട്വീറ്റ് ഇങ്ങനെ, " നിർഭയയുടെ അമ്മയുടെ മനോവേദനയോട് പൂർണമായും സമരസപ്പെട്ടുകൊണ്ടുതന്നെ ഞാൻ അവരോട് സ്വന്തം ഭർത്താവിനെ വധിച്ച കേസിൽ വധശിക്ഷയിൽ നിന്ന് നളിനിയെ ഒഴിവാക്കണം എന്ന് കത്തെഴുതിയ സോണിയാ ഗാന്ധിയുടെ മാതൃക പിന്തുടരുന്നതിനെപ്പറ്റി ആലോചിക്കണം എന്ന് അപേക്ഷിക്കുകയാണ്. ഞാൻ നിങ്ങളോടൊപ്പമാണ്, പക്ഷേ അതേ സമയം വധശിക്ഷയ്ക്ക് എതിരും ആണ്"

 

എന്നാൽ ഈ ട്വീറ്റിന്റെ പേരിൽ നിർഭയയുടെ അമ്മ ആശാദേവി തന്നെ നേരിട്ട് ഇന്ദിരാ ജയ്‌സിംഗിനെതിരെ പ്രസ്താവനയുമായി രംഗത്തു വന്നു. "എന്റെ ആരുമല്ല ഇന്ദിരാ ജയ്‌സിംഗ്. ആ ബലാത്കാരികളുടെ അമ്മയാകാം അവർ. മനുഷ്യാവകാശങ്ങളുടെ പേരിൽ പണംതട്ടാൻ നടക്കുന്ന ഇതുപോലുള്ള സ്ത്രീകൾ കാരണമാണ് ഇന്ന് നമ്മുടെ പെൺകുട്ടികൾക്ക് തെരുവിലൂടെ സുരക്ഷിതരായി നടക്കാൻ പറ്റാത്തത്" എന്നായിരുന്നു ആശാദേവിയുടെ പ്രതികരണം. 

ഹിന്ദുമതത്തിലും, ബുദ്ധിസത്തിലും അടിവേരുകളുള്ള അഹിംസ എന്ന തത്വത്തിൽ മുറുകെപ്പിടിച്ചു ഒരാളാണ് മഹാത്മാ ഗാന്ധി. ഏത് തരത്തിലുള്ള അക്രമത്തിനും അദ്ദേഹം എതിരായിരുന്നു. പ്രതികാരമനോഭാവത്തെപ്പറ്റി അദ്ദേഹം പറഞ്ഞത്, " കണ്ണിനു പകരം കണ്ണ് എന്ന രീതി പിന്തുടർന്നാൽ, അധികം വൈകാതെ ഈ ലോകം മുഴുവൻ അന്ധരെക്കൊണ്ട് നിറയും " എന്നാണ്. ബൈബിളിലും അഹിംസയുടെ പാഠങ്ങൾ നമുക്ക് കാണാം. ലൂക്കോസിന്റെ പുസ്തകം ആറാം അധ്യായത്തിൽ കർത്താവ് പറഞ്ഞിട്ടുള്ളത്, "നിന്നെ ഒരു കവിളിൽ അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്കുക" എന്നാണ്. സ്വതവേ കടുത്ത ശിക്ഷകൾ വിവരിച്ചിട്ടുള്ള ഖുർആൻ പോലും ചിലയിടത്ത് ദയാവായ്പ്പിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 

വികസിതമായ പല പാശ്ചാത്യരാജ്യങ്ങളും ശിക്ഷകൾ മാനവപരിഷ്കരണത്തിനുള്ള ഉപാധികളാകണം എന്ന ചിന്താപദ്ധതി പുലർത്തുന്നവയാണ് എങ്കിലും, അമേരിക്കൻ ക്രിമിനൽ കോഡ്, പല കൊടിയ കുറ്റങ്ങൾക്കും വധശിക്ഷ തന്നെ നൽകണം എന്ന അഭിപ്രായമാണ് വെച്ചുപുലർത്തുന്നത്. അവിടെ ഓരോ സ്റ്റേറ്റിലും ഓരോ നിയമമാണ്. താരതമ്യേന മയമുള്ള മസാച്യുസെറ്റ്സിലെ കോടതിയാണ് അടുത്തിടെ ബോസ്റ്റൺ മാരത്തണിൽ ഭീകരാക്രമണം നടത്തിയവർക്ക് വധശിക്ഷ വിധിച്ചത്. യുകെ വധശിക്ഷയോട് എതിർപ്പുള്ള രാജ്യമാണ്. അവിടെ അവസാനമായി ഒരാൾക്ക് വധശിക്ഷ നടപ്പിലാക്കിയത് 1964 -ലാണ്. 

വധശിക്ഷ വേണോ എന്ന ചർച്ച, യഥാർത്ഥത്തിൽ ചെന്ന് നിൽക്കുക ശിക്ഷ നൈതികമോ എന്ന കുറേക്കൂടി വലിയ ചോദ്യത്തിലാണ്. കുറ്റവും ശിക്ഷയും എന്ന പരിപ്രേക്ഷ്യത്തിൽ ശിക്ഷ എന്ന പ്രക്രിയയുടെ മൂന്നു സങ്കല്പങ്ങളെപ്പറ്റി മനസ്സിലാക്കുന്നത് ഇവിടെ സഹായകരമായേക്കും.  

'പ്രതികാരം' എന്ന നിലയിൽ 

"ദുഷ്ടന്മാർ അനുഭവിക്കേണ്ടവരാണ്", " അവൻ ഇഞ്ചിഞ്ചായി വേദന അനുഭവിച്ച് മരിക്കണം, അത്രയ്ക്കു വലിയ ക്രൂരതയാണ്" "മനുഷ്യാവകാശങ്ങളുടെ പേരും പറഞ്ഞുകൊണ്ട് വന്നേക്കരുത്, അവർക്ക് അതിനർഹതയില്ല" ഈ ദിവസങ്ങളിൽ ഇങ്ങനെ പലതും പറഞ്ഞു കേൾക്കുന്നുണ്ട്. ഈ വാദങ്ങൾ പൊതുവെ പ്രതികാര മനോഭാവത്തോടു കൂടിയതാണ്. അവരെ സംബന്ധിച്ചിടത്തോളം പ്രതിക്ക് ശിക്ഷ കിട്ടിയാൽ മാത്രമാണ് നീതി പുലരുന്നത്. കുറ്റം അപൂർവ്വങ്ങളിൽ അപൂർവ്വമാണെങ്കിൽ, മാതൃകാപരമാകാൻ ശിക്ഷയും പരമാവധി തന്നെ ആവണം എന്നാണ് അവരുടെ അഭിപ്രായം. കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷ, മറ്റുള്ള കുറ്റവാളികൾ സമാനമായ കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പ്രേരണയാകും, അവർക്ക് അത് ഭയം പകരും എന്ന് ഇവർ കരുതുന്നു. കുറ്റത്തിന്റെ കടുപ്പത്തിനൊപ്പിച്ചാകണം ശിക്ഷയുടെയും കടുപ്പം എന്ന് അവർ കരുതുന്നു. കണ്ണിനു കണ്ണ്, കൈക്ക് കയ്യ്, കൊലയ്ക്ക് കൊല. ചെറിയ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്നത് പോലെ തന്നെ അനീതിയാണ് വലിയ കുറ്റങ്ങൾക്ക് ചെറിയ ശിക്ഷകൾ നൽകുന്നതും എന്നാണ് അവരുടെ അഭിപ്രായം. 

Is Capital Punishment justifiable even if the crime is rarest of the rare?

 

പ്രതികാരമനോഭാവം ഉള്ളിൽ കാത്തുസൂക്ഷിക്കുന്ന ആളാണ് നിങ്ങളെങ്കിൽ, വധശിക്ഷ നിങ്ങൾക്ക് നീതി പുലരുന്നതിന്റെ മാതൃകയാകും. അപരിഷ്കൃതം എന്ന കാരണത്താൽ വധശിക്ഷയെ എതിർക്കുന്ന മറ്റു ചിലർ പറയുന്നത്, ഒരു ഹൈ സെക്യൂരിറ്റി ജയിലിൽ, ഏകാന്ത തടവിൽ ഒരാളെ പാർപ്പിച്ചാൽ അത് അയാളെ സംബന്ധിച്ചിടത്തോളം വധശിക്ഷയേക്കാൾ കൂടുതൽ വേദന പകരും എന്നാണ്. ഏതിനും റെട്രിബ്യൂഷൻ അഥവാ പ്രതികാരം എന്ന നിലയിൽ ശിക്ഷയെ കാണുന്നവർക്ക് വധശിക്ഷ അതിന്റെ പരമകാഷ്ഠയാണ്. 

'പ്രതിരോധം' എന്ന നിലയിൽ 

" എന്റെ കുഞ്ഞിന് പറ്റിയത് പറ്റി, ഇനിയൊരാൾക്കും ഇങ്ങനെ ഒരാളോടും ചെയ്യാൻ തോന്നാത്ത വിധത്തിലുള്ള ഒരു ശിക്ഷ വേണം ഈ കുറ്റവാളിക്ക് നൽകാൻ " " ഇതൊരു മാതൃകയാക്കണം" "ഇങ്ങനെ ഒന്ന് ചെയ്യാൻ മനസ്സിൽ പോലും ആരും ഓർക്കരുത്" " കഴിയുമെങ്കിൽ പബ്ലിക്കായി നടപ്പിലാക്കണം" "ടിവിയിൽ പ്രക്ഷേപണം ചെയ്യണം" - ഇങ്ങനെയൊക്കെ വാദിക്കുന്നവരും കുറവല്ല. പ്രതികാര മനസ്ഥിതിയെ പഴിക്കുന്നവർ പോലും ഈ കൂട്ടത്തിലുണ്ട് എന്നതാണ് തമാശ. ഒരു വ്യക്തിക്കുമേൽ മറ്റൊരു വ്യക്തി അപാരമായ ശാരീരിക/മാനസിക വേദന ഉണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യുമ്പോഴും അതിനെ നീതീകരിക്കാൻ കഴിയണം എങ്കിൽ, അതുകൊണ്ട് സമൂഹത്തിനു ഗുണകരമായ എന്തെങ്കിലും ഒക്കെ ഭാവിയിൽ സംഭവിക്കണം. ഉദാ. നിരപരാധികളും നിഷ്കളങ്കരും ആയവർക്കുനേരെ നടക്കുന്ന അക്രമങ്ങളിൽ കുറവുണ്ടാകുക. പെൺകുട്ടികൾക്ക് രാത്രിയിലും സുരക്ഷിതമായി പുറത്തിറങ്ങി നടക്കാൻ സാധിക്കുക. എന്നിങ്ങനെ. അങ്ങനെയാകുമ്പോൾ ശിക്ഷ പ്രതികാരമല്ല, സദുദ്ദേശപരമാണ് എന്ന ഒരു ന്യായീകരണം നിങ്ങളുടെ മനസ്സിൽ ഉണ്ടാകും. അത്തരക്കരാണ് പ്രതിരോധമെന്ന നിലയ്ക്ക് ശിക്ഷയെ കാണുന്നവർ. 

Is Capital Punishment justifiable even if the crime is rarest of the rare?

 

സംഭവം ലളിതമാണ്. പലരും നിയമം ലംഘിക്കുന്നത് പ്രത്യാഘാതങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന ധൈര്യമുള്ളതുകൊണ്ടാണ് .ബലാത്സംഗം ചെയ്താലും കേസുണ്ടാകില്ല, ഇനി കേസുണ്ടായാലും സാക്ഷികളെ സ്വാധീനിച്ചും, മിടുക്കരായ വക്കീലന്മാരെക്കൊണ്ട് വാദിച്ചും, ജഡ്ജിമാർക്ക് പണം നൽകിയും ഒക്കെ രക്ഷപ്പെടാം എന്നുളളവരാണ് ഒന്നിലധികം തവണ പാവപ്പെട്ട പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നത്. അവർക്ക് ഈ ശിക്ഷ ഒരു മാതൃകയാവണം. ഇനിയൊരുത്തനും പണത്തിന്റെ ഹുങ്കിൽ ഇങ്ങനെ ചെയ്യരുത്. 

ഇതാണ് നിങ്ങളുടെ നയം എങ്കിൽ അവിടെ രണ്ടു ചോദ്യങ്ങൾ പ്രസക്തമാണ്. എന്താണ് കണക്കുകൾ പറയുന്നത്. ജീവപര്യന്തം തടവുശിക്ഷ നിലവിലുള്ള ഇടങ്ങളിലേതിനേക്കാൾ കുറ്റങ്ങൾ കുറവാണോ വധശിക്ഷ നടപ്പിലാവുന്ന ഇടങ്ങളിൽ?  രണ്ടാമത്തെ ചോദ്യം നൈതികമാണ്. നിയമത്തിന്റെ ഭാഗമായിട്ടാണെങ്കിലും, 'വധിക്കുക' എന്നതിനേക്കാൾ ചെറിയ കുറ്റങ്ങൾക്ക് ഉദാ. കളവ്, വഞ്ചന, നികുതി വെട്ടിപ്പ്, മതനിന്ദ തുടങ്ങിയവയ്ക്ക് കുറ്റവാളികളെ വധശിക്ഷ കാണിച്ച് ഭയപ്പെടുത്തുക എന്ന നയം എത്രമാത്രം നൈതികമാണ്? എന്ന ചോദ്യം. 

'പരിഷ്കരണം' എന്ന നിലയ്ക്ക് 

" ശിക്ഷയുടെ പ്രഥമലക്ഷ്യം തന്നെ 'തങ്ങൾ ചെയ്ത കുറ്റം എത്രമാത്രം ഗൗരവമുള്ളതാണ്' എന്ന ബോധ്യം കുറ്റവാളികളിൽ ഉണ്ടാക്കുക എന്നതാണ്. അവർക്ക് ചെയ്ത കുറ്റത്തിൽ പശ്ചാത്തപിക്കാനും, സ്വയം നന്നാകാനുമുള്ള ഒരു അവസരം നൽകുക, അവരെ കുറേക്കൂടി നല്ല മനുഷ്യരാക്കുക എന്നതാണ്.  വിദ്യാഭ്യാസം, സംവേദനം, പരിഷ്കരണം ഇതൊക്കെ കുറ്റവാളികളും അർഹിക്കുന്നുണ്ട് എന്ന ചിന്ത. അവർ പുനരധിവാസത്തിന് അർഹരാണ് എന്ന കരുതൽ. ഇതൊക്കെയാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. ഒരു നിമിഷത്തെ പ്രലോഭനത്തിന്റെയോ, പ്രകോപനത്തിന്റെയോ പേരിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ചിലരെങ്കിലും പിന്നീട് പശ്ചാത്തപിക്കാറുണ്ട്. അവരെ ഈ ലോകത്തുനിന്ന് ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള ശിക്ഷകൾ പാടില്ല എന്ന് വാദിക്കുന്നവർ കുറവല്ല. ഈ ചിന്താപദ്ധതി വധശിക്ഷയ്ക്ക് എതിരാണ് എന്ന് പറയേണ്ടതില്ലല്ലോ. തൂക്കുകയറിൽ അവസാനിക്കാനിരിക്കുന്ന ജീവിതങ്ങൾക്ക് എന്ത് ആത്മപരിഷ്‌കരണേച്ഛയാകും ഉണ്ടാവുക. 

Is Capital Punishment justifiable even if the crime is rarest of the rare?

 

ഏതാണ് ശരി, ഏതാണ് തെറ്റ്?

ഈ മൂന്നു ദർശനങ്ങളും മൂന്നു തലത്തിൽ കുറ്റത്തെ സമീപിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ശിക്ഷയോടുള്ള അവയുടെ സമീപനത്തിലും അജഗജാന്തരമുണ്ട്. ഒരു ഭരണകൂടത്തിന് അതിന്റെ പൗരന്മാരെ കൊല്ലാൻ അവകാശമുണ്ടോ?  ഒരു കൊലയ്ക്കുള്ള നീതി നടപ്പിലാക്കുന്നത് മറ്റൊരു കൊലയിലൂടെയാണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെ വൈകാരികത വല്ലാതെ സ്വാധീനിക്കും. വധശിക്ഷ പാടില്ല എന്ന് പറഞ്ഞാൽ ആദ്യം ഉയരുന്ന ചോദ്യം, "നിങ്ങളുടെ കുട്ടിക്കാണ് ഈ ഗതി വന്നിരുന്നത് എങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ? " എന്നതാകും. അങ്ങനെ വ്യക്തിനിഷ്ഠമായ വൈകാരികതകൾ ആകരുത് ഒരു സമൂഹത്തിനുള്ളിൽ നീതി നടപ്പിലാക്കുമ്പോൾ പരിഗണിക്കേണ്ടത് എന്നതുമാത്രമാണ് അതിനുള്ള ഉത്തരവും. 

 

Ref: 'Death penalty: is capital punishment morally justified?' : An article by Jeffrey Howard, Lecturer in Political Philosophy, University of Essex, carried in The Conversation.

Follow Us:
Download App:
  • android
  • ios