Asianet News MalayalamAsianet News Malayalam

Plastic Free Life : പ്ലാസ്റ്റിക് ഇല്ലാതെ നമുക്ക് ജീവിക്കാനാവുമോ?

2015 അവസാനം വരെ ലോകത്ത് ഉല്‍പ്പാദിപ്പിച്ചത് 8300 ദശലക്ഷം ടണ്‍ വെര്‍ജിന്‍ പ്ലാസ്റ്റിക്കാണ്. ഇതില്‍ 6,300 ദശലക്ഷം ടണ്ണും ഉപേക്ഷിക്കപ്പെട്ടു.

Is it possible to live without plastic opinion by Prince pangadan
Author
Thiruvananthapuram, First Published Jun 21, 2022, 2:26 PM IST

പ്ലാസ്റ്റിക് മലിനീകരണത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ അവസ്ഥ ആശാസ്യകരമാണ് എന്ന് പറയാനാവില്ല. പ്ലാസ്റ്റിക്കുകളുടെ ഉപയോഗം സംബന്ധിച്ച് കൃത്യമായ നിയമങ്ങള്‍ ഇല്ലാത്തതും, ഉള്ളത് തന്നെ നടപ്പിലാക്കാത്തതും, മാലിന്യസംസ്‌കരണ സംവിധാനത്തിന്റെ അപര്യാപ്തതയും, അവബോധമില്ലായ്മയും എല്ലാം ഇന്ത്യയിലെ മലിനീകരണത്തെ രൂക്ഷമാക്കുന്നു. സംരക്ഷിത വനപ്രദേശങ്ങളിലടക്കം ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രാജ്യത്തെ വ്യാപകമായ കാഴ്ചയാണ്.

 

Is it possible to live without plastic opinion by Prince pangadan

 

നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്ലാസ്റ്റിക് കടന്നുകയറി. അതില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയുമോ? പക്ഷേ ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ട് പോയാല്‍ എന്താകും നമ്മുടെ ഭൂമിയുടെ അവസ്ഥ?

വെറുതെ ഒന്ന് ആലോചിച്ച് നോക്കൂ.

പെട്ടെന്നൊരു ദിവസം ഒരു മാന്ത്രിക വടി വീശുകയും നമ്മുടെ ജീവിതത്തില്‍ നിന്ന് എല്ലാ മേഖലകളില്‍ നിന്നും പ്ലാസ്റ്റിക്ക് നീക്കം ചെയ്യുകയും ചെയ്താലോ? ഭൂമിയെ സംബന്ധിച്ചിടത്തോളം, അത് വളരെ വലിയൊരു സ്വപ്നമാണ്.എന്നാല്‍ നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും പ്ലാസ്റ്റിക് എത്രത്തോളം ഇഴുകിച്ചേര്‍ന്നു കഴിഞ്ഞെന്നത് നമുക്കറിയാവുന്ന സത്യമാണ്. പ്ലാസ്റ്റിക് ഇല്ലാതെ ഇന്ന് നമുക്ക് ജീവിതം സാധ്യമാണോ?

2015 അവസാനം വരെ ലോകത്ത് ഉല്‍പ്പാദിപ്പിച്ചത് 8300 ദശലക്ഷം ടണ്‍ വെര്‍ജിന്‍ പ്ലാസ്റ്റിക്കാണ്. ഇതില്‍ 6,300 ദശലക്ഷം ടണ്ണും ഉപേക്ഷിക്കപ്പെട്ടു. ആ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഭൂരിഭാഗവും ഇപ്പോഴും നമ്മുടെ കൂടെത്തന്നെയുണ്ട്, അവ നശിക്കാതെ പരിസ്ഥിതിയെ ഇപ്പോഴും മലിനമാക്കിക്കൊണ്ടേയിരിക്കുന്നു. അന്റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളിലും, സമുദ്രത്തിലെ ഏറ്റവും ആഴമുള്ള കിടങ്ങുകളില്‍ വസിക്കുന്ന മൃഗങ്ങളുടെ കുടലുകളിലും, ലോകമെമ്പാടുമുള്ള കുടിവെള്ളത്തിലും പേലും മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. അതായത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അത്രയധികം വ്യാപകമായിരിക്കുന്നുവെന്ന് അര്‍ത്ഥം. 

ഇന്ന് നമുക്കറിയാവുന്ന പ്ലാസ്റ്റിക്കുകള്‍ ഇരുപതാം നൂറ്റാണ്ടിലെ കണ്ടുപിടുത്തമാണ്. േഫാസില്‍ ഇന്ധനങ്ങളില്‍ നിന്ന് നിര്‍മ്മിച്ച ആദ്യത്തെ പ്ലാസ്റ്റിക്കായ ബേക്കലൈറ്റ് 1907- ലാണ്  കണ്ടുപിടിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് സൈനികേതര ഉപയോഗത്തിനുള്ള സിന്തറ്റിക് പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം വ്യാവസായിക അടിസ്ഥാനത്തില്‍ ആരംഭിച്ചത്. അതിനുശേഷം, പ്ലാസ്റ്റിക് ഉല്‍പ്പാദനം ഏതാണ്ട് എല്ലാ വര്‍ഷവും വര്‍ദ്ധിച്ചു. 1950-ലെ 1.5 ദശലക്ഷം ടണ്ണില്‍ നിന്ന് 2018 ആയപ്പോഴേക്കും അത് 359 ദശലക്ഷം ടണ്ണായി.

അതായത് പൂര്‍ണ്ണമായും പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ലോകം നമുക്കിനി യാഥാര്‍ത്ഥ്യമല്ല എന്നതാണ് സത്യം. എന്നാല്‍ പെട്ടെന്ന് പ്ലാസ്റ്റിക്ക് നമ്മുടെ ജീവിതത്തില്‍ നിന്ന് ഇല്ലാതായാല്‍ എന്താണ് സംഭവിക്കുക. ഉദാഹരണത്തിന് ആശുപത്രികളില്‍ നിന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്ന അവസ്ഥയെപ്പറ്റി ആലോചിച്ച് നോക്കൂ.

പ്ലാസ്റ്റിക് ഇല്ലാതെ ഒരു ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നത് നമുക്ക് നിലവില്‍ സങ്കല്‍പ്പിക്കാനാകുമോ?

കയ്യുറകള്‍, ട്യൂബുകള്‍, സിറിഞ്ചുകള്‍, ബ്ലഡ് ബാഗുകള്‍, സാമ്പിള്‍ ട്യൂബുകള്‍ എന്നിവയൊക്കെ നിര്‍മ്മിച്ചിരിക്കുന്നത് പ്ലാസ്റ്റിക് ഉപയോഗിച്ചാണ്. പ്ലാസ്റ്റിക് അധിഷ്ഠിത സര്‍ജിക്കല്‍ മാസ്‌കുകളും റെസ്പിറേറ്ററുകളും തുടങ്ങി എത്രയോ വസ്തുക്കള്‍. ഈ രംഗത്തെ ഒരു പഠനമനുസരിച്ച്, ഒരാശുപത്രിയില്‍ താരതമ്യേന ചെറിയ ശസ്ത്രക്രിയയില്‍ പോലും 100-ലധികം വ്യത്യസ്ത പ്ലാസ്റ്റിക് വസ്തുക്കളാണ് ഉപയോഗിക്കുന്നത്. അവയെല്ലാം ഒറ്റ ഉപയോഗത്തിന് ശേഷം മാലിന്യമായി മാറുന്നവയാണ് എന്നതാണ് ഭീകരം.

മാത്രവുമല്ല നമ്മുടെ നിലവിലെ വസ്ത്ര ധാരണത്തില്‍ പോലും വലിയ മാറ്റത്തിന് നാം തയ്യാറാകേണ്ടി വരും. 2018 -ല്‍ ലോകത്ത് ഉത്പാദിപ്പിച്ച ടെക്സ്റ്റയില്‍സ് നൂലുകളില്‍ 62 ശതമാനവും പെട്രോകെമിക്കലുകളില്‍ നിന്ന് നിര്‍മ്മിച്ച സിന്തറ്റിക് ആയിരുന്നു. പരുത്തിയില്‍ നിന്നും മറ്റ് പ്രകൃതിദത്ത വസ്തുക്കളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വസ്ത്രങ്ങള്‍ ലോകത്തിന്റെ നിലവിലെ ആവശ്യവുമായി പൊരുത്തപ്പെട്ട് പോകുന്നതല്ലെന്നതാണ് സത്യം. പാദരക്ഷകളുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. ലോകത്ത് എല്ലാവര്‍ക്കും ആവശ്യമായത്ര തുകല്‍ പാദരക്ഷകള്‍ നിര്‍മ്മിക്കുന്നത് പ്രായോഗികമല്ല. പകരം വേണ്ടി വരുന്നത് പ്ലാസ്റ്റിക്, സിന്തറ്റിക് വസ്തുക്കള്‍കൊണ്ടുള്ള പാദരക്ഷകളാണ്. 2020-ല്‍ തുകല്‍ കൊണ്ട് ലോകത്താകമാനം ആകെ നിര്‍മ്മിക്കാനായത് 20.5 ബില്യണ്‍ പാദരക്ഷകള്‍ മാത്രമാണ്. ഭക്ഷ്യവിതരണ മേഖലയില്‍ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കുന്നത് അത്ര പെട്ടെന്ന് സാധ്യമായ ഒന്നല്ല.

ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളിലും ഖരമാലിന്യത്തിന്റെ പത്ത് ശതമാനത്തോളം പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ്. നിലവില്‍ ഇന്ത്യയിലെ പ്രതിശീര്‍ഷ പ്ലാസ്റ്റിക് ഉപയോഗം ഒരു വര്‍ഷം പതിനൊന്ന് കിലോഗ്രാം ആണ്. ആഗോള ശരാശരിയേക്കാള്‍ ഏറെ താഴെയാണ് ഇത്. ഈ വര്‍ഷം അത്  20 കിലോഗ്രാം ഉയരുമെന്നാണ് പഠനം. പ്ലാസ്റ്റിക് മലിനീകരണത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ അവസ്ഥ ആശാസ്യകരമാണ് എന്ന് പറയാനാവില്ല. പ്ലാസ്റ്റിക്കുകളുടെ ഉപയോഗം സംബന്ധിച്ച് കൃത്യമായ നിയമങ്ങള്‍ ഇല്ലാത്തതും, ഉള്ളത് തന്നെ നടപ്പിലാക്കാത്തതും, മാലിന്യസംസ്‌കരണ സംവിധാനത്തിന്റെ അപര്യാപ്തതയും, അവബോധമില്ലായ്മയും എല്ലാം ഇന്ത്യയിലെ മലിനീകരണത്തെ രൂക്ഷമാക്കുന്നു. സംരക്ഷിത വനപ്രദേശങ്ങളിലടക്കം ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രാജ്യത്തെ വ്യാപകമായ കാഴ്ചയാണ്.

രാജ്യത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 43 ശതമാനവും പാക്കിംങ് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഒറ്റതവണ മാത്രം ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെടുന്നവയാണ് ഇവയില്‍ ഭൂരിപക്ഷവും. ഇവയുടെ തരംതിരിച്ചെടുക്കലും പ്രയാസകരമാണ്. സംസ്‌കരണ രംഗത്ത് കാര്യമായ മാറ്റം വരാതെ രാജ്യത്തെ പ്ലാസ്റ്റിക് മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനാവില്ല.


 

Follow Us:
Download App:
  • android
  • ios