"ആർക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്?" എന്ന് ചോദിച്ചുകൊണ്ട് ജാമിയാ ഇസ്‌ലാമിയ സർവകലാശാലയിലെ പ്രകടനം നടത്തുന്ന വിദ്യാർത്ഥികൾക്കുനേരെ ഒരു ചെറുപ്പക്കാരൻ തോക്കുംചൂണ്ടി നടന്നടുത്തു. ആ തോക്കിൽ നിന്നുതിർന്ന വെടിയുണ്ടയേറ്റ് ജാമിയയിലെ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. വെടിവെച്ചയാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നും അതുകൊണ്ട് പേര് വെളിപ്പെടുത്താനാകില്ല എന്നുമൊക്കെയാണ് പൊലീസിന്റെ പക്ഷം. ഇത്ര ചെറുപ്പം പയ്യന്മാർക്ക് എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ തോക്കെടുത്ത് മറ്റുള്ളവർക്ക് നേരെ വെടിയുതിർക്കാൻ സാധിക്കുന്നത് എന്ന് സകലരും മൂക്കത്ത് വിരൽ വെച്ചുപോയി. ജനങ്ങളുടെ ആശ്ചര്യം ശരിയാണ് എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള മറ്റുചില വാർത്തകളാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നത്. ഈ യുവാവിന്റെ അപ്രതീക്ഷിതമായ ആക്രമണത്തിന് പിന്നില്‍ മറ്റുചിലർ ഉൾപ്പെട്ട വ്യക്തമായ ഗൂഢാലോചന ഉണ്ടായിരുന്നു എന്ന സംശയം അതോടെ ബലപ്പെട്ടിരിക്കുകയാണ്.

ജനുവരി 30 -ന് രാത്രി രാകേഷ് ത്യാഗി എന്നുപേരായ ദില്ലി പൊലീസിലെ ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് ഒരു ലൈവ് വീഡിയോ പുറത്തുവിട്ടു. അതിൽ അയാൾ ഈ വെടിവെപ്പിന് പിന്നിൽ നടന്ന ഗൂഢാലോചനയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുത്തു. ആ വീഡിയോ വളരെ വൈറലാവുകയും ചെയ്തു. താനാണ് ആ പയ്യനോട് ജെഎൻയുവിലോ ജാമിയയിലോ പോയി വേണ്ടത് ചെയ്യാൻ പറഞ്ഞത് എന്നും, അവനോട് എല്ലാ ഉത്തരവാദിത്തവും താൻ ഏറ്റെടുത്തുകൊള്ളാം എന്നും പറഞ്ഞിരുന്നു എന്ന് ആ വീഡിയോയിൽ ത്യാഗി പറഞ്ഞു.. വെടിവെച്ച പയ്യൻ നിരപരാധിയാണെന്നും, അവനെ വിട്ടയച്ച് പൊലീസ് തന്നെ അറസ്റ്റു ചെയ്യണം എന്നുകൂടി  ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ത്യാഗിയുടെ വീഡിയോ സന്ദേശം. 

അവൻ എന്നോട് പറഞ്ഞു," എനിക്ക് എന്തെങ്കിലും കാര്യമായിത്തന്നെ ചെയ്യണം ചേട്ടാ.." 

2014 -ൽ ദില്ലി പൊലീസിൽ നിന്ന് റിട്ടയർമെന്റ് എടുത്തതാണ് രാകേഷ് ത്യാഗി. കഴിഞ്ഞമാസം ഫേസ്‌ബുക്കിലൂടെ തന്റെ പഴയ യൂണിഫോമും എടുത്തിട്ട് ലൈവ് വന്ന്, "പ്രകടനക്കാരെയും കല്ലേറ് നടത്തുന്നവരെയും ഒക്കെ വെടിവെച്ചു കൊന്നുകളയും" എന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ ത്യാഗിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അന്ന് സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടയക്കുകയായിരുന്നു അയാളെ. ജനുവരി 30 -ന് രാത്രി വീണ്ടും ത്യാഗി ഫേസ്ബുക്കിൽ ലൈവ് ആയി വന്ന്, ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തുകയായിരുന്നു. "ജാമിയയിൽ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ആ പയ്യൻ എന്നെക്കാണാൻ വന്നിരുന്നു. എനിക്ക് എന്തെങ്കിലും കാര്യമായിത്തന്നെ ചെയ്യണം ചേട്ടാ എന്ന് അവൻ അന്നെന്നോട് പറഞ്ഞു."

 

രാകേഷ് ത്യാഗിയുടെ വീഡിയോയിലെ പ്രസക്തമായ പരാമർശങ്ങൾ 

- കുറച്ചധികം കാലമായി ഞാൻ ഇങ്ങനെയൊന്ന് പ്ലാൻ ചെയ്യുന്നു. 
- അവിടെ ചെന്ന് ഹിന്ദുസ്ഥാൻ സിന്ദാബാദ് എന്നും, ദില്ലി പൊലീസ് സിന്ദാബാദ് എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ വിളിക്കണമെന്നും ഞാൻ അവനോട് പറഞ്ഞിരുന്നു. 
- പക്ഷേ, അവന് ആ പിസ്റ്റൾ ആരാണ് സംഘടിപ്പിച്ചു നൽകിയത് എന്ന് എനിക്കറിയില്ല.
- 2002 -2003 കാലത്ത് മോദി ദില്ലിയിൽ വരുമ്പോഴൊക്കെ ഞാൻ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ടീമിൽ ഉണ്ടാവുമായിരുന്നു.
- ഞാൻ മോദിജിയുടെയും നഥുറാം ഗോഡ്സേയുടെയും ആരാധകനാണ്. അവരുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളാണ്.
- ജാമിയയിൽ നടന്നതിന്‍റെ പൂർണമായ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. 
- ആ പാവം പയ്യനെ വിട്ടയച്ച്, എന്നെ അറസ്റ്റുചെയ്യുകയാണ് ദില്ലി പൊലീസിന് ചെയ്യാനുള്ളത്. 

കഴിഞ്ഞ തവണ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ കാരണമായ പ്രസംഗത്തിനിടെ ത്യാഗി പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടത് എന്ന് അമിത് ഷായുടെയും ദില്ലി ഡിസിപിയുടെയും ഒക്കെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ട് ആഹ്വാനം ചെയ്തിരുന്നു. ഷാഹീൻ ബാഗിൽ നടക്കുന്ന പ്രകടനങ്ങൾക്ക് എതിരായും ത്യാഗി നിരന്തരം പോസ്റ്റുകൾ ചെയ്തുപോന്നിരുന്നു.

വെടിവെച്ച യുവാവ് ആരാണ് ?

ഗ്രെയ്റ്റർ നോയിഡ സ്വദേശിയാണ് വെടിവെച്ച ചെറുപ്പക്കാരൻ. ആദ്യം പയ്യൻ 19 വയസ്സുകാരനാണ് എന്നുപറഞ്ഞ പൊലീസ് പിന്നീട് പറഞ്ഞത് അവന് പ്രായപൂർത്തി ആയിട്ടില്ല എന്നാണ്. സ്വന്തം പേരിനു മുന്നിലായി 'രാം ഭക്ത്' എന്ന് ചേർത്താണ് അവൻ  സാമൂഹ്യ മാധ്യമങ്ങളിൽ പ്രൊഫൈലുകൾ ഉണ്ടാക്കിയിരുന്നത്. എന്നുമാത്രമല്ല, സാമൂഹ്യമാധ്യമങ്ങളിൽ തീവ്രഹിന്ദുത്വ പ്രചാരകരുടെയെല്ലാം ആരാധകൻ കൂടിയാണ് ഈ യുവാവ്. തന്റെ ഫേസ്ബുക് പ്രൊഫൈൽ വഴി നിരന്തരം ആയുധങ്ങളും മറ്റും പ്രദർശിപ്പിച്ചുകൊണ്ട് ഏറെ പ്രകോപനപരമായ സന്ദേശങ്ങൾ പോസ്റ്റുചെയ്യുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു.