''എന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും അമ്മായിയമ്മയെയും ഏതോ ഒരു വണ്ടിയിൽ കയറ്റി, അവർക്ക് ചുറ്റുമുണ്ടായിരുന്ന ഹമാസ് തീവ്രവാദികളെയും എനിക്ക് തിരിച്ചറിയാനായി. എന്റെ ചെറിയ രണ്ട് പെൺകുട്ടികൾ, അവർ കുഞ്ഞുങ്ങൾ മാത്രമാണ്, അവർക്ക് 5 വയസ്സ് പോലും ആയിട്ടില്ല. അവരെ എന്ത് സാഹചര്യത്തിലാണ് ബന്ദികളാക്കിയതെന്ന് എനിക്കറിയില്ല.''
ഇസ്രയേലിലെ ഹമാസ് അക്രമത്തിന് പിന്നാലെ സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് കാണാതായിരിക്കുന്നത്. അവരെ ഹമാസ് ഗ്രൂപ്പ് ബന്ദികളാക്കിയിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച പൊടുന്നനെ ഹമാസ് അക്രമം തുടങ്ങിയതിന് പിന്നാലെ 600 ഇസ്രയേലുകാരും ഗാസയിൽ 370 പേരും കൊല്ലപ്പെട്ടു എന്ന് കണക്കുകൾ പറയുന്നു. കാണാതായവരിൽ ഇസ്രായേലിൽ നിന്നുള്ള തന്റെ ഭാര്യയും കുട്ടികളും ഉൾപ്പെടുന്നുവെന്നും 'തീവ്രവാദികൾ ഇവിടെയുണ്ട്' എന്ന് കാണാതാവുന്നതിന് തൊട്ടുമുമ്പ് ഭാര്യ തന്നെ വിളിച്ചു പറഞ്ഞുവെന്നും വെളിപ്പെടുത്തുകയാണ് യോണി അഷർ എന്ന ഇസ്രയേലുകാരൻ.
വാരാന്ത്യത്തിൽ ഹമാസ് ഗ്രൂപ്പ് അക്രമിക്കുമ്പോൾ ആ അമ്മയും മക്കളും ഗാസ അതിർത്തിയിലായിരുന്നു. ഡോറൺ ആഷർ എന്ന സ്ത്രീയെയും കുട്ടികളെയുമാണ് കാണാതായത്. ഗാസ അതിർത്തിയോട് ചേർന്നുള്ള നിർ ഓസ് ഗ്രാമത്തിലുള്ള മുത്തശ്ശിയെ കാണാൻ പെൺമക്കളോടൊപ്പം പോവുകയായിരുന്നു സ്ത്രീ എന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. അക്രമത്തെക്കുറിച്ച് പറയാൻ വേണ്ടി അവർ മധ്യ ഇസ്രായേലിലുള്ള ഭർത്താവ് യോണി ആഷറിനെ വിളിച്ചിരുന്നു. “ഭീകരർ വീട്ടിൽ ഉണ്ടെന്ന് അവൾ എന്നോട് പറഞ്ഞു” എന്നാണ് അഷർ പറഞ്ഞത്. പിന്നാലെ, ഫോൺബന്ധം വിച്ഛേദിക്കപ്പെട്ടു. അതിനുശേഷം തനിക്ക് അവളിൽ നിന്നും വിവരങ്ങളൊന്നും കിട്ടിയില്ല. പിന്നീട്, ഗൂഗിൾ അക്കൗണ്ട് വഴി ഭാര്യയുടെ ഫോൺ ട്രാക്ക് ചെയ്തപ്പോൾ അവളുടെ ലൊക്കേഷൻ ഗാസയിലെ ഖാൻ യൂനിസ് ആണെന്ന് കണ്ടെത്തി എന്നും അദ്ദേഹം പറയുന്നു.
പിന്നീട്, ഭാര്യയെയും മക്കളെയും ഗാസയിലേക്ക് കൊണ്ടുപോകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മറ്റ് ബന്ദികൾക്കൊപ്പം വാഹനത്തിൽ ഇരിക്കാൻ കുടുംബത്തോട് ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. "എന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും അമ്മായിയമ്മയെയും ഏതോ ഒരു വണ്ടിയിൽ കയറ്റി, അവർക്ക് ചുറ്റുമുണ്ടായിരുന്ന ഹമാസ് തീവ്രവാദികളെയും എനിക്ക് തിരിച്ചറിയാനായി. എന്റെ ചെറിയ രണ്ട് പെൺകുട്ടികൾ, അവർ കുഞ്ഞുങ്ങൾ മാത്രമാണ്, അവർക്ക് 5 വയസ്സ് പോലും ആയിട്ടില്ല. അവരെ എന്ത് സാഹചര്യത്തിലാണ് ബന്ദികളാക്കിയതെന്ന് എനിക്കറിയില്ല. അവർക്ക് എന്ത് സംഭവിച്ചുവെന്നും എനിക്കറിയില്ല" എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
അവരെ മോചിപ്പിച്ച് അവർക്ക് പകരം തന്നെ ബന്ദിയാക്കിക്കൊള്ളൂ എന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. "എനിക്ക് ഹമാസിനോട് പറയണം, അവരെ ഉപദ്രവിക്കരുത്. ചെറിയ കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കരുത്. അവർക്ക് പകരം നിങ്ങൾക്ക് എന്നെ വേണമെങ്കിൽ കൊണ്ടുപോകാം. വരാൻ ഞാൻ തയ്യാറാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ന്യൂയോർക്കറുമായുള്ള അഭിമുഖത്തിൽ അഷർ പറഞ്ഞത്, തന്റെ കുടുംബത്തെ തിരികെ കിട്ടുന്നതിന് വേണ്ടി താൻ സർക്കാരിനോട് അഭ്യർത്ഥിക്കാൻ ശ്രമിക്കുകയാണ് എന്നാണ്. "എന്നാൽ, ഇതുവരെയായി ഒരു സാമൂഹിക പ്രവർത്തകൻ മാത്രമാണ് തന്നെ വിളിച്ചത്. കഴിഞ്ഞ 15 മണിക്കൂറായി താൻ ഉറങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും കഴിക്കാനാകുമെന്നും താൻ കരുതുന്നില്ല. തനിക്ക് ആകെ ചെയ്യാനാവുന്നത് തന്റെ കുട്ടികളുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഷെയർ ചെയ്യാൻ എല്ലാവരോടും അഭ്യർത്ഥിക്കുക എന്നത് മാത്രമാണ്" എന്നും അഷർ പറയുന്നു.
ഞായറാഴ്ച, സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും പ്രതികരണമുണ്ടായി. എന്നാൽ ആർക്കും പുതിയ വിശദാംശങ്ങളൊന്നും നൽകാൻ കഴിഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു. "തീർച്ചയായും, മറ്റെല്ലാ രക്ഷിതാക്കളെയും പോലെ, എനിക്കും പേടിയാണ്. വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ താൻ കടുത്ത ആശങ്ക അനുഭവിക്കുകയാണ്. ഈ അനിശ്ചിതത്വം കൈകാര്യം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. തന്റെ കുടുംബം തിരികെ വീട്ടിലെത്താൻ എത്രകാലം കാത്തിരിക്കേണ്ടി വരും എന്ന് തനിക്ക് അറിയില്ല. ഓരോ ദിവസവും നിങ്ങൾ അധികൃതരെ വിളിക്കുന്നു. അവർ നിങ്ങൾക്ക് ഒരുത്തരവും തരുന്നില്ല. ഈ അവസ്ഥയിൽ മുഴുവനായും ഉപേക്ഷിക്കപ്പെട്ട ഒരാളെ പോലെയാണ് തനിക്ക് തോന്നുന്നത്" എന്നും അഷർ പ്രതികരിച്ചു.
വായിക്കാം: 75 വര്‍ഷം 18 യുദ്ധങ്ങള്‍; പതിനായിരങ്ങള്‍ മരിച്ച് വീണ മിഡില്‍ ഈസ്റ്റ് എന്ന യുദ്ധഭൂമി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

