Asianet News MalayalamAsianet News Malayalam

യുദ്ധത്തിനിടയില്‍ കാണാതായ സൈനികന്‍റെ ഭൗതികാവശിഷ്ടം 37 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി, ജന്മനാട്ടിലേക്ക് തിരികെയെത്തിച്ച് ഇസ്രായേൽ

പുടിന്റെ ഇടപെടലിന് നന്ദി പറഞ്ഞു കൊണ്ട് നെതന്യാഹുവും പ്രതികരിക്കയുണ്ടായി. സിറിയയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നടക്കുന്ന ആഭ്യന്തര യുദ്ധത്തിൽ സിറിയൻ ഗവണ്മെന്റിനെ റഷ്യൻ സർക്കാർ സൈനികമായി പിന്തുണയ്ക്കുന്നതിനാൽ സിറിയയുമായി സൗഹൃദം നിലനിൽക്കുന്നുണ്ട്‌. അതുകൊണ്ടാണ്   ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്താൻ റഷ്യൻ സർക്കാറിന് കഴിഞ്ഞത്. 
 

Israel recovers remains of soldier with the help of Russia
Author
Israel, First Published Apr 4, 2019, 6:14 PM IST

1982 -ൽ ലെബനന്‍ യുദ്ധം നടക്കുന്ന കാലം... മൂന്നുരാജ്യങ്ങൾക്കും ഇടയിലായി കിടക്കുന്ന പൊതു അതിർത്തിയാണ് സുൽത്താൻ യാക്കൂബ്. അവിടെവെച്ച് ഇസ്രയേലും സിറിയയും തമ്മിൽ ഒരു യുദ്ധം നടന്നു, 'സുൽത്താൻ യാക്കൂബ് യുദ്ധം' എന്നാണ് ആ യുദ്ധത്തെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്രായേലി സൈന്യം സിറിയയുമായും കൊരുക്കുകയായിരുന്നു. വെറും എട്ടുമണിക്കൂർ മാത്രം നീണ്ടുനിന്ന ആ യുദ്ധത്തിൽ ഇസ്രായേലിന് എട്ടു ടാങ്കുകൾ നഷ്ടപ്പെട്ടു. ഇസ്രായേലി ഡിഫൻസ് ഫോഴ്‌സിലെ (IDF) 30 ഭടന്മാർക്ക് ജീവൻ നഷ്ടമായി. അഞ്ച് സൈനികരെ ആ യുദ്ധത്തിനിടെ കാണാതെയായി. വർഷങ്ങൾക്കു ശേഷം അതിൽ രണ്ടുപേരെ  ഇസ്രായേൽ തങ്ങളുടെ നയതന്ത്ര ബന്ധങ്ങളുപയോഗിച്ച് ജീവനോടെ തന്നെ തിരിച്ച് നാട്ടിലെത്തിച്ചിരുന്നു. വർഷങ്ങളായി മറ്റു മൂന്നുപേരെക്കുറിച്ചും യാതൊരു വിവരവും ഇല്ലായിരുന്നു ഇസ്രായേലിന്.

ട്വീറ്റ് വഴിയാണ് അവർ ഈ വിവരം പുറം ലോകത്തെ അറിയിച്ചത്

സൈനിക ഓപ്പറേഷനിടെ കാണാതെയായ ആ സൈനികരുടെ  ഭൗതികാവശിഷ്ടങ്ങളെങ്കിലും കണ്ടെത്താനും തിരിച്ച്   ജന്മനാട്ടിലേക്ക് കൊണ്ടുവന്ന് പൂർണ്ണ സൈനിക ബഹുമതികളോടെ അവരുടെ അന്തിമ ചടങ്ങുകൾ നടത്താനും വേണ്ടി ഇസ്രായേൽ നടത്തിക്കൊണ്ടിരുന്ന  ശ്രമങ്ങൾ ഒടുവിൽ നീണ്ട 37  വർഷങ്ങൾക്കിപ്പുറം ഭാഗികമായെങ്കിലും സഫലമായിരിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ മാധ്യസ്ഥത്തിൽ,  ഈ മൂന്നു സൈനികരിൽ ഒരാളായ സാർജന്റ് സാക്കറി ബൗമേലിന്റെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചുകൊണ്ടുവരുന്നതിൽ വിജയിച്ചിരിക്കുകയാണ് ഇസ്രായേൽ. IDF -ന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ നിന്നുമുള്ള ഒരു ട്വീറ്റ് വഴിയാണ് അവർ ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. 

റഷ്യൻ പ്രസിഡന്റ് പുടിൻ നേരിട്ട്  ഈ വിഷയം ലോകമാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച  പുടിനും ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന ചർച്ചയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം ഇങ്ങനെ പറഞ്ഞു, "ഞങ്ങളുടെ സൈനികരും, സിറിയയുടെ ഭടന്മാരും ചേർന്ന് സംയുക്തമായി നടത്തിയ ഒരു സെർച്ച് ഓപ്പറേഷനിൽ സാക്കറി ബൗമേലിന്റെ  ഭൗതിക ശരീരം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം കൃത്യമായി കണ്ടെത്തി, അത് ശേഖരിച്ച്, ഇസ്രായേലിന് കൈമാറി. ഇനിയെങ്കിലും അർഹിക്കുന്ന സൈനിക ബഹുമതികൾ നൽകി അദ്ദേഹത്തിന് അന്ത്യവിശ്രമം നൽകാൻ അവർക്ക് കഴിയട്ടെ." 

ഇന്ന് ഈ വിഷയത്തിലെ ചില സംശയങ്ങളെങ്കിലും നീങ്ങിയിരിക്കുന്നു

പുടിന്റെ ഇടപെടലിന് നന്ദി പറഞ്ഞു കൊണ്ട് നെതന്യാഹുവും പ്രതികരിക്കയുണ്ടായി. സിറിയയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നടക്കുന്ന ആഭ്യന്തര യുദ്ധത്തിൽ സിറിയൻ ഗവണ്മെന്റിനെ റഷ്യൻ സർക്കാർ സൈനികമായി പിന്തുണയ്ക്കുന്നതിനാൽ സിറിയയുമായി സൗഹൃദം നിലനിൽക്കുന്നുണ്ട്‌. അതുകൊണ്ടാണ്   ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്താൻ റഷ്യൻ സർക്കാറിന് കഴിഞ്ഞത്. 

സിറിയയും ഇസ്രയേലും തമ്മിൽ 1948  തൊട്ടേ കടുത്ത ശത്രുതയിലും അതിർത്തിയ്ക്കപ്പുറവും ഇപ്പുറവും നിന്നുള്ള  ആക്രമണ പ്രത്യാക്രമണങ്ങളിലുമാണ്. എന്നാലും തങ്ങൾക്കു നഷ്ടപ്പെട്ടു പോയ മൂന്നു സൈനികരെ കണ്ടെത്തുന്നതിനായി ഇസ്രായേൽ പരിശ്രമിച്ചുകൊണ്ടിരുന്നു. അവർ മരിച്ചിരിക്കും എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അതിനിടെയാണ് ഒരു ഇസ്രായേലി പത്രം ഒരു വെളിപ്പെടുത്തൽ നടത്തുന്നത്. ഈ മൂന്നു സൈനികരെയും സിറിയൻ സൈന്യം വധിച്ചിരുന്നു എന്നും അവരുടെ ശരീരങ്ങൾ തെക്കൻ ഡമാസ്കസിലെ  യർമൗക്കിലെ ഒരു അഭയാർത്ഥി കാമ്പിനടുത്ത് മറവുചെയ്തിരിക്കുകയാണ് എന്നുമാണ് ആ റിപ്പോർട്ട് പറഞ്ഞത്. 

''ഇന്ന് ഈ വിഷയത്തിലെ ചില സംശയങ്ങളെങ്കിലും നീങ്ങിയിരിക്കുന്നു.. " എന്നാണ് നെതന്യാഹു ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത്.  " ജന്മനാടിനു വേണ്ടി ജീവൻ പോലും ബലിയർപ്പിക്കാൻ തയ്യാറെടുത്തുകൊണ്ട് ഇസ്രായേലി സൈന്യത്തിൽ ചേരുന്ന ഓരോ സൈനികരോടും അവരുടെ ജനറൽമാർ എന്ന നിലയിൽ ഞങ്ങൾക്ക് ഇത്രയെങ്കിലും ചെയ്യാനുള്ള കടമയുണ്ട്.. അത് നിറവേറ്റുക മാത്രമാണ് ഞങ്ങൾ ചെയ്തത്.. " എന്ന് ഇസ്രായേലി സൈനികത്തലവൻ ലെഫ്റ്റനന്റ് ജനറൽ അവീവ് കൊച്ചാവിയും പറഞ്ഞു. 

ഡിഎൻഎ ടെസ്റ്റ് നടത്തി അത് ബൗമേലിന്റേത് തന്നെയാണെന്നും അവർ ഉറപ്പിച്ചിട്ടുണ്ട്

വർഷങ്ങൾ നീണ്ടുനിന്ന, ഒരുപാട് പ്രയത്നവും സാമ്പത്തികച്ചെലവും ഉൾപ്പെട്ട ഒരു വലിയ ഓപ്പറേഷനിലാണ് ഇസ്രായേൽ സൈന്യം അങ്ങനെ ഭാഗികമായെങ്കിലും വിജയം കണ്ടിരിക്കുന്നത്. നിരവധി പഠനങ്ങളും ഗവേഷണങ്ങളും സൈന്യം ഇതിന്റെ ഭാഗമായി നടത്തി. പ്രത്യക്ഷവും പരോക്ഷവുമായ നയതന്ത്ര ബന്ധങ്ങൾ ഉപയോഗപ്പെടുത്തി. ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്നും പരമാവധി വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്തു. ഇപ്പോൾ ആ ഭൗതികാവശിഷ്ടങ്ങളുടെ ഡിഎൻഎ ടെസ്റ്റ് നടത്തി അത് ബൗമേലിന്റേത് തന്നെയാണെന്നും അവർ ഉറപ്പിച്ചിട്ടുണ്ട്. ബൗമേൽ മരിച്ചത് എങ്ങനെയാണെന്നും അദ്ദേഹത്തിന്റെ മരണകാരണമായത് എന്താണെന്നും ഒക്കെയറിയാനുള്ള പഠനങ്ങൾ ഇനി നടക്കാനിരിക്കുന്നതേയുള്ളൂ എന്ന് ഇസ്രായേലി ഫോറൻസിക് വിദഗ്ദ്ധർ പറയുന്നു. 

അതേസമയം, ഇനിയും കണ്ടുപിടിക്കാനുള്ള ബാക്കി രണ്ടുപേരുടെ ഭൗതികാവശിഷ്ടങ്ങൾക്കായുള്ള തിരച്ചിലിലാണ് ഇസ്രായേലി സൈന്യം. എന്നെങ്കിലും കണ്ടെത്താനാവും എന്ന ശുഭ പ്രതീക്ഷയോടെ..


 

Follow Us:
Download App:
  • android
  • ios