ഒന്നരവര്‍ഷമായിട്ടും അവസാനമില്ലാതെ തുടരുന്ന യുദ്ധം തങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തിയെന്നും  ഇനി യുദ്ധത്തിനില്ലെന്നും സൈനികർ തങ്ങളുടെ സൈനിക മേധാവിയെ അറിയിക്കുകയായിരുന്നു. 


2023 ഒക്ടോബര്‍ ഏഴിനായിരുന്നു സായുധരായ ഹമാസ് സംഘം രാത്രിയുടെ മറവില്‍ ഇസ്രയേലിലേക്ക് ഇരച്ച് കയറി നൂറുകണക്കിനാളുകളെ കൊല്ലുകയും കുട്ടികൾ അടക്കമുള്ള നൂറുകണക്കിനാളുകളെ ബന്ദികളാക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ഇസ്രയേല്‍ ആരംഭിച്ച യുദ്ധം ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. അതേസമയം ഗാസ ഏതാണ്ട് പൂര്‍ണ്ണമായും തകരുകയും ചെയ്തു. എന്നാല്‍, ഹമാസ് പിടിച്ച് കൊണ്ട് പോയ ബന്ദികളെയെല്ലാവരെയും മോചിപ്പിക്കാന്‍ മൊസാദിനോ ഇസ്രയേൽ സൈന്യത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം എല്ലാ ബന്ദികളെയും തിരികെ കിട്ടാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 

നേരത്തെയും ഇസ്രയേല്‍ സൈന്യം ഗാസ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരുന്നു. നിരന്തരമായ ആക്രമണം സൈന്യത്തിന്‍റെ ശേഷിയെ ദൂര്‍ബലപ്പെടുത്തുകയും സൈനികരെ മാനസികമായി തളര്‍ത്തുകയും ചെയ്തതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി രണ്ട് ഇസ്രയേലി സൈനികര്‍ യുദ്ധം ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചത്. ഗാസയ്ക്കെതിരെ പോരാടുന്നതിന് വിസമ്മതിച്ച നഹല്‍ ബ്രിഗേഡിലെ രണ്ട് സൈനികര്‍ക്കും ഇസ്രയേല്‍ സൈനിക കോടതി തടവിന് ശിക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. ഇരുവർക്കും 20 ദിവസത്തെ തടവ് ശിക്ഷയാണ് നല്‍കിയതെന്ന് ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്ഫോമായ കാനിനെ ഉദ്ധരിച്ച് അനദേലു ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഒന്നരവര്‍ഷമായിട്ടും അവസാനമില്ലാതെ തുടരുന്ന യുദ്ധം തങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തിയെന്നും അതിനാല്‍ യുദ്ധം ചെയ്യാന്‍ കഴിയില്ലെന്നും സൈനികര്‍ അവരുടെ ബറ്റാലിയന്‍ കമാൻഡറെ അറിയിച്ചു. പിന്നാലെ ഉത്തരവുകൾ അനുസരിക്കാന്‍ അദ്ദേഹം യുവസൈകരോട് നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് സൈനിക കോടതിയുടെ നടപടിയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ ഗാസയില്‍ യുദ്ധം ചെയ്യുന്ന 12 ശതമാനം വരുന്ന ഇസ്രയേല്‍ സൈനികര്‍ക്കിടയില്‍ പോസ്റ്റ് - ട്രോമാറ്റിക് സ്ട്രൈസ് ഡിസോർഡറിന്‍റെ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടെന്ന് പഠന റിപ്പോര്‍ട്ട് പുറത്തിറങ്ങിയിരുന്നു.