രാജകീയ എസ്റ്റേറ്റായ സാൻഡ്രിംഗ്ഹാമിലാണ് ചാൾസ് വേട്ടയ്ക്കെത്തിയത്. എന്നാല്‍, അവിടെ വേട്ടയാടാന്‍ ആവശ്യത്തിന് പക്ഷികളില്ലാതിരുന്നത് അദ്ദേഹത്തെ ദേഷ്യത്തിലാക്കി. 

വെടിവയ്ക്കാൻ ആവശ്യത്തിന്. ഫെസന്‍റുകൾ ഇല്ലാത്തതിനെ തുടർന്ന് രോഷാകുലനായ ബ്രീട്ടീഷ് രാജാവ് ചാൾസ് (76) ഗെയിംകീപ്പറെ പുറത്താക്കിയതായി റിപ്പോർട്ട്. ബ്രീട്ടീഷ് രാജകുടുംബത്തിന്‍റെ കീഴിലുള്ള സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ വേട്ടയാടുന്ന പക്ഷികളുടെ എണ്ണം കുറഞ്ഞു വരികയാണന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. വിനോദത്തിനായി പക്ഷികളെ വേട്ടയാടുന്നതിൽ ഏറെ തല്പരനായ ചാൾസിനെ ഇത് ഏറെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇംഗ്ലണ്ടിലെ നോർഫോക്കിലുള്ള ഒരു രാജകീയ എസ്റ്റേറ്റാണ് സാൻഡ്രിംഗ്ഹാം. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ സ്വകാര്യ വസതികളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. മുമ്പ് എലിസബത്ത് രാജ്ഞിയും ഇപ്പോൾ ചാൾസ് രാജാവും വിനോദത്തിനും മറ്റുമായി ഏറെനേരം ചെലവഴിക്കുന്നത് ഇവിടെയാണ്. ബ്രിട്ടീഷ് രാജകുടുംബം പരമ്പരാഗതമായി ക്രിസ്മസും പുതുവത്സരവും ആഘോഷിക്കുന്നതും ഇവിടെ വെച്ചാണ്.

(2004 -ല്‍ നടന്ന ഒരു ഫെസന്‍റ് വേട്ടയുടെ ചിത്രം ഗെറ്റിയില്‍ നിന്നും)

വേട്ടയാടൽ ഇന്ന് ഒരു വിവാദ കായിക വിനോദമാണെങ്കിലും, സാൻഡ്രിംഗ്ഹാമില്‍ ഇംഗ്ലണ്ട് രാജകുടുംബത്തിന്‍റെ പ്രധാന വിനോദമാണ് വേട്ടയാടൽ. പ്രത്യേകിച്ച്, ഫെസന്‍റ് വെടിവയ്പ്പ് ബ്രിട്ടീഷ് പ്രഭുക്കന്മാർക്കിടയിൽ ഒരു പരമ്പരാഗത ശൈത്യകാല വിനോദമായാണ് ഇത് അറിയപ്പെടുന്നത്. കൂടാതെ പതിറ്റാണ്ടുകളായി നിരവധി രാജകീയ വേട്ടകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുള്ള ഇടം കൂടിയാണ് സാൻഡ്രിംഗ്ഹാം.

വേട്ടയാടലിനായി ഇംഗ്ലണ്ടിൽ വളർത്തുന്ന ചുരുക്കം പക്ഷികളിൽ ഒന്നാണ് ഫെസന്‍റുകൾ. വേട്ടയാടുക എന്ന ഒരറ്റ ഉദ്ദേശ്യത്തോടെയാണ് ഫെസന്‍റുകളെ വളർത്തുന്നത് തന്നെ. സംഗതി എന്താണെങ്കിലും സാൻഡ്രിംഗ്ഹാമിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി ചാൾസിനെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് ദ സൺ റിപ്പോർട്ട് ചെയ്തത്. സാൻഡ്രിംഗ്ഹാമിൽ നടക്കുന്ന പരമ്പരാഗത ബോക്സിംഗ് ഡേ ഷൂട്ടിൽ എല്ലാ വർഷവും രാജകുടുംബം പങ്കെടുക്കാറുണ്ട്, എന്നാൽ, ഈ വർഷം ഷൂട്ടിംഗ് പാർട്ടി തന്നെ റദ്ദാക്കുമെന്നാണ് ചാൾസ് പറഞ്ഞിരിക്കുന്നത്. ബ്രിട്ടീഷ് രാജകീയ കലണ്ടറിൽ പതിറ്റാണ്ടുകളായി സ്ഥിരമായി ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഇവന്‍റാണ് ബോക്സിംഗ് ഡേ ഷൂട്ട്.