ജാതകത്തില്‍ പറഞ്ഞത് വാഹനമിടിച്ച് മറ്റൊരാള്‍ കൊല്ലപ്പെടുമെന്ന്. 28 വയസായിട്ടും വാഹനമോടിക്കാതെ ഐടി എഞ്ചിനീയര്‍. വൈറലായി പോസ്റ്റ്.
സ്വന്തമായി ജോലിയുള്ള, ഒരു കുട്ടിയുടെ പിതാവായ 28 വയസുകാരനായ ഐടി എഞ്ചിനീയർക്ക് ഓഫീസിലേക്ക് പോകാൻ ഇപ്പോഴും അച്ഛന്റെ സഹായം തേടണം. അഹമ്മദാബാദ് ആസ്ഥാനമായുള്ള 'ന്യൂകോൺസ്' കമ്പനിയുടെ സ്ഥാപകൻ പ്രിതേഷ് ലഖാനി പങ്കുവെച്ച ഒരു എക്സ് (ട്വിറ്റർ) പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. 'പിശാചുക്കൾ ജനിക്കുന്നതല്ല; ചിലപ്പോഴൊക്കെ അവരെ ജാതകം വഴി നിർമ്മിച്ചെടുക്കുന്നതാണ്' എന്ന ആമുഖത്തോടെയാണ് പ്രിതേഷ് ലഖാനി പോസ്റ്റ് പങ്കുവെച്ചത്.
ലഖാനി പരിചയപ്പെട്ട ആ 28 -കാരന് ജീവിതത്തിൽ ഇന്നുവരെ ഒരു വാഹനം പോലും ഓടിക്കാൻ അനുവാദം കിട്ടിയിട്ടില്ലത്രെ. കാരണം മറ്റൊന്നുമല്ല, അവൻ വാഹനം ഓടിച്ചാൽ മറ്റൊരാളെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് കുട്ടിക്കാലത്ത് എഴുതിയ ജാതകത്തിൽ പറയുന്നത്. ഈ ഭയം കാരണം ചെറുപ്പത്തിൽ ഒരു സൈക്കിൾ പോലും ഓടിക്കാൻ വീട്ടുകാർ അവനെ അനുവദിച്ചിരുന്നില്ല. അതുകാരണം, വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിട്ടും യുവാവിനെ ദിവസവും ഓഫീസിൽ കൊണ്ടുവിടുന്നത് അച്ഛനാണ്. ഇത് കേട്ടപ്പോൾ, 'നിങ്ങളുടെ മകന്റെ ജാതകത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് എന്താണ് പറയുന്നത്' എന്ന് യുവാവിന്റെ പിതാവിനോട് ചോദിക്കാതിരിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും ലഖാനി കുറിച്ചു.
പോസ്റ്റ് വൈറലായി മാറിയതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും ഇത്തരം വിശ്വാസങ്ങൾക്ക് പിന്നാലെ പോകുന്നതിനെ പലരും വിമർശിച്ചു. 'എന്നെ അത്ഭുതപ്പെടുത്തുന്നത് ജ്യോതിഷമല്ല, മറിച്ച് ആളുകൾ തങ്ങളുടെ സ്വന്തം ബുദ്ധിയും വിവേചനശക്തിയും ഇതിനായി പണയം വെക്കുന്നു എന്നുള്ളതാണ്' എന്ന് സാർത്ഥക് ലോഹ്യ എന്നയാൾ കുറിച്ചു.
ഒരു സുഹൃത്തിന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് മറ്റൊരാൾ എഴുതിയത് ഇങ്ങനെ; 'എന്റെ ഒരു സുഹൃത്ത് ജീവിതത്തിൽ വിവാഹമേ കഴിച്ചില്ല. കാരണം, വിവാഹം കഴിച്ചാൽ ഭാര്യ മരിച്ചുപോകുമെന്നാണ് അയാളുടെ ജാതകത്തിൽ ഉണ്ടായിരുന്നത്. ഒരുപാട് ആലോചനകൾ വന്നിട്ടും, ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും അയാൾ ആ അന്ധവിശ്വാസത്തിൽ തന്നെ ജീവിച്ചു'.
