ആളുകൾ കരുതിയിരുന്നതുപോലെ കോച്ചിൽ പാമ്പ് കയറിയിട്ടില്ല എന്നാണ് മെട്രോ റെയിൽ കോർപറേഷന്റെ വിശദീകരണം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഒരു വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഡെൽഹി മെട്രോയിലെ ലേഡീസ് കോച്ചിൽ നിന്നാണ് വീഡിയോ പകർത്തിയിരുന്നത്. കോച്ചിലുണ്ടായിരുന്ന യാത്രക്കാർ ആകെ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. അതോടെ കോച്ചിൽ പാമ്പിനെ കണ്ടു എന്ന പേരിലും വീഡിയോ പ്രചരിച്ച് തുടങ്ങി.

കോച്ചിൽ‌ പാമ്പുണ്ടായിതിനാലാണ് യാത്രക്കാർ ആകെ പരിഭ്രാന്തരായത് എന്ന് വന്നതോടെ ആളുകൾ മെട്രോയിലെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കാനും വിമർശിക്കാനും ഒക്കെ തുടങ്ങി. എന്നാലിപ്പോൾ, ഇതിന്റെ വിശദീകരണവുമായി രം​ഗത്ത് വന്നിരിക്കയാണ് ഡെൽഹി മെട്രോ റെയിൽ കോർപറേഷൻ.

ആളുകൾ കരുതിയിരുന്നതുപോലെ കോച്ചിൽ പാമ്പ് കയറിയിട്ടില്ല എന്നാണ് മെട്രോ റെയിൽ കോർപറേഷന്റെ വിശദീകരണം. പകരം അതിലുണ്ടായിരുന്നത് ഒരു പല്ലിയാണ് എന്നും, അതിന് പിന്നാലെയാണ് യാത്രക്കാർ പരിഭ്രാന്തരായത് എന്നും അധികൃതർ പറയുന്നു.

Scroll to load tweet…

'വനിതാ കോച്ചിൽ പാമ്പിനെ കണ്ടതായിട്ടുള്ള ഒരു വൈറൽ വീഡിയോ പ്രചരിക്കുന്നുണ്ട്. അക്ഷർധാം മെട്രോ സ്റ്റേഷനിൽ നിന്ന് ട്രെയിൻ ഒഴിപ്പിച്ച് വിശദമായ പരിശോധനയ്ക്കായി ഡിപ്പോയിലേക്ക് അയച്ചിരുന്നു. ബന്ധപ്പെട്ട സംഘം ട്രെയിനിലെ ദൃശ്യങ്ങളും കോച്ചും സൂക്ഷ്മമായി പരിശോധിച്ചെങ്കിലും ഒരു പാമ്പിനെയും കണ്ടെത്തിയിട്ടില്ല, എന്നാൽ ഒരു കുഞ്ഞിപ്പല്ലിയെ കണ്ടെത്തിയിട്ടുണ്ട്' എന്നാണ് ഡിഎംആർസി എക്‌സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റിൽ പറയുന്നത്.

യാത്രക്കാരുടെ സുരക്ഷയ്ക്ക് തന്നെയാണ് ഡിഎംആർസി മുൻഗണന നൽകുന്നത്. അവർക്കുണ്ടായ ആശങ്ക പരിഹരിക്കാൻ പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ചു. യാത്രക്കാർ ജാ​ഗ്രത പാലിക്കുകയും അത്തരം എന്തെങ്കിലും സംഭവങ്ങളുണ്ടായാൽ അപ്പോൾ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും വേണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും പോസ്റ്റിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം