ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ഇന്ത്യൻ ജുംകയോട് സാമ്യമുള്ള കമ്മലണിഞ്ഞ ചിത്രം പങ്കുവെച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ ചിത്രം ഇന്ത്യൻ 'ദേശി കമ്മലി'നെക്കുറിച്ചും അതിൻ്റെ ആഗോള സ്വീകാര്യതയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിവെച്ചു. മെലോനിയുടെ ഇന്ത്യൻ ജുംകകളോടുള്ള താൽപ്പര്യവും മുൻകാലങ്ങളിൽ ഫാഷൻ ലോകത്ത് ജുംകകൾ ചർച്ചയായതും ലേഖനത്തിൽ പറയുന്നു.

ലോകമെങ്ങുമുള്ള സമൂഹ മാധ്യമങ്ങളിലെ ചർച്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ദേശി കമ്മലിനെ കുറിച്ചാണ്. ഇറാന് നേരെയുള്ള ഇസ്രയേൽ - യുഎസ് അക്രമണവും വെടിനിർത്തലും ഹോർമൂസ് ഉപരോധവും ലോകത്തെ വലയ്ക്കുന്നതിനിടെയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ കമ്മൽ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പിന്നാലെ കമ്മൽ ഇന്ത്യയിൽ നിന്നുള്ള സമ്മാനമാണോയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിച്ചു.

ഇന്ത്യൻ കമ്മലിൽ സുന്ദരിയായ മെലോനി

പരമ്പരാഗത ഇന്ത്യൻ കമ്മലുകളോട് സാമ്യമുള്ള ഒരു ജോഡി വെള്ളി കമ്മലുകൾ ധരിച്ച ഒരു സെൽഫി ജോർജിയ മെലോനിയ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ഇന്ത്യൻ സമൂഹ മാധ്യമ ഉപയോക്താക്കൾ ഇരച്ചെത്തിയത്. ഇൻസ്റ്റാഗ്രാമിലും എക്സിലും ആ കമ്മലുകളെ കുറിച്ചുള്ള കഥകളാൽ നിറഞ്ഞു. ചിത്രത്തോടൊപ്പമുള്ള മെലോനിയയുടെ കുറിപ്പ് ഇറ്റലിയുടെ പരമാധികാരത്തെയും താൽപ്പര്യങ്ങളെയും കുറിച്ചുള്ള ഗൗരവമേറിയ രാഷ്ട്രീയ പ്രസ്താവനയാണെങ്കിലും ഇന്ത്യൻ 'ദേശി കമ്മൽ' ആണ് ചർച്ചകളിൽ ഇടം നേടിയത്. പിന്നാലെ ഇന്ത്യൻ ജുംകകളിലെ കരകൗശല ശൈലിയെ കുറിച്ചും അതിന്‍റെ ആഗോള സ്വീകാര്യതെയെ കുറിച്ചും വലിയൊരു ചർച്ച തന്നെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു.

View post on Instagram

ആവശ്യക്കാരേറുന്ന ഇന്ത്യൻ ജുംക

അതേസമയം മറ്റ് ചിലർ മെലോനിയയുടെ പഴയ പോസ്റ്റുകളിലും അവരുടെ ഇന്ത്യൻ ജുംകകളോടുള്ള താത്പര്യം കാണാമെന്ന് ചിത്രങ്ങൾ സഹിതം ചൂണ്ടിക്കാട്ടി. പാരീസ് ഫാഷൻ വീക്കിൽ റാൽഫ് ലോറൻ അവരുടെ ഫാൾ/വിന്‍റർ 2026–27 ശേഖരത്തിൽ 'ജുംക-സ്റ്റൈൽ' കമ്മലുകൾ അവതരിപ്പിച്ചിരുന്നു, എന്നാൽ അവയുടെ ദക്ഷിണേഷ്യൻ പൈതൃകം മറച്ച് വച്ച് അവ വെറും 'വിന്‍റേജ് ആക്‌സസറികൾ' എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇത് കോർപ്പറേറ്റുകൾ ഇന്ത്യൻ സാംസ്കാരിക പാരമ്പര്യത്തെ മറച്ച് വയ്ക്കുകയാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മെലോനിയ, ഇന്ത്യൻ ജുംകകളോട് സാമ്യമുള്ള കമ്മൽ ധരിച്ചെത്തിയത്. ഇന്ത്യൻ ആക്‌സസറികൾ ആര് ധരിച്ചാലും അവ‍ർ മനോഹരിയാകുമെന്നായിരുന്നു ചിലരുടെ നീരീക്ഷണം. അതേസമയം മെലോനി സ്യൂട്ട് മാറ്റി ലോഹ്രി ധരിച്ചാൽ തനി പഞ്ചാബിക്കാരിയാകുമെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. മറ്റ് ചിലർ അത് ഇന്ത്യയിൽ നിന്നുള്ള സമ്മാനമാണോയെന്നായിരുന്നു ചോദിച്ചത്.