ജീവിതച്ചെലവ് കുതിച്ചുയരുന്നതിനെതിരെ ഇറ്റലിയിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. മിലാൻ, ബൊലോഞ്ഞ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. വിലക്കയറ്റം, കുറഞ്ഞ വേതനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുള്ള അക്രമങ്ങളെ പ്രധാനമന്ത്രി ജോർജിയ മെലോണി ശക്തമായി അപലപിച്ചു.
ജീവിതച്ചെലവ് കുതിച്ചുയരുന്നതിനെതിരെ ഇറ്റലിയിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. മിലാൻ, ബൊലോഞ്ഞ തുടങ്ങിയ ഇറ്റാലിയൻ നഗരങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാൻ മിലാനിൽ കണ്ണീർവാതകവും ബൊലോഞ്ഞയിൽ ജലപീരങ്കിയും പ്രയോഗിച്ചെന്ന് റിപ്പോർട്ടുകൾ. സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി പേരെ പോലീസ് അറസ്റ്റ് നടന്നതായും റിപ്പോർട്ടുകളുണ്ട്. അക്രമത്തെ പ്രധാനമന്ത്രി ജോർജിയ മെലോണി ശക്തമായി അപലപിച്ചു.
കടകൾ കൊള്ളയടിച്ചും തീ വെച്ചും പ്രതിഷേധക്കാർ
ശനിയാഴ്ചയാണ് മിലാനിലെ പ്രശസ്തമായ ഗോത്തിക് കത്തീഡ്രലിന് മുന്നിലുള്ള പിയാസ ഡുവോമോയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലുകളും മറ്റ് വസ്തുക്കളും എറിഞ്ഞതോടെ സ്ഥിതിഗതികൾ വഷളായെന്ന് റിപ്പോർട്ടുകൾ. ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധങ്ങളോട് സമാനമായി ഇറ്റലിയിലും മുഖംമൂടി ധരിച്ച പ്രതിഷേധക്കാരാണ് മുന്നിൽ. പ്രതിഷേധക്കാരെ ഗല്ലേറിയ വിറ്റോറിയോ ഇമ്മാനുവേൽ രണ്ടാമൻ എന്ന ആഡംബര ഷോപ്പിങ് കേന്ദ്രത്തിൽനിന്ന് ഒഴിപ്പിക്കാൻ കലാപവിരുദ്ധ പൊലീസ് ഏറെ പാടുപെട്ടെന്ന് റിപ്പോർട്ടുകൾ.
കണ്ണീർവാതകവും ജലപീരങ്കിയും
സംഘർഷത്തെ തുടർന്ന് പ്രധാന നഗരങ്ങളിലെ കടകൾ ഷട്ടറുകളടച്ചു. വിനോദസഞ്ചാരികൾ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോയി. നഗരത്തിലെ ഡുവോമോ മെട്രോ സ്റ്റേഷനും താൽക്കാലികമായി അടച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും ചിലരെ അറസ്റ്റ് ചെയ്തതായും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബൊലോഞ്ഞയിൽ പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഏഴ് പേരെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഎസ്എ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനും മുൻകരുതലിന്റെ ഭാഗമായി അടച്ചതായി മെലോണി അറിയിച്ചു.
പൊറുതിമുട്ടി ജനം
വിലക്കയറ്റം, കുറഞ്ഞ വേതനം, പൊതുജനാരോഗ്യ മേഖലയിലെ അപര്യാപ്തത, പൊതുവിദ്യാലയങ്ങളുടെ മോശം അവസ്ഥ എന്നിവയോടുള്ള പ്രതിഷേധമാണ് ജനങ്ങളെ തെരുവുകളിലേക്കെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. മിലാനിൽ മാത്രം അയ്യായിരത്തിലധികം പേർ റാലിയിൽ പങ്കെടുത്തെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണച്ച മെലോണി, അക്രമവും നശീകരണവും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. അക്രമസംഭവങ്ങളെ പ്രതിപക്ഷ പാർട്ടികൾ വ്യക്തമായി അപലപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അയൽരാജ്യമായ ഫ്രാൻസിൽ ജീവിത ചെലവ് വർദ്ധിക്കുന്നതിനെതിരെയും നിലവാരമില്ലാത്ത സ്കൂൾ സംവിധാനങ്ങൾക്കെതിരെയും നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഇറ്റലിയിലും ജനം തെരുവിൽ പ്രതിഷേധങ്ങളുമായി ഇറങ്ങിയത്.


