കുങ്കുമപ്പൂവിന്റെ ഡിമാന്റ് ഇന്ത്യയിലെ വിപണി കീഴടക്കിയ പോലെ വാനിലയും കര്‍ഷകര്‍ക്ക് വരുമാനം നേടിക്കൊടുക്കുന്ന വിളയാണ്. വാനിലയുടെ വര്‍ധിച്ചുവരുന്ന ആവശ്യം തന്നെയാണ് ലോകത്താകമാനമുള്ള കര്‍ഷകര്‍ക്ക് മികച്ച ലാഭം നേടാനുള്ള വഴിയൊരുക്കുന്നത്. കേരളത്തില്‍ മറ്റുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വിലയില്‍ നേരിയ ഇടിവ് സംഭവിച്ച സാഹചര്യത്തില്‍ വാനിലക്കര്‍ഷകര്‍ ആശ്വാസം അനുഭവിക്കുകയാണ്.

ഉണങ്ങിയ വാനിലയുടെ ബീന്‍സിന് കിലോഗ്രാമിന് 22,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് ഇപ്പോള്‍ വിലയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ വാനിലക്കര്‍ഷകര്‍ പറയുന്നത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നേരിയ തോതിലുള്ള വിലയിടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ കൃഷി ലാഭം തന്നെയാണെന്നാണ്.

വാനിലക്കൃഷിയില്‍ നിന്ന് ആദായം കിട്ടുമെന്നുള്ളതുകൊണ്ട് കേരളത്തിലും നിരവധി കര്‍ഷകര്‍ കൃഷിയിലേക്ക് തിരിയുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും കര്‍ഷകരുടെ എണ്ണം 3000-ത്തോളം വര്‍ധിച്ചിട്ടുണ്ട്.

വാനിലയുടെ വിലയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇടുക്കിയിലെ വാനിലക്കര്‍ഷകനായ ജോസഫ് സെബാസ്റ്റ്യന്‍ കൃഷി ജാഗരണ്‍ എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇന്തോനേഷ്യ, ഉഗാണ്ട, മഡഗാസ്‌കര്‍ എന്നിവിടങ്ങളില്‍ കൃഷി ആരംഭിച്ചിട്ടുണ്ടെങ്കിലും രണ്ടു വര്‍ഷങ്ങള്‍ കൂടിക്കഴിയാതെ വിളവെടുക്കാന്‍ കഴിയില്ല. 2021 ആകുമ്പോള്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പദാനം കൂടി ആഗോളവിപണിയിലെത്തുമ്പോള്‍ വിലനിലവാരത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ജോസഫ് പറയുന്നു.

ഇന്ത്യയിലെ ഉത്പാദനത്തില്‍ 10 ശതമാനം വളര്‍ച്ചയുണ്ട്. കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയായതുകൊണ്ട് ഏകദേശം 40 ടണ്‍ ഉത്പാദനം ഇന്ത്യയിലുണ്ട്. വാനിലയുടെ വിളവെടുപ്പ്കാലം ഒക്ടോബര്‍,നവംബര്‍,ഡിസംബര്‍ മാസങ്ങളിലാണ്. വാനിലക്കര്‍ഷകര്‍ കയറ്റുമതി സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി വാനിലയ്ക്ക് ഉയര്‍ന്ന വില ലഭിക്കുന്നുണ്ട്. തൊഴിലാളികളുടെ അധ്വാനം ആവശ്യമുള്ള വിളയാണ് വാനില. പരാഗണം നടത്താന്‍ മനുഷ്യരുടെ സഹായം ആവശ്യമാണ്.

വാനില കൃഷി ചെയ്യാം

കേരളത്തില്‍ വാനില കൃഷി ചെയ്യാന്‍ തുടങ്ങിയത് 1990 ലാണ്. വാനില ആദ്യമായി ഉത്പാദിപ്പിച്ചത് മഡഗാസ്‌കറിലായിരുന്നു. അവിടെ ഉത്പാദനം കുറയുമ്പോള്‍ ഇന്ത്യയില്‍ കര്‍ഷകര്‍ വാനിലക്കൃഷിയിലേക്ക് തിരിയുകയും വന്‍ലാഭമുണ്ടാക്കാന്‍ തുടങ്ങുകയും ചെയ്തുവെന്നത് ചരിത്രം.

കേരളത്തില്‍ വാനിലക്കൃഷിയുള്ളത് ഇടുക്കി, വയനാട്, എറണാകുളം എന്നിവിടങ്ങളിലാണ്. ഇളകിയ മേല്‍മണ്ണിലാണ് വാനിലക്കൃഷി ലാഭകരമാകുന്നത്. വര്‍ഷത്തില്‍ 150 മില്ലി വരെ മഴ ലഭിക്കുന്നതും ഈര്‍പ്പവും ചൂടുള്ളതുമായ പ്രദേശങ്ങളാണ് അഭികാമ്യം.

രണ്ടുതവണ വാനില നടാം. മെയ് മാസത്തിലും സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയും. വാനിലയുടെ തണ്ട് മുറിച്ചും ചെറിയ തൈകള്‍ നട്ടും കൃഷി ചെയ്യാം. 15 മുതല്‍ 20 വരെ ഇടമുട്ടുകളുള്ള തണ്ട് നട്ടാല്‍ പെട്ടെന്ന് പുഷ്പിക്കും.

നടാനുപയോഗിക്കുന്ന തണ്ടിന്റെ ഇല വേര്‍പെടുത്തിയ ചുവടുഭാഗം, താങ്ങായി ഉപയോഗിക്കുന്ന ശീമക്കൊന്ന പോലുള്ള മരത്തിന്റെ ചുവട്ടിലെ മണ്ണിളക്കി നടണം. മൂന്ന് സെന്റീമീറ്റര്‍ കനത്തില്‍ ഇതിന്റെ മുകളില്‍ നനഞ്ഞ മണ്ണ് വിതറണം. വള്ളികള്‍ വളരുമ്പോള്‍ തണ്ടിന്റെ മുകള്‍ഭാഗം താങ്ങുകാലിനോട് ചേര്‍ത്ത്‌കെട്ടണം.

പുതയിടാന്‍ കരിയിലയും വൈക്കോലും ഉപയോഗിക്കാം. ചെറുതായി നനച്ചുകൊടുക്കണം. വാനിലയുടെ തണ്ടുകള്‍ വേരുപിടിക്കാന്‍ രണ്ട് മാസം ആവശ്യമാണ്.

വളപ്രയോഗവും ജലസേചനവും

ജൈവവളമാണ് വാനിലയുടെ വളര്‍ച്ചയ്ക്ക് നല്ലത്. രാസവളമിശ്രിതം ഇലകളില്‍ തളിക്കുന്നവരുണ്ട്. സാധാരണയായി പച്ചിലകളും കമ്പോസ്റ്റും കടലപ്പിണ്ണാക്കുമാണ് വളമായി നല്‍കുന്നത്. വേനല്‍ക്കാലങ്ങളില്‍ നന്നായി നനയ്ക്കണം.

പുതയിടല്‍

വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും പുതയിടുന്നത് നല്ലതാണ്. വാനിലയുടെ തണ്ടില്‍ നിന്നും അല്‍പം അകലെ മാറി വേണം പുതയിടാന്‍.

മൂന്ന് വര്‍ഷം ആകുമ്പോള്‍ വാനിലയില്‍ പൂവിടും. സ്വപരാഗണം നടക്കാത്ത സസ്യമാണ് വാനില. കൈകള്‍ ഉപയോഗിച്ച് പൂ വിരിഞ്ഞ ദിവസം തന്നെ കൃത്രമി പരാഗണം നടത്തണം. പരാഗണം നടന്നാല്‍ കായ്കള്‍ പിടിച്ചു തുടങ്ങും. ഏകദേശം 11 മാസമായാല്‍ വിളവെടുപ്പ് നടത്താം.

ഇടവിളയായി കൃഷി ചെയ്യാവുന്നതാണ് വാനില. വിപണിയില്‍ നിന്ന് ലാഭം കിട്ടാത്തതും രോഗബാധകളും കാരണം കര്‍ഷകര്‍ വാനിലക്കൃഷിയില്‍ നിന്ന് പിന്തിരിഞ്ഞ സാഹചര്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വിപണന സാധ്യതകള്‍ കൂടിവരികയാണ്. കര്‍ഷകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്ന വിളയായി വാനില മാറുന്നു.