Asianet News MalayalamAsianet News Malayalam

സ്ത്രീവേഷം കെട്ടി പട്ടാപ്പകൽ ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ, എല്ലാത്തിനും സഹായിച്ചത് കാമുകി 

മാനുവലിന്റെ കാമുകിയാണ് അയാളെ സ്ത്രീവേഷം കെട്ടാനും അവിടെ നിന്നും രക്ഷപ്പെടാനും സഹായിച്ചത്. അവൾക്ക് വേണ്ടിയും തിരച്ചിൽ നടക്കുന്നുണ്ട്.

jail inmate disguised as woman escapes in Venezuela rlp
Author
First Published Mar 29, 2024, 12:22 PM IST

സ്ത്രീവേഷം കെട്ടി ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ. വെനസ്വേലക്കാരനായ മാനുവൽ ലോറെൻസോ അവില അൽവാറാഡോ എന്ന 25 കാരനാണ് ജയിലിൽ നിന്നും സ്ത്രീവേഷം കെട്ടി ​ഗാർഡുകൾ നോക്കിനിൽക്കെത്തന്നെ പുറത്തുപോയത്. കവർച്ച, കൊലപാതകം എന്നിവയാണ് ഇയാളുടെ പേരിലുള്ള കുറ്റം. മാർച്ച് 13 -ന് സന്ദർശനസമയം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഇയാൾ ജയിൽ ചാടിയത്. 

പ്രാദേശിക പത്രമായ എൽ കാരബോബെനോ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വി​ഗ്​ഗും സ്ത്രീകളുടെ വേഷവും ധരിച്ച മാനുവലിനെ തിരിച്ചറിയാൻ ജയിൽ ​ഗാർഡുകൾക്ക് പോലും കഴിഞ്ഞില്ല. അങ്ങനെ ​ഗാർഡുകളെ പറ്റിച്ചുകൊണ്ട് ഇയാൾ ജയിലിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ജയിലിലെ സിസിടിവി ദൃശ്യങ്ങളനുസരിച്ച് ഇയാൾ രക്ഷപ്പെടുന്നത് സ്ത്രീകളായ സന്ദർശകർക്കൊപ്പമാണ്. സന്ദർശനസമയം അവസാനിച്ചതിനാൽ നിരവധി സ്ത്രീകൾ അതുവഴി ജയിലിന് പുറത്തേക്ക് പോകുന്നുണ്ടായിരുന്നു. ഇവർക്കൊപ്പം സ്ത്രീവേഷത്തിൽ മാനുവലും പുറത്തേക്കിറങ്ങുകയായിരുന്നു. 

സംഭവത്തോടെ നാല് ​ഗാർഡുകളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മാനുവലിന്റെ കാമുകിയാണ് അയാളെ സ്ത്രീവേഷം കെട്ടാനും അവിടെ നിന്നും രക്ഷപ്പെടാനും സഹായിച്ചത്. അവൾക്ക് വേണ്ടിയും തിരച്ചിൽ നടക്കുന്നുണ്ട്. എന്നാൽ, രണ്ടുപേരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 

എന്നാൽ, ഇത് ആദ്യമായിട്ടല്ല ഇങ്ങനെ പുരുഷ തടവുകാർ സ്ത്രീവേഷം കെട്ടി ജയിലിൽ നിന്നും രക്ഷപ്പെടുന്നത്.  സമാനമായ സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരാഗ്വേ സ്വദേശിയായ ഗോർഡിറ്റോ ലിൻഡോ, കറുത്ത വിഗ്ഗും മേക്കപ്പും സ്ത്രീകളുടെ വസ്ത്രങ്ങളും ധരിച്ച് ജയിലിൽ നിന്ന് മുൻവാതിലിലൂടെ തന്നെ പുറത്തിറങ്ങി രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ, രക്ഷപ്പെട്ട് മണിക്കൂറുകൾക്കകം അധികൃതർ ഇയാളെ പിടികൂടി എന്നതും വസ്തുതയാണ്.

മറ്റൊരു സംഭവം ഫിലാഡൽഫിയയിലായിരുന്നു. ഇവിടെ കറക്ഷണൽ സെന്ററിൽ, നാസിർ ഗ്രാൻ്റ് എന്ന അന്തേവാസിയാണ് സ്ത്രീ വേഷം ധരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സ്ത്രീയോടൊപ്പം യുഎസ് മാർഷൽ സർവീസ് ഗ്രാൻ്റിനെ അധികം വൈകാതെ തന്നെ പിടികൂടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios