തുടര്‍ന്ന് വന്ന ആറ് മാസങ്ങളില്‍ അവള്‍ കഠിനമായ പരിശീലനത്തെ അതിജീവിച്ചു. ആദ്യമായി നെറ്റില്‍ ബാസ്കറ്റ്ബോള്‍ വീണപ്പോള്‍ അവളതുവരെ കണ്ടെത്താത്ത സമാധാനം മനസ്സില്‍ നിറഞ്ഞു.

ഇന്‍ഷാ ബഷീര്‍ ജമ്മു-കാശ്മീരില്‍ നിന്നുള്ള ആദ്യത്തെ വനിതാ വീല്‍ചെയര്‍ ബൗണ്ട് ബാസ്കറ്റ്ബോള്‍ പ്ലെയറാണ്. നാഷണല്‍ ലെവല്‍ മത്സരത്തില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ച ഇന്‍ഷാ അന്താരാഷ്ട്ര തലത്തിലും തന്‍റെ കഴിവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്. 

പതിനഞ്ചാമത്തെ വയസ്സില്‍ പണി നടന്നുകൊണ്ടിരിക്കുന്ന സ്വന്തം വീടിന്‍റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴെ വീണതാണ് ഇന്‍ഷാ. വീഴ്ചയില്‍ സ്പൈനല്‍ കോഡിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ആവശ്യമായ മെഡിക്കല്‍ ഗൈഡന്‍സോ സൗകര്യമോ ഇല്ലാത്തത് അവളുടെ പരിക്കിനെ കൂടുതല്‍ ഗുരുതരമാക്കി. ആറ് മാസത്തിനുള്ളില്‍ എല്ലാം ശരിയാവുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ഇന്നും അവളുടെ ജീവിതം വീല്‍ചെയറില്‍ തന്നെയാണ്. 

''പതിനഞ്ചാമത്തെ വയസ്സില്‍ ഒരു പെണ്‍കുട്ടിയോട്, 'ജീവിതത്തിലിനിയൊരിക്കലും നടക്കാനാകില്ലെ'ന്ന് പറയുന്ന അവസ്ഥയും അത് കേള്‍ക്കേണ്ടി വരുന്ന അവസ്ഥയും അത്രയേറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഞാന്‍ തകര്‍ന്നുപോയി. പക്ഷെ, പേഴ്സണലായും പ്രൊഫഷണലായും ഒരുപാട് പേര്‍ തനിക്ക് ധൈര്യത്തോടെ ജീവിക്കാനുള്ള പ്രചോദനം തന്നുകൊണ്ടിരുന്നു.'' ഇന്‍ഷാ പറയുന്നു. 

വീട്ടുകാരുടെ പ്രോത്സാഹനത്തോടെ അവള്‍ ബി എയും ബി എഡ്ഡും പൂര്‍ത്തിയാക്കി. പക്ഷെ, അപ്പോഴും ജോലി കിട്ടിയില്ല. ശാരീരികമായി മാത്രമല്ല, സാമ്പത്തികമായിക്കൂടി വീട്ടുകാരെ ആശ്രയിക്കേണ്ടി വരുന്നു എന്നത് അവളെ ഏറെ വേദനിപ്പിച്ചു. പല ബന്ധുക്കളും ഇന്‍ഷാ അന്ന് ആ അപകടത്തില്‍ മരിച്ചു പോയാല്‍ മതിയായിരുന്നു എന്നുവരെ പറഞ്ഞിരുന്നു. എല്ലാ വാതിലുകളും അവള്‍ക്ക് മുന്നില്‍ അടഞ്ഞു. അവള്‍ വിഷാദത്തിലേക്ക് വീണു. 

എല്ലാ ബുദ്ധിമുട്ടുകളിലും വേദനകളിലും അവള്‍ക്ക് താങ്ങും തണലുമായി നിന്നത് അവളുടെ പിതാവായിരുന്നു. പക്ഷെ, അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍ രോഗം സ്ഥിരീകരിച്ചു. ഇത് ഇന്‍ഷായെ ആകെ തളര്‍ത്തിക്കളഞ്ഞു. മാത്രമല്ല, വീട്ടിലെ ഉത്തരവാദിത്തം കൂടി അവള്‍ക്ക് ഏറ്റെടുക്കേണ്ടതായി വന്നു. അങ്ങനെ, സ്വന്തം അവസ്ഥയിലെന്തെങ്കിലും മാറ്റമുണ്ടാക്കാനാകുമോ എന്ന അന്വേഷണത്തിലായി അവള്‍. അങ്ങനെയാണ്, ഷഫ്ഖത്ത് റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ നിന്ന് ഫിസിയോ തെറാപ്പി ചെയ്ത് തുടങ്ങിയത്. അവിടെവെച്ചാണ് വീല്‍ച്ചെയറിലിരുന്ന് തന്നെ ബാസ്ക്കറ്റ്ബോള്‍ കളിക്കുന്ന പുരുഷന്മാരെ അവള്‍ കാണുന്നത്. അതും അവളേക്കാള്‍ മോശം ആരോഗ്യാവസ്ഥയിലുള്ളവര്‍. ചെറുപ്പത്തിലെ കായികയിനങ്ങളോട് താല്‍പര്യമുണ്ടായിരുന്നതിനാല്‍, തന്നേയും ടീമില്‍ ചേര്‍ക്കുമോ എന്നവള്‍ ചോദിച്ചു. 

തുടര്‍ന്ന് വന്ന ആറ് മാസങ്ങളില്‍ അവള്‍ കഠിനമായ പരിശീലനത്തെ അതിജീവിച്ചു. ആദ്യമായി നെറ്റില്‍ ബാസ്കറ്റ്ബോള്‍ വീണപ്പോള്‍ അവളതുവരെ കണ്ടെത്താത്ത സമാധാനം മനസ്സില്‍ നിറഞ്ഞു. എല്ലാ നെഗറ്റീവ് ചിന്തകളുമൊഴിഞ്ഞു. ഓരോ തവണ ബോളെടുക്കുമ്പോഴും താന്‍ ജീവിച്ചിരിക്കുന്നു എന്ന ചിന്ത ആവളെ ആവേശിച്ചു. പക്ഷെ, അപ്പോഴും ജമ്മു കാശ്മീരില്‍ അങ്ങനെയൊരു വനിതാ ടീം ഉണ്ടായിരുന്നില്ല. അവള്‍ ഹൈദരാബാദില്‍ ചെന്നു. നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. അതാണ് അവളുടെ ഏറ്റവും സന്തോഷം നിറഞ്ഞ ഓര്‍മ്മ പോലും. അവിടെ അവള്‍ ഏഴ് പോയിന്‍റ് നേടി. അത് അവളുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. 

ദില്ലിയിലേക്ക്..
മാച്ചിനുശേഷം അവള്‍ ദില്ലിയിലേക്ക് മാറി. അപ്പോഴും വീട്ടുകാര്‍ അവള്‍ക്ക് തനിച്ച് ദില്ലിയില്‍ ജീവിക്കാനുള്ള അനുവാദം നല്‍കാന്‍ ഭയന്നിരുന്നു. അതിന്‍റെ ഭാഗമായി വീട്ടില്‍ കുറേ വൈകാരികരംഗങ്ങള്‍ അരങ്ങേറുകയും ചെയ്തു. പക്ഷെ, ദില്ലിയിലേക്ക് പോകാനുള്ള ഇന്‍ഷായുടെ തീരുമാനത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. 

ഒരു വര്‍ഷമായി അവള്‍ ദില്ലിയില്‍ കഴിയുന്നു. ദിവസവും അമര്‍ജ്യോതി സ്കൂളില്‍ ചെല്ലുന്നു. അതിനിടയില്‍ അവള്‍ കാശ്മീരിലും പോയി വരുന്നുണ്ടായിരുന്നു ഇടയ്ക്ക്. അവള്‍ പോയിക്കൊണ്ടിരുന്ന റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ ബാസ്കറ്റ്ബോള്‍ പരിശീലനം നല്‍കേണ്ടി വരുമ്പോഴെല്ലാം അവര്‍ ഇന്‍ഷായെ വിളിച്ചിരുന്നു. ബാസ്കറ്റ്ബോളില്‍ മാത്രമല്ല ഭിന്നശേഷിക്കാരായ, അല്ലെങ്കില്‍ മറ്റേതെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് അവള്‍ കൗണ്‍സിലര്‍ കൂടിയായി. 

പഠിപ്പിക്കുന്നതിനും പരിശീലനത്തിനും എല്ലാമിടയില്‍ അവള്‍ രാജ്യത്തില്‍ മാച്ചുകളില്‍ പങ്കെടുക്കാനും സഞ്ചരിക്കുന്നു. 2018 ഒക്ടോബറില്‍ മുംബൈയില്‍ ഒരു മാച്ചില്‍ പങ്കെടുക്കവേയാണ് യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്നുമുള്ള ടീം അവളുടെ കഴിവ് മനസിലാക്കുന്നതും, ഒരു പ്രോഗ്രാമിനായി ക്ഷണിക്കുന്നതും. അത് ഈ വര്‍ഷം ജൂണില്‍ നടക്കും. 

ആ പ്രൊജക്ടിനുശേഷം സ്വന്തം സ്റ്റേറ്റില്‍ വീല്‍ച്ചെയറിലായിപ്പോയവര്‍ക്ക് മാത്രമായി ഒരു വനിതാ ബാസ്കറ്റ്ബോള്‍ ടീമിന് രൂപം കൊടുക്കാന്‍ അവള്‍ ആലോചിക്കുന്നുണ്ട്. ജമ്മു-കാശ്മീരിലെ ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളെ സഹായിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നാണ് അവള്‍ പറയുന്നത്. 

ഓരോ തവണ ഓരോ വാതിലടയുമ്പോഴും നിരാശയാകാതെ അവള്‍ പുതിയ വാതിലുകളന്വേഷിച്ചു കൊണ്ടേയിരുന്നു. ആ ധൈര്യവും ആത്മവിശ്വാസവും തന്നെയാണ് ജീവിതത്തിലവളെ മുന്നോട്ട് നയിക്കുന്നതും.