പെരമ്പൂരിൽ വിജയ് ജയിച്ചേക്കുമെന്നും ഡിഎംകെ വിലയിരുത്തി. എന്നാൽ മെയ് നാലിന് സർപ്രൈസ് വിജയം ഉണ്ടാകുമെന്നാണ് എഐഎഡിഎംകെ അവകാശവാദം. സംസ്ഥാനത്ത് 85.15 ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന അവസാന പോളിംഗ് ശതമാനം.
ചെന്നൈ: തമിഴ്നാട്ടിൽ സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന് ഡിഎംകെ വിലയിരുത്തൽ. പെരമ്പൂരിൽ വിജയ് ജയിച്ചേക്കുമെന്നും ഡിഎംകെ വിലയിരുത്തി. എന്നാൽ മെയ് നാലിന് സർപ്രൈസ് വിജയം ഉണ്ടാകുമെന്നാണ് എഐഎഡിഎംകെ അവകാശവാദം. സംസ്ഥാനത്ത് 85.15 ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന അവസാന പോളിംഗ് ശതമാനം.
തമിഴ്നാട്ടിലെ പോളിംഗ് ശതമാനത്തിൽ ചരിത്രം കുറിച്ചെങ്കിലും, ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ അസാധാരണമായ വർധന ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നാണ് ഡിഎംകെ വിലയിരുത്തൽ. പോളിംഗ് ശതമാനം കുത്തനെ ഉയർന്ന പെരമ്പൂരിൽ ടിവികെ അധ്യക്ഷൻ വിജയ് ജയിച്ചേക്കുമെന്നും ഡിഎംകെ വിലയിരുത്തുന്നു. 16 സീറ്റുളള ചെന്നൈ കഴിഞ്ഞ തവണ ഡിഎംകെ സഖ്യം തൂത്തുവാരിയെങ്കിൽ ഇത്തവണ രണ്ടിലധികം സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്നും ആശങ്കയുണ്ട്. എന്നാൽ വിജയ് മത്സരിച്ച രണ്ടാം സീറ്റായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഡിഎംകെ ജയിക്കുമെന്നാണ് ഭരണകക്ഷിയുടെ പ്രതീക്ഷ.
അതേസമയം, കൊംഗുമേഖല തൂത്തുവാരുന്നതിനൊപ്പം വണ്ണിയാർ പിന്തുണയിൽ വടക്കൻ തമിഴ്നാട്ടിലും മുന്നേറുമെന്നാണ് എഐഎഡിഎംകെ അവകാശവാദം. ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാനുള്ള സംഘടനാസംവിധാനം ടിവികെയ്ക്ക് ഉണ്ടായിരുന്നില്ലെന്നും പാർട്ടി വാദിക്കുന്നു. വോട്ടിംഗ് ശതമാനത്തിലെ വർധന വിജയ് ഫാക്ടർ കാരണമെന്ന് പറയുന്ന ടിവികെ, മെയ് നാലിന് തമിഴ്നാടിൻ്റെ രാഷ്ട്രീയഭൂപടം മാറുമെന്ന പ്രതീക്ഷയിലാണ്.



