വരുന്ന ഞായറാഴ്ച, അതായത് മാർച്ച് 22 'ജനതാ കർഫ്യൂ' ആചരിക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ജനതാ കർഫ്യൂ - എന്നുവെച്ചാൽ, അന്നേദിവസം രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ഭാരതത്തിലെ ജനങ്ങൾ ഒന്നടങ്കം അവരവരുടെ വീടുകളിൽ തന്നെ കഴിയണം എന്ന ആഹ്വാനം. പൊലീസ്, മീഡിയ, ആരോഗ്യപ്രവർത്തകർ എന്നിങ്ങനെ ചിലവിഭാഗം ആളുകൾക്ക് കർഫ്യൂ ഇളവുണ്ട്. ബാക്കിയുള്ളവർ നിർബന്ധമായും പങ്കെടുക്കണം എന്നാണ് അഭ്യർത്ഥന. 

പ്രധാനമന്ത്രിയുടെ ഈ ആഹ്വാനത്തോട് ജനം സമ്മിശ്രമായ പ്രതികരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മോദി പ്രഖ്യാപിച്ചതൊന്നും കൊവിഡ് 19 -നെ നേരിടാൻ പര്യാപ്തമല്ല എന്നും, പ്രധാനമന്ത്രിയിൽ നിന്ന് ഇതിലും എത്രയോ അധികം നടപടികളും സഹായങ്ങളും പ്രതീക്ഷിക്കുന്നു എന്നാണ് ചിലർ പറയുന്നത്. 

എന്നാൽ കോൺഗ്രസ് എംപി ശശി തരൂർ ഇതിനോട് ട്വീറ്റിലൂടെ പ്രതികരിച്ചതിങ്ങനെ, "ഈ ദുരിതാവസ്ഥയെ ഒറ്റക്കെട്ടായി നേരിടണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഞായറാഴ്ച നടക്കുന്ന ജനതാ കർഫ്യൂവിന് എന്റെ എല്ലാവിധ പിന്തുണയും. ഞായറാഴ്ചയാകും ഇങ്ങനെ ഒന്ന് ശ്രമിച്ചു നോക്കാൻ ഏറ്റവും നല്ല ദിവസം. സാമൂഹികമായ അകലം എത്ര പ്രധാനമാണ് എന്ന ആശയം നമ്മൾ എല്ലാവരിലേക്കും എത്തിക്കണം. ഒപ്പം സാമ്പത്തിക സഹായങ്ങളും കൃത്യമായി ജനങ്ങൾക്ക് ലഭ്യമാകണം." 

 

 

എന്നാൽ അതിനിടെ ചിലരെങ്കിലും മോദിയെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി തുലനം ചെയ്യാൻ ശ്രമിച്ചു. സ്വരാജ് പാർട്ടി നേതാവും സുപ്രസിദ്ധ സുപ്രീം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് ഇങ്ങനെ, "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ  കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം ജനങ്ങളുമായി നടത്തിയ സമ്പർക്കവുമായി താരതമ്യം ചെയ്തു നോക്കൂ. കൊവിഡ് 19 -നെ നേരിടാൻ എന്തൊക്കെ പാക്കേജുകളാണ് മോദി പ്രഖ്യാപിച്ചത്, എന്തൊക്കെയാണ് ട്രൂഡോ വാഗ്ദാനം ചെയ്തത് എന്ന് നോക്കൂ.  ട്രൂഡോ പ്രഖ്യാപിച്ച ഗ്രൗണ്ട് ലെവൽ പദ്ധതികൾക്ക് മുന്നിൽ മോദിയുടെ ജനതാ കർഫ്യൂവും, പാത്രം മുട്ടി ഒച്ചയുണ്ടാക്കലും, മറ്റു ഗിമ്മിക്കുകളും ഒക്കെ എത്ര പരിഹാസ്യമാണ്?" കനേഡിയൻ പ്രധാനമന്ത്രി തന്റെ മൂന്നു മിനിറ്റ് മാത്രം നീണ്ടുനിന്ന പ്രസംഗത്തിൽ വളരെ കൃത്യമായിത്തന്നെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജുകൾക്ക് പുറമെ ഈ പകർച്ചവ്യാധിക്കെതിരെ സ്വീകരിക്കുന്ന കരുതൽ നടപടി കാരണം ഉണ്ടാകാൻ പോകുന്ന തൊഴിൽ നഷ്ടങ്ങളെയും പട്ടിണിയേയും ഒക്കെ എതിരിടാൻ വേണ്ട നിരവധി നടപടികളും പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററിലൂടെ പുറത്തുവിട്ട ഈ വീഡിയോ ലോകം മുഴുവനുമുള്ള 25 ലക്ഷം പേരാണ് ഇതിനകം കണ്ടിട്ടുള്ളത്. 

 

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് നടത്തിയ ജനസമ്പർക്കത്തിൽ പ്രഖ്യാപനങ്ങളോട് ജനം സോഷ്യൽ മീഡിയയിൽ സമ്മിശ്രമായിട്ടാണ് പ്രതികരിച്ചിട്ടുള്ളത്. ചിലർ ഈ പ്രഖ്യാപനങ്ങൾ ഐതിഹാസികം എന്ന് വിളിച്ചപ്പോൾ, മറ്റു ചിലർ അവയെ പരിഹാസ്യം എന്ന് ആക്ഷേപിച്ചു. " പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി എന്തൊക്കെയോ ധീരമായ നടപടികളും, പാക്കേജുകളും പ്രഖ്യാപിക്കും എന്ന് കരുതി കാത്തിരുന്നിട്ട്, ഇതിപ്പോൾ ഒരു പഞ്ചായത്തു പ്രസിഡന്റിന്റെ പ്രസംഗം കേട്ട പോലുണ്ടല്ലോ" എന്നായി ചിലർ. 

എന്നുമാത്രമല്ല, ചിലരെങ്കിലും ചെയ്തത് പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തെ അന്നേ ദിവസം തന്നെ ഉണ്ടായ പിണറായി വിജയൻറെ പ്രഖ്യാപനങ്ങളോടും താരതമ്യപ്പെടുത്തുകയാണ്. ദുരിതത്തെ നേരിടാൻ 'ഫ്രീ റേഷൻ' നൽകും എന്ന് പിണറായി തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. കേരളത്തിൽ ഇന്നലെ വരെ സ്ഥിരീകരിക്കപ്പെട്ട കൊവിഡ് 19 കേസുകളുടെ എണ്ണം 40 ആയിട്ടുണ്ട്. ഇന്നലെ മാത്രം സ്ഥിരീകരിക്കപ്പെട്ടത് 12 പുതിയ കേസുകളാണ്. ഏറ്റവും കൂടുതൽ കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഇപ്പോൾ കേരളം. 
 


 

ജനതാ കർഫ്യൂവിനെപ്പറ്റി സിനിമാനടൻ കമാൽ ഖാന്റെ ട്വീറ്റ് ഇങ്ങനെ," ഈ ജനതാ കർഫ്യൂ എന്നത്  ചുരുങ്ങിയത് ഒരാഴ്ച എങ്കിലും വേണമായിരുന്നു. ഒരു ദിവസത്തെ ജനതാ കർഫ്യൂ കൊണ്ട് കൊറോണ തോറ്റോടും എന്ന് കരുതുന്നത് വിഡ്ഢിത്തം മാത്രമാണ്. നമ്മൾ കൊവിഡ് 19 -നോട് പൊരുതുന്ന കാര്യത്തിൽ സീരിയസ് അല്ലെന്നാണ് ഈ നയം സൂചിപ്പിക്കുന്നത്" 


കൊവിഡ് 19 -നെ നേരിടാൻ ജനതാ കർഫ്യൂ എന്ന പ്രഖ്യാപനത്തെ 'അസംബന്ധം' എന്ന് കരുതി തള്ളരുത് എന്ന് സുപ്രസിദ്ധ നടി ശബാനാ ആസ്മി ട്വീറ്റ് ചെയ്തു. "ഇത് ഭാരതീയരെ ഒറ്റക്കെട്ടായി നിൽക്കാൻ പ്രേരിപ്പിക്കുന്ന ഒരു 'മാസ്റ്റർ സ്ട്രോക്ക്' ആണ്" അവർ ട്വീറ്റ് ചെയ്തു.  


ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ രാജ്യത്തെ ജനങ്ങളെല്ലാം തന്നെ തങ്ങളുടെ പൂമുഖങ്ങളിലും, ബാൽക്കണികളിലും, മുറ്റത്തും ഒക്കെ ഇറങ്ങി വരണം എന്നും കയ്യടിച്ചോ, പത്രങ്ങൾ മുട്ടിയോ ഒക്കെ ശബ്ദമുണ്ടാക്കി, നമ്മുടെ ക്ഷേമത്തിനായി കൊവിഡ് 19 എന്ന മഹാമാരിയുടെ മുന്നിൽ ജീവൻ പണയം വെച്ചും പോരാടുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കണം എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. 

ഈ നിർദേശങ്ങളോടും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. സി എസ് അമുദൻ എന്ന വ്യക്തി ട്വിറ്ററിലൂടെ കുറിച്ചത് ഇങ്ങനെ" ഈ ഘട്ടത്തിൽ പ്രധാനമന്ത്രി മോദിയിൽ നിന്ന് ഇനി ഞങ്ങൾ ഒരു വിധത്തിലുള്ള ജാഗ്രതാ നിർദേശങ്ങളും ഇനി പ്രതീക്ഷിക്കുന്നില്ല. ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ അദ്ദേഹത്തിന് പ്ലാനുണ്ടായിരുന്നു എങ്കിൽ അത് നൽകേണ്ടിയിരുന്നത് എത്രയോ മുന്നേ ആയിരുന്നു. ഇപ്പോൾ, ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം പകരാനുള്ള സാമ്പത്തിക, സാമൂഹിക സഹായങ്ങളെപ്പറ്റിയുള്ള പ്രഖ്യാപനങ്ങളാണ് അദ്ദേഹത്തിൽ നിന്നുണ്ടാവേണ്ടത്. രോഗത്തിനുള്ള ടെസ്റ്റിങ് എങ്ങനെ മെച്ചപ്പെടുത്താം എന്ന ആലോചനയാണ് ഉണ്ടാകേണ്ടത്. രാജ്യത്ത് ദുരിതം അനുഭവിക്കുന്നവർക്ക് എന്തൊക്കെ നികുതി ഇളവുകൾ കേന്ദ്രത്തിന് നൽകാൻ സാധിക്കുമെന്നുള്ള ആലോചനയാണ് വേണ്ടത്. അസുഖത്തെ പ്രതിരോധിക്കാൻ എന്തൊക്കെ തരത്തിലുള്ള ലോക്ക് ഡൗണുകൾ സാധിക്കും എന്നുള്ള ചിന്തയാണ് വേണ്ടത്. സമാശ്വാസ പാക്കേജുകൾ വരട്ടെ ഇനിയെങ്കിലും..."