നിങ്ങളുടെ മാറാത്ത വേദന മാറ്റാന്‍ സഹായിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാൾ 15 ഉം 26 നും ഇടയില്‍ പ്രായമുള്ള 8 യുവതികളെയും ഒരു പുരുഷനെയും അപ്പാര്‍ട്ട്മെന്‍റിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് കൃത്യം നിര്‍വഹിച്ചത്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജപ്പാന്‍ ആദ്യ വധശിക്ഷ നടപ്പാക്കി. 2017 -ല്‍ ജപ്പാനിലെ ടോക്കിയോയ്ക്ക് അടുത്തുള്ള തന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ വച്ച് എട്ട് സ്ത്രീകളെയും ഒരു പുരുഷനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടിത്തിയ തകഹിരോ ഷിറൈഷിയുടെ (30) വധശിക്ഷയാണ് ജപ്പാന്‍ ഇപ്പോൾ നടപ്പാക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഇരകളായ ഒമ്പത് പേരുമായി ബന്ധപ്പെട്ടുകയും ശേഷം അവരെ തന്‍റെ അപ്പാര്‍ട്ട്മെന്‍റിലെത്തിച്ചാണ് ഇയാൾ തന്‍റെ കൊലപാതകങ്ങൾ നടത്തിയത്. ഇതിനാല്‍ ഇയാളെ 'ട്വിറ്റര്‍ കൊലയാളി' എന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ വിളിക്കുന്നത്.
ട്വിറ്ററിലൂടെയാണ് താന്‍ ഇരകളെ തെരഞ്ഞെടുത്തിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ തകഹിരോ ഷിറൈഷി സമ്മതിച്ചിരുന്നു. ഇങ്ങനെ അപ്പാര്‍ട്ട്മെന്‍റില്‍ എത്തിക്കുന്ന ഇരകളെ കൊല്ലാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യും. ചിലപ്പോൾ അവരോടൊപ്പം മരിക്കാമെന്നും സമ്മതിക്കും. ഇയാളുടെ ട്വിറ്റര്‍ പ്രൊഫൈലില്‍, 'ശരിക്കും വേദന അനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി എപ്പോൾ വേണമെങ്കിലും എനിക്ക് സന്ദേശം അയക്കൂ.' എന്ന് എഴുതിയിരുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. അധികൃതർ ഇയാളുടെ വീട് വളഞ്ഞപ്പോൾ കൂളറിലും ടൂൾ ബോക്സിലുമായി മുറിച്ച് മാറ്റിയ നിലയില്‍ ഒമ്പത് മൃതദേഹങ്ങളായിരുന്നു കണ്ടെത്തിയത്. ഇതില്‍ എട്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരെല്ലാം 15 മുതല്‍ 26 വരെ വയസുള്ളവരായിരുന്നു.
ഇരകൾ തങ്ങളെ കൊല്ലാന്‍ തകഹിരോ ഷിറൈഷിയ്ക്ക് അനുമതി നല്‍കിയിരുന്നെന്നും അതിനാല്‍ അദ്ദേഹത്തെ വെറുതെ വിടണമെന്നും അദ്ദേഹത്തിന്‍റെ വക്കീൽ കോടതിയില്‍ വാദിച്ചു. എന്നാല്‍, പിന്നീട് ഇരകളുടെ സമ്മതമില്ലാതെയാണ് താൻ കൊലകളെല്ലാം നടത്തിയതെന്ന് തകഹിരോ കോടതിയില്‍ സമ്മതിച്ചു. ഇതോടെ ഷിറൈഷിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടുകയായിരുന്നു. 2020 ഡിസംബറില്‍ തകഹിരോയുടെ വാദം കേൾക്കാനായി കോടതിയില്‍ നൂറുകണക്കിന് ആളുകളെത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഈ പരമ്പര കൊലകൾ ജപ്പാനില്‍ വലിയ ഞെട്ടലും അസ്വസ്ഥതയും സൃഷ്ടിച്ചു. കൊലയാളിയുടേത് അങ്ങേയറ്റം സ്വാര്‍ത്ഥമായ ഉദ്ദേശമായിരുന്നെന്നും അത് കണക്കിലെടുത്താണ് വധശിക്ഷ വിധിച്ചതെന്നും തൂക്കിക്കൊല്ലലിന് അംഗീകാരം നൽകിയ നീതിന്യായ മന്ത്രി കെയ്‌സുകെ സുസുക്കി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ജപ്പാനിൽ 105 വധശിക്ഷാ തടവുകാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008-ൽ ടോക്കിയോയിലെ ഷോപ്പിംഗ് ജില്ലയായ അകിഹബാരയിൽ ഒരാളെ കുത്തിക്കൊന്ന പ്രതിയെയാണ് ഏറ്റവും ഒടുവിലായി 2022 ജൂലൈയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. അതിന് ശേഷം ഇപ്പോഴാണ് ജപ്പാനില്‍ ഒരു വധശിക്ഷ നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ ഷിഗെരു ഇഷിബയുടെ സർക്കാരിന്‍റെ ആദ്യത്തെ വധശിക്ഷ കൂടിയായി ഇത്.


