ജീവിതത്തിലെ പ്രതിസന്ധികൾ, സാമ്പത്തിക പ്രയാസങ്ങൾ, എന്നിവ നേരിടുന്നതിൽ ജപ്പാനിലെ ചെറുപ്പക്കാർ വിമുഖത കാണിക്കുകയാണെന്നും അതുകൊണ്ടുതന്നെ വിവാഹം, കുട്ടികൾ എന്നിങ്ങനെയുള്ള ബന്ധങ്ങളിൽ ഏർപ്പെടാനുള്ള ആഗ്രഹം യുവാക്കൾക്കിടയിൽ കുറഞ്ഞു വരികയാണെന്നുമാണ് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്.

രാജ്യത്ത് വിവാഹിതരാകുന്നവരുടെ എണ്ണം കുത്തനെ ഇടിയുകയും ജനനനിരക്കിൽ വലിയ കുറവ് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതോടെ ഈ പ്രതിസന്ധി മറികടക്കാൻ പുതിയ വഴികൾ തേടുകയാണ് ജപ്പാനിലെ ഭരണകൂടം. എന്നാൽ, ഇതിൻറെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ആദ്യ പദ്ധതി രാജ്യവ്യാപകമായി ഉയർന്ന എതിർപ്പിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു. ഗ്രാമപ്രദേശങ്ങളിലെ പുരുഷന്മാരെ വിവാഹം കഴിക്കാൻ നഗരത്തിലെ സ്ത്രീകൾക്ക് 600,000 യെൻ (US$4,200) വരെ പ്രോത്സാഹനമായി നൽകാനുള്ള ജാപ്പനീസ് ഗവൺമെൻ്റിൻ്റെ പദ്ധതിയാണ് താൽക്കാലികമായി നിർത്തിവെച്ചത്.

ജപ്പാനിൽ 90 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിവാഹങ്ങൾ നടന്ന വർഷമായാണ് പോയ വർഷത്തെ ജപ്പാനിലെ ഔദ്യോഗിക റിപ്പോർട്ടുകളിൽ വിശേഷിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം 500,000 -ൽ താഴെ വിവാഹങ്ങൾ മാത്രമാണ് കഴിഞ്ഞവർഷം നടന്നത്. ജപ്പാന്റെ ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം തുടർച്ചയായി എട്ടാം വർഷവും ജനന നിരക്കിൽ റെക്കോർഡ് കുറവാണ് സംഭവിച്ചിട്ടുള്ളത്. അതിനിര്‍ണായകമായ സാഹചര്യമെന്നാണ് ആരോഗ്യമന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്. 

ജീവിതത്തിലെ പ്രതിസന്ധികൾ, സാമ്പത്തിക പ്രയാസങ്ങൾ, എന്നിവ നേരിടുന്നതിൽ ജപ്പാനിലെ ചെറുപ്പക്കാർ വിമുഖത കാണിക്കുകയാണെന്നും അതുകൊണ്ടുതന്നെ വിവാഹം, കുട്ടികൾ എന്നിങ്ങനെയുള്ള ബന്ധങ്ങളിൽ ഏർപ്പെടാനുള്ള ആഗ്രഹം യുവാക്കൾക്കിടയിൽ കുറഞ്ഞു വരികയാണെന്നുമാണ് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനെല്ലാം പുറമേ പ്രാദേശിക വികസനത്തിലെ അസന്തുലിതാവസ്ഥ രാജ്യത്തിൻ്റെ സാമൂഹിക പുരോഗതിയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

ജപ്പാൻ്റെ 2023 ലെ പോപ്പുലേഷൻ മൈഗ്രേഷൻ റിപ്പോർട്ട് അനുസരിച്ച്, ഗ്രാമീണ മേഖലയിൽ നിന്നും തലസ്ഥാന നഗരമായ ടോക്കിയോയിലേക്ക് മാറി താമസിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ കൂട്ടത്തിൽ തന്നെ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കുമായി എത്തുന്ന യുവതികളാണ് കൂടുതൽ. ഇത്തരത്തിൽ നഗരങ്ങളിലേക്ക് ചേക്കേറുന്നവരിൽ അധികവും പിന്നീട് തങ്ങളുടെ ജന്മ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ താല്പര്യപ്പെടാത്തവരുമാണ്. ഈ കൂടുമാറ്റം ഗ്രാമപ്രദേശങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രാമീണ മേഖലകളിൽ പലതും വിജനമായി തുടങ്ങി എന്നും ജനസംഖ്യാ കുറവ് കാരണം പല സ്കൂളുകളും ആശുപത്രികളും അടച്ചു പൂട്ടേണ്ടി വന്നെന്നും റിപ്പോർട്ടുകൾ പറയുന്നു

ഈ പ്രതിസന്ധികൾക്ക് എല്ലാമുള്ള പരിഹാരം എന്ന രീതിയിലാണ് ഗ്രാമീണ പുരുഷന്മാരെ വിവാഹം കഴിക്കാൻ തയ്യാറാക്കുന്ന യുവതികൾക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ടോക്കിയോയിലെ 23 മുനിസിപ്പാലിറ്റികളിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ അവിവാഹിതരായ സ്ത്രീകൾക്കാണ് ഈ പദ്ധതി പ്രകാരം വിവാഹത്തിന് തയ്യാറായാൽ പണം ലഭിക്കുക. 

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ വിപുലീകരണമായാണ് ഈ സംരംഭം വീക്ഷിക്കപ്പെട്ടത്. എന്നാൽ, രാജ്യത്തുടനീളം വലിയ വിമർശനങ്ങളാണ് പദ്ധതിയുടെ പേരിൽ സർക്കാരിനെതിരെ ഉയർന്നത്. ഇതോടെയാണ് ആഗസ്റ്റ് 30 -ന് സർക്കാർ താൽക്കാലികമായി ഈ പദ്ധതി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം