ജപ്പാനിലെ ഏറ്റവും ജനപ്രിയയായ രാജകുടുംബാംഗമാണ് ഐക്കോ രാജകുമാരി. എന്നാൽ പുരുഷന്മാർക്ക് മാത്രം സിംഹാസനാവകാശം നൽകുന്ന ജപ്പാനിലെ നിയമം കാരണം അവർക്ക് അടുത്ത ചക്രവർത്തിയാകാൻ കഴിയില്ല. ജനങ്ങളുടെ വലിയ പിന്തുണയുണ്ടായിട്ടും പുരുഷ പിന്തുടർച്ചാ സമ്പ്രദായം നിലനിർത്താനാണ് സർക്കാർ തീരുമാനം.
ജപ്പാനിലെ ഏറ്റവും ജനപ്രിയയായ രാജകുടുംബാംഗങ്ങളിൽ ഒരാളാണ് 24 -കാരിയായ രാജകുമാരി ഐക്കോ. ഓരോ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും വൻ ജനക്കൂട്ടമാണ് അവരെ കാണാനായെത്തുന്നത്. ഐക്കോയുടെ വസ്ത്രധാരണവും പെരുമാറ്റവും ആരാധകർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളും പറയുന്നു. എന്നാൽ ഇത്രയധികം ജനപിന്തുണയുണ്ടായിട്ടും ജപ്പാന്‍റെ അടുത്ത ചക്രവർത്തിയാകാൻ രാജ്യത്തെ നിയമം ഐക്കോയെ അനുവദിക്കുന്നില്ല.
ഏക രാജകുമാരി, ജനപ്രീതിയിലും മുന്നിൽ പക്ഷേ...
ചക്രവർത്തി നരുഹിതോയുടെയും ചക്രവർത്തിനി മസാക്കോയുടെയും ഏക മകളാണ് ഐക്കോ. ജപ്പാനിലെ ചക്രവർത്തി പദവിയുടെ പിന്തുടർച്ച സംബന്ധിച്ച നിയമപ്രകാരം പുരുഷന്മാർക്ക് മാത്രമാണ് സിംഹാസനാവകാശം. 1889 -ൽ രൂപപ്പെടുത്തിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് 1947 -ൽ ഇത്തരമൊരു നിയമം നിലവിൽ വന്നത്. ഇതോടെ ഐക്കോയ്ക്ക് പകരം, പുരുഷ പിന്തുടർച്ചക്കാർ അധികാരമേറ്റെടുക്കാനുള്ള പട്ടികയിൽ ഇടംപിടിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
മൈനിച്ചി ഷിംബുൻ 2026 ഏപ്രിലിൽ നടത്തിയ അഭിപ്രായ സർവേയിൽ പങ്കെടുത്തവരിൽ 72 ശതമാനം പേരും ഒരു വനിതയ്ക്ക് ചക്രവർത്തിയാകാൻ അനുമതി നൽകണമെന്ന് അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. വെറും 10 ശതമാനം പേർ മാത്രമാണ് ഇതിനെ എതിർത്ത് രംഗത്തെത്തിയത്. ഐക്കോയുടെ ജനപ്രീതിയും പുരുഷ അവകാശികൾ കുറഞ്ഞുവരുന്നതും ജപ്പാനിൽ നിയമപരിഷ്കരണത്തിനായുള്ള ചർച്ചകൾക്ക് ശക്തി പകരുന്നതായും റിപ്പോർട്ടുണ്ട്.
പട്ടികയിൽ ഉൾപ്പെട്ട പുരുഷന്മാർ
നിലവിൽ ചക്രവർത്തിയുടെ ഇളയ സഹോദരൻ കിരീടാവകാശി അകിഷിനോ, അദ്ദേഹത്തിന്‍റെ മകൻ ഹിസാഹിറ്റോ, ചക്രവർത്തിയുടെ 90 -കാരനായ അമ്മാവൻ ഹിറ്റാച്ചി എന്നിവരാണ് സിംഹാസനത്തിന് അർഹരായ പുരുഷന്മാർ. രാജകുടുംബത്തിലെ അംഗങ്ങളുടെ എണ്ണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 30 -ൽ നിന്ന് 16 ആയി കുറഞ്ഞതും ആശങ്ക വർധിപ്പിക്കുന്നു. രാജ്യത്തെ ജനസംഖ്യാ വദ്ധനവിലെ കുറവ് നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
സർക്കാറിനും പുരുഷ ചക്രവർത്തി മതി
അതേസമയം ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയായ സനേ തകായിച്ചിയുടെ സർക്കാർ പുരുഷ പിന്തുടർച്ചാ സമ്പ്രദായം നിലനിർത്തിക്കൊണ്ടുള്ള പരിഷ്കാരങ്ങൾക്കാണ് പിന്തുണ നൽകുന്നത്. രാജകുടുംബത്തിലെ സ്ത്രീകൾ സാധാരണക്കാരെ വിവാഹം കഴിച്ചാലും രാജകീയ പദവി നിലനിർത്താനും മുൻ രാജകുടുംബ ശാഖകളിലെ പുരുഷ പിന്തുടർച്ചക്കാരെ കുടുംബത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും വ്യവസ്ഥകളുണ്ട്. എന്നാൽ, സ്ത്രീകൾക്ക് സിംഹാസനാവകാശം മാത്രം നൽകുന്നില്ല.
അതേസമയം ജപ്പാന്‍റെ ചരിത്രത്തിൽ എട്ട് വനിതകൾ ചക്രവർത്തിമാരായിട്ടുണ്ടെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. 1762 മുതൽ 1770 വരെ ഭരിച്ച ഗോ-സകുറമാച്ചിയാണ് അവസാനമായി ആ പദവിയിലെത്തിയ വനിത. 2024 -ൽ ഐക്യരാഷ്ട്രസഭയുടെ വനിതാ അവകാശ സമിതി സ്ത്രീകൾക്കും സിംഹാസനാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജപ്പാൻ സർക്കാർ അത് നിരസിക്കുകയായിരുന്നു.


