രണ്ട് ലോക മഹായുദ്ധങ്ങളിലും ചെന്നൈ നഗരം. അന്നത്തെ മദ്രാസ് ആക്രമിക്കപ്പെട്ടു. ആകാശത്ത് നിന്നും വിമാനങ്ങളില്‍ വര്‍ഷിച്ച ബോംബുകൾ പതിറ്റാണ്ടുകൾക്ക്ശേഷം നഗരത്തിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയത്. പഴയ യുദ്ധ ഓ‍ർമ്മകളെ ഉണർത്തി.  


സിന്ദൂര്‍ ഓപ്പറേഷന് പിന്നാലെ ഇന്ത്യയിലെമ്പാടും സുരക്ഷാ മുന്നറിയിപ്പുകളും മോക്ഡ്രില്ലുകളും നടന്നു. ഇത് രാജ്യത്തെമ്പാടും യുദ്ധപ്രതീതി സൃഷ്ടിച്ചു. കേരളവും ആക്രമണ പരിധിയില്‍ പെടുമോയെന്ന് പലരും ആശങ്കപ്പെട്ടു. ഇതിനിടെയാണ് 1965 -ലെ യുദ്ധത്തില്‍ കൊച്ചിയിലെ ചതുപ്പില്‍ വീണ് പോട്ടാതെ പോയ രണ്ട് പാക് ബോംബുകളെ കുറിച്ചുള്ള വാര്‍ത്തകളുടെ ഓർമ്മകൾ പുതുക്കപ്പെട്ടത്. ഏതാണ്ടിതേ സമയത്ത് സമാനമായൊരു വാര്‍ത്ത ചെന്നൈയില്‍ നിന്നും (പഴയ മദ്രാസ് നഗരം) പുറത്ത് വന്നു. അതും പഴയൊരു ബോംബ് കഥ തന്നെ. 

ചെന്നൈയ്ക്ക് സമീപം എന്നൂരില്‍ തന്‍റെ പുതിയ വീടിന് അസ്ഥിവാരം കുഴിക്കുന്നതിനിടെയാണ് മുസ്തഫ അപ്രതീക്ഷിതമായി ഒരു വസ്തു കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയില്‍ അത് ഒരു ബോംബാണെന്ന് തിരിച്ചറിഞ്ഞു. പിന്നെയും ശ്രദ്ധച്ചപ്പോഴാണ് രണ്ടാം ലോകമഹായുദ്ധ കാലത്ത് അന്നത്തെ ബ്രീട്ടീഷ് മദ്രാസില്‍ ജപ്പാനീസ് യുദ്ധ വിമാനങ്ങൾ വർഷിച്ച ബോംബാണെന്ന് വ്യക്തമായത്. 

രണ്ടാം ലോകമഹായുദ്ധം

ചെന്നൈ നഗരത്തിൽ നിന്നും വെറും 18 കിലോമീറ്റര്‍ മാറിയുള്ള എന്നൂര്‍ എന്ന തീരദേശ പട്ടണത്തില്‍ നിന്നും കണ്ടെത്തിയ ബോംബ്, രണ്ടാം ലോകമഹായുദ്ധ സമയത്ത് ജാപ്പനീസ് വിമാനത്തിൽ നിന്നും മദ്രാസ് നഗരത്തിന് മുകളില്‍ വര്‍ഷിച്ച ഒരു ബോംബാണെന്ന് സ്ഥിരീകരിച്ചു. 1943 -ല്‍, അതായത് 82 വര്‍ഷം മുമ്പ് രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രീട്ടീഷ് സേനയ്ക്കെതിരെ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ജാപ്പനീസ് സൈന്യം വലിയ മുന്നേറ്റമാണ് നടത്തിയത്. സിംങ്കപ്പൂരും അന്‍ഡമാന്‍ ദ്വീപുകളും ജാപ്പനീസ് സൈന്യം പിടിച്ചടക്കി. അന്‍‍ഡമാന്‍ ദ്വീപിലെ ഉപേക്ഷിക്കപ്പെട്ട ബ്രീട്ടീഷ് എയർ ബേസിനായ പോര്‍ട്ട് ബ്ലയറില്‍ നങ്കൂരമിട്ടിരുന്ന ജാപ്പനീസ് പടക്കപ്പലുകൾക്ക് മുകളില്‍ ബോംബിട്ടായിരുന്നു യുഎസ് ഇതിന് പ്രതികാരം തീര്‍ത്തത്. ഇതോടെ ബംഗാൾ ഉൾക്കടലില്‍ രണ്ടാം ലോക മാഹയുദ്ധം ശക്തമായി. 

യുഎസിന്‍റെ തിരിച്ചടിക്ക് ഏപ്രില്‍ അഞ്ചാം തിയതി ഈസ്റ്റര്‍ ഞായറാഴ്ച ദിവസം തെരഞ്ഞെടുത്ത ജപ്പാന്‍, ബ്രിട്ടീഷ് അധീനതയിലുള്ള ശ്രീലങ്കന്‍ നഗരമായ കൊളംബോയ്ക്ക് മുകളില്‍ 75 വിമാനങ്ങളില്‍ നിന്നും ബോംബ് വര്‍ഷിച്ചായിരുന്നു മറുപടി നല്‍കിയത്. ഈ ആക്രമണത്തിനിടെയാണ് ചരിത്രത്തിൽ രണ്ടാം തവണ ഒരു ആകാശയുദ്ധത്തിലേക്ക് ചെന്നൈ നഗരവും വലിച്ചിഴയ്ക്കപ്പെട്ടത്. ആദ്യത്തേത് 1914 -ല്‍ മദ്രാസിലെ ഓയില്‍ ടാങ്കുകളില്‍ ജർമ്മന്‍ സൈന്യം നടത്തിയ ബോംബിംഗായിരുന്നു. 

മദ്രാസ് നഗരത്തിന് മുകളില്‍ ജാപ്പനീസ് സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ ബ്രീട്ടീഷ് തുറമുഖത്തിന് കാര്യമായ നാശനഷ്ടം നേരിട്ടു. എന്നാല്‍, അക്കാലത്ത് ആക്രമിക്കപ്പെട്ട മറ്റ് നഗരങ്ങളെ അപേക്ഷിച്ച് മരണ സംഖ്യയിലും നാശ നഷ്ടത്തിലും മദ്രാസ് നഗരം കാര്യമായ നഷ്ടം നേരിട്ടില്ല. ആക്രമണത്തില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങൾ തക‍ർന്നതിനാല്‍, ജാപ്പാന്‍ മദ്രാസ് നഗരം ആക്രമിച്ചെന്ന വാര്‍ത്ത ജനങ്ങളറിയാന്‍ പിന്നെയും താമസിച്ചു. 

2024-ൽ എഴുതിയ ലേഖനത്തിൽ, രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാൻ മദ്രാസിനെ ലക്ഷ്യമിട്ടിരുന്നുവെന്ന് മുൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി കൃഷ്ണൻ ശ്രീനിവാസൻ എഴുതിയിരുന്നു. അന്ന് ജപ്പാന്‍ നടത്തിയ ആക്രമണത്തില്‍ വര്‍ഷിച്ചിരുന്നതും പൊട്ടാതെ പോയതുമായി ബോംബാണ്, കാലങ്ങൾക്ക് ശേഷം വീടിന് അസ്ഥിവാരം എടുക്കുന്നതിനിടെ മുസ്തഫയ്ക്ക് ലഭിച്ചത്. വീണ്ടുമൊരു ഇന്ത്യോ പാക് യുദ്ധ ഭീതിക്കിടെ ഒരിക്കല്‍ കൂടി ജപ്പാന്‍, മദ്രാസ് നഗരം ആക്രമിച്ചിരുന്നെന്ന വാര്‍ത്താ പ്രാധാന്യം നേടി.