താൻ ഹിന്ദി ഭാഷ പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് യുവാവ് അവരോട് പറയുന്നത്. താൻ പുസ്തകങ്ങളിൽ നിന്നാണ് ഹിന്ദി പഠിച്ചത് എന്നും കുറച്ചുനാൾ ഇന്ത്യയിൽ താമസിച്ചിട്ടുണ്ട് എന്നും യുവാവ് പറയുന്നുണ്ട്.
ടോക്യോയിൽ വച്ച് അടിപൊളിയായി ഹിന്ദി പറഞ്ഞുകൊണ്ട് ഇന്ത്യക്കാരെ തന്നെ ഞെട്ടിച്ച് ജപ്പാൻകാരനായ യുവാവ്. കണ്ടന്റ് ക്രിയേറ്ററായ നമസ്‌തേ കൊഹെയ് (@namaste_kohei) ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് കൊഹെയ് ഇന്ത്യക്കാരായ വിനോദസഞ്ചാരികളോട് ഹിന്ദിയിൽ സംസാരിക്കുന്നതാണ്.
ദില്ലിയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ സംഘത്തോടാണ് യുവാവ് സംസാരിക്കുന്നത്. 'സർ, നിങ്ങൾ എവിടെ നിന്നാണ്' എന്നാണ് യുവാവ് ആദ്യം ചോദിക്കുന്നത്. ദില്ലിയിൽ നിന്നാണ് എന്ന് മറുപടി നൽകുമ്പോൾ 'ആപ്കാ ഹാർദിക് സ്വാഗത് ഹേ ജപ്പാൻ മേം' (ജപ്പാനിലേക്ക് നിങ്ങൾക്ക് ഊഷ്മളമായ സ്വാഗതം) എന്നാണ് യുവാവ് അവരോട് പറയുന്നത്. ജപ്പാൻകാരനായ ഒരു യുവാവ് ഇത്രയും അടിപൊളിയായി ഹിന്ദി പറയുന്നത് കേട്ടതോടെ ഇന്ത്യക്കാർ സ്വാഭാവികമായും അമ്പരന്നു.
എന്നാൽ, വീണ്ടും യുവാവ് ഹിന്ദിയിൽ തന്നെയാണ് വിനോദസഞ്ചാരികളോട് സംസാരിക്കുന്നത്. 'ഇന്ത്യയിൽ നിങ്ങൾ എവിടെയാണ് സർ' എന്നതാണ് അടുത്ത ചോദ്യം. 'ഡെൽഹി' എന്നാണ് മറുപടി. പിന്നാലെ യുവാവ് ഞാൻ എന്റെ ഹിന്ദി പറഞ്ഞുകൊണ്ട് അവരെ സർപ്രൈസ് ചെയ്യാൻ തീരുമാനിച്ചു എന്ന് പറയുന്നതും കേൾക്കാം.
താൻ ഹിന്ദി ഭാഷ പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് യുവാവ് അവരോട് പറയുന്നത്. താൻ പുസ്തകങ്ങളിൽ നിന്നാണ് ഹിന്ദി പഠിച്ചത് എന്നും കുറച്ചുനാൾ ഇന്ത്യയിൽ താമസിച്ചിട്ടുണ്ട് എന്നും യുവാവ് പറയുന്നുണ്ട്.
ഇന്ത്യ വളരെ വിശാലമായ ഒരു രാജ്യമാണ്, ആ രാജ്യത്തിന് വളരെ വലിയ ചരിത്രവും ആഴത്തിലുള്ള സംസ്കാരവുമുണ്ട്. അത് മനസ്സിലാക്കാനായിട്ടാണ് നിങ്ങളുടെ ഭാഷ പഠിക്കാൻ ഞാൻ ആഗ്രഹിച്ചത് എന്നും യുവാവ് പറയുന്നത് കേൾക്കാം.
സ്ഥലം കാണാൻ വന്നതാണോ എന്ന് യുവാവ് വിനോദസഞ്ചാരികളോട് ചോദിക്കുമ്പോൾ ജപ്പാനിലെ സംസ്കാരം അറിയാൻ വേണ്ടിയാണ് എന്നാണ് മറുപടി. ഒപ്പം ജപ്പാനിലെ ആളുകളെ പുകഴ്ത്താനും അവർ മറന്നില്ല.
നിരവധിപ്പേർ ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. യുവാവിന്റെ ഹിന്ദി പഠിക്കാനുള്ള പ്രയത്നത്തെ പലരും അഭിനന്ദിച്ചു.
