വീഡിയോയിൽ രാജകുമാരി വിമാനത്തിലെ എക്കോണമി ക്ലാസിൽ കയറുന്നത് കാണാം. സാധാരണ ഏതൊരു യാത്രക്കാരെയും പോലെ തന്നെയാണ് രാജകുമാരിയും വരുന്നത്. എന്നാൽ, സീറ്റിൽ ഇരുന്ന ഉടനെ തന്നെ അവർ ഉറങ്ങിപ്പോവുന്നതാണ് പിന്നീട് കാണുന്നത്.
ജാപ്പനീസ് രാജകുമാരിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ നേടുന്നത്. ബ്രസീലിലെ ഒരു വിമാനയാത്രയ്ക്കിടെ ഇക്കണോമി ക്ലാസിലെ സീറ്റിൽ വിശ്രമിക്കുന്ന രാജകുമാരി കാക്കോയുടെ വീഡിയോയാണ് ഇത്.
ജാപ്പനീസ് രാജകുടുംബത്തിലെ അംഗവും രാജാവ് നരുഹിതോയുടെ അനന്തരവളുമാണ് 30 -കാരിയായ കാക്കോ. ലാളിത്യത്തിന്റെ പേരിലും വിനയത്തിന്‍റെ പേരിലാണ് അവരിപ്പോൾ പ്രശംസിക്കപ്പെടുന്നത്.
വ്യാപകമായി ശ്രദ്ധ നേടുന്ന ചിത്രത്തിൽ ഒരു ഡൊമസ്റ്റിക് ഫ്ലൈറ്റിന്റെ വിന്‍ഡോയ്ക്ക് നേരെ തലവച്ച് ഉറങ്ങുന്ന രാജകുമാരി കാക്കോയെ കാണാം. 11 ദിവസത്തെ ബ്രസീലിയൻ ഔദ്യോഗിക യാത്രയ്ക്കിടെയാണ് ചിത്രം പകർത്തിയത്. വിമാനത്തിൽ കയറുന്നതിന് മുമ്പായി നാല് വ്യത്യസ്ത സ്ഥലങ്ങൾ സന്ദർശിച്ച് രാജകുമാരി ക്ഷീണിതയായിരുന്നു എന്നും SCMP-യിലെ ഒരു റിപ്പോർട്ട് പറയുന്നു. ബ്രസീൽ സർക്കാരിന്റെ ക്ഷണപ്രകാരമാണ് ഈ യാത്ര സംഘടിപ്പിച്ചത്. ഇവിടെ എട്ട് നഗരങ്ങളിലും രാജകുമാരിക്ക് സന്ദർശനങ്ങളുണ്ടായിരുന്നു.
വീഡിയോയിൽ രാജകുമാരി വിമാനത്തിലെ എക്കോണമി ക്ലാസിൽ കയറുന്നത് കാണാം. സാധാരണ ഏതൊരു യാത്രക്കാരെയും പോലെ തന്നെയാണ് രാജകുമാരിയും വരുന്നത്. എന്നാൽ, സീറ്റിൽ ഇരുന്ന ഉടനെ തന്നെ അവർ ഉറങ്ങിപ്പോവുന്നതാണ് പിന്നീട് കാണുന്നത്.
നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത്രയും സ്ഥലങ്ങൾ സന്ദർശിക്കേണ്ടി വന്നാൽ ആരായാലും തളർന്നു പോകും എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. അതേസമയം ഒരു രാജകുമാരിയുടേതായ പ്രകടനങ്ങളൊന്നും തന്നെ ഇല്ലാതെയാണ് കാക്കോ പെരുമാറുന്നത് എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ. എക്കോണമി ക്ലാസിലാണ് രാജകുമാരിയുടെ യാത്ര എന്നതും പലരും കമന്റുകളിൽ എടുത്തുകാട്ടി.
എന്തായാലും, ഈ വീഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ രാജകുമാരി കാക്കോയ്ക്ക് ഏറെയാണ് ആരാധകർ. കാക്കോയുടെ മൂത്ത സഹോദരി രാജകുമാരി മാക്കോ 2021-ൽ രാജകുടുംബം വിട്ട് കോളേജിൽ നിന്നുള്ള തന്റെ കാമുകനെ വിവാഹം കഴിച്ച് ന്യൂയോർക്കിലേക്ക് താമസം മാറിയിരുന്നു. ശേഷം രാജകുമാരി കാക്കോ കൂടുതൽ ശ്രദ്ധാകേന്ദ്രമായി തീർന്നു. മാത്രമല്ല, കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുക്കുകയും, അന്താരാഷ്ട്ര പരിപാടികളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയും രാജകുടുംബത്തെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്നതും കാക്കോ ആയിരുന്നു.


