ഹരു ഉരാരയുടെ കഥ എല്ലാവർക്കും വലിയ പ്രചോദനമാണ്, ഫലം എന്തായിരുന്നാലും നമ്മുടെ യാത്ര സ്ഥിരോത്സാഹത്തോടെ തുടരണമെന്ന് ഓർമ്മിപ്പിക്കുന്നതാണ്.
പങ്കെടുത്ത ഒരു മത്സരത്തിലും വിജയിക്കാതെ തന്നെ പ്രശസ്തയായ ജാപ്പനീസ് റേസ് ഹോഴ്സ് ഹരു ഉരാര 29 -ാം വയസിൽ ജീവൻ വെടിഞ്ഞു. ദ സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് അനുസരിച്ച് 2013 മുതൽ ചിബാ പ്രിഫെക്ചറിലെ മാർത്താ ഫാമിൽ താമസിച്ചുവരികയായിരുന്നു ഹരു ഉരാര എന്ന കുതിര. സെപ്റ്റംബർ 9 -നാണ് മരണം.
1998 -ൽ കുതിരകളുടെ ഓട്ടമത്സര രംഗത്തേക്ക് കടന്നുവന്ന ഹരു ഉരാര, തുടർച്ചയായി 113 മത്സരങ്ങളിൽ പരാജയപ്പെട്ടതിലൂടെ ഒരു ദേശീയ വികാരമായി മാറുകയായിരുന്നു. ഹരു ഉരാരയുടെ നിശ്ചയദാർഢ്യവും പ്രതിരോധശേഷിയും അനേകരുടെ ഹൃദയങ്ങളെ കീഴടക്കി. ഇത് അവളെ ജപ്പാനിൽ സ്ഥിരോത്സാഹത്തിന്റെ പ്രതീകമാക്കി മാറ്റിയെന്നാണ് ദ സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്.
അടുത്തിടെ, ഉമാ മസുമെ: പ്രെറ്റി ഡെർബി എന്ന മൊബൈൽ ഗെയിമിൽ ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടതോടെ ഹരു ഉരാരയുടെ ജനപ്രീതി കൂടുതൽ വർദ്ധിച്ചു. ലോകമെമ്പാടുമുള്ള ആരാധകർ അവളുടെ കഥയിൽ ആകൃഷ്ടരാകുകയും, മാർത്താ ഫാമിലേക്ക് ദിനംപ്രതി ഹരു ഉരാരയെ കാണാൻ എത്തുന്ന സന്ദർശകരുടെ എണ്ണം അടുത്ത കാലത്തായി വർദ്ധിക്കുകയും ചെയ്തിരുന്നു.
സെപ്റ്റംബർ 8 വരെ ഹരു ഉരാര ആരോഗ്യവതിയായിരുന്നു എന്നും അതിനുശേഷമാണ് വയ്യാതെയായത് എന്നും പരിചാരകയായ യൂക്കോ മിയാഹാര പറഞ്ഞു. ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു.
ഹരു ഉരാരയുടെ കഥ എല്ലാവർക്കും വലിയ പ്രചോദനമാണ്, ഫലം എന്തായിരുന്നാലും നമ്മുടെ യാത്ര സ്ഥിരോത്സാഹത്തോടെ തുടരണമെന്ന് ഓർമ്മിപ്പിക്കുന്നതാണ്. പരാജയങ്ങളിൽ തളരാതെ ജീവിതയാത്ര തുടർന്നുകൊണ്ടേയിരിക്കണമെന്ന് ഹരു ഉരാര ജീവിതംകൊണ്ടു കാണിച്ചു തന്നു എന്നാണ് ജപ്പാൻ മാധ്യമങ്ങൾ അവളുടെ മരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യവേ പ്രതിപാദിച്ചിരിക്കുന്നത്.
