രണ്ടു കൈകളുമില്ലാത്തതിന്‍റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടരുത് താനെന്ന വാശി ജെസീക്കയ്ക്ക് എല്ലായ്പ്പോഴുമുണ്ടായിരുന്നു. ഭിന്നശേഷിക്കാര്‍ക്കൊപ്പമല്ല, സാധാരണ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നാണ് അവള്‍ പഠിച്ചത്. 

പൈലറ്റാണ് ജെസ്സീക്ക കോക്സ്.. വലതു കാലെടുത്ത് യോക്കില്‍ വയ്ക്കുന്നതും ഇടതുകാലെടുത്ത് വെച്ച്, ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതുമെല്ലാം അവളെ സംബന്ധിച്ച് വളരെ സ്വാഭാവികമാണ്. 

''മറ്റ് പൈലറ്റുകള്‍ കൈ ഉപയോഗിക്കുന്നിടത്ത്, ഞാനെന്‍റെ കാലുകളാണ് ഉപയോഗിക്കുന്നത്.. അത്രേയുള്ളൂ..'' ജെസ്സീക്ക ആത്മവിശ്വാസത്തോടെ പറയുന്നു. അരിസോണ സ്വദേശിയായ ജസീക്ക കൈകളില്ലാതെയാണ് ജനിച്ചത്. 'അമ്മ വളരെ സ്വാഭാവികമായി ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തതാണ്. പക്ഷെ, എന്‍റെ ജനനം അവരെ ഞെട്ടിച്ചുകളഞ്ഞു. പ്രത്യേകിച്ച് അമ്മയ്ക്ക്. നിങ്ങളുടെ കുഞ്ഞിന് രണ്ട് കൈകളുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അമ്മ തകര്‍ന്നുപോയി' എന്നാണ് തന്‍റെ ജനനത്തെ കുറിച്ച് ജസീക്ക പറയുന്നത്. 

അരിസോണ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയതോടെ ജെസീക്ക പൈലറ്റാകാനുള്ള ശ്രമങ്ങളാരംഭിച്ചു

പക്ഷെ, കൈകളില്ലാത്തത് ഒരു തരത്തിലും തന്‍റെ വളര്‍ച്ചയുടെ ഏത് ഘട്ടത്തിലും തന്നെ വലച്ചിട്ടില്ലെന്നാണ് ജസീക്ക പറയുന്നത്. അവള്‍ക്കുണ്ടായ ധൈര്യത്തിനും കരുത്തിനും അവള്‍ നന്ദി പറയുന്നത് തന്‍റെ മാതാപിതാക്കളോടാണ്. എവിടെയും സഞ്ചരിക്കാനും തനിക്ക് ധൈര്യം തന്നത് അവരാണ് എന്നും ജെസീക്ക ഓര്‍ക്കുന്നു. 

പറക്കാന്‍ അവസരം... 
കുഞ്ഞുനാളില്‍ ഓരോ തവണ വിമാനത്തില്‍ പറക്കുമ്പോഴും ജെസീക്കയ്ക്ക് പേടി തോന്നുമായിരുന്നു. അവള്‍ എപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. അങ്ങനെ ഒരു യാത്രയിലാണ്, ഒരു പൈലറ്റ് ജെസീക്കയെ വിമാനം പറത്തുന്നത് എങ്ങനെയാണെന്ന് പറഞ്ഞു പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അപ്പോഴാണ്, എന്തിനെ നമുക്ക് ഭയമുണ്ടോ അതിനെ നമ്മള്‍ അടുത്ത് കാണുകയും അഭിമുഖീകരിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് ജെസീക്ക തിരിച്ചറിയുന്നത്. അങ്ങനെയേ ഭയമില്ലാതെയാകൂവെന്നും അവളന്ന് മനസിലാക്കി. 

2005 -ല്‍ അരിസോണ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയതോടെ ജെസീക്ക പൈലറ്റാകാനുള്ള ശ്രമങ്ങളാരംഭിച്ചു. പക്ഷെ, അത് ഒട്ടും എളുപ്പമായിരുന്നില്ല. വളരെ, അര്‍പ്പമമനോഭാവമുള്ള ഒരു പരിശീലകനെ അവള്‍ക്ക് കിട്ടിയേ തീരുള്ളൂവായിരുന്നു. മൂന്ന് വര്‍ഷത്തെ കഠിനമായ പരിശീലനം.. പല പരിശീലകരും ആത്മാര്‍ത്ഥമായി അവള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.. തെറ്റുകള്‍ക്കും വീഴ്ചകള്‍ക്കുമൊടുവില്‍ അവള്‍ തന്‍റെ കാലുകളുപയോഗിച്ച് വിമാനം പറത്താനുള്ള കഴിവ് നേടിയിരുന്നു. 

'ഇതൊക്കെ നടക്കുമോ?' എന്ന ചോദ്യത്തിന് മുന്നില്‍ ഒട്ടും പതറിയേ ഇല്ല അവള്‍..

വെല്ലുവിളി അപ്പോഴും അവസാനിച്ചിരുന്നില്ല. തനിക്ക് ചേരുന്ന ഫ്ലൈറ്റ് തന്നെ വേണം.. ലൈസന്‍സ് വേണം അങ്ങനെ... അങ്ങനെ... പക്ഷെ, 2008 -ല്‍ ഫെഡറല്‍ ഏവിഷേയന്‍ അഡ്മിനിസ്ട്രേഷന്‍ യൂറോപ്പിലേക്ക് വിമാനം പറത്താനുള്ള അനുമതി നല്‍കി ജെസീക്കയ്ക്ക്, അതോടെ അവളുടെ സ്വപ്നങ്ങള്‍ക്കിനി പറക്കാം എന്നായി.. ഒരുപാട് ചോദ്യങ്ങള്‍, ഒരുപാട് സംശയങ്ങള്‍, ആകുലതകള്‍ ജെസീക്കയ്ക്ക് നേരെയുണ്ടായി. 'ഇതൊക്കെ നടക്കുമോ?' എന്ന ചോദ്യത്തിന് മുന്നില്‍ ഒട്ടും പതറിയേ ഇല്ല അവള്‍.. പകരം കാണിച്ചു കൊടുത്തു, കൈകള്‍ രണ്ടുമില്ലെങ്കിലെന്താ ധൈര്യവും ആത്മവിശ്വാസവുമുണ്ട് തനിക്ക്. ദേ കണ്ടോളൂ വിമാനം പറത്തലൊക്കെ സിമ്പിളല്ലേ എന്ന് അവള്‍ ഉയരെ ഉയരെ പറന്നു തന്നെ തെളിയിച്ചു. 

മാറ്റിനിര്‍ത്തപ്പെടരുതെന്ന വാശി..
രണ്ടു കൈകളുമില്ലാത്തതിന്‍റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടരുത് താനെന്ന വാശി ജെസീക്കയ്ക്ക് എല്ലായ്പ്പോഴുമുണ്ടായിരുന്നു. ഭിന്നശേഷിക്കാര്‍ക്കൊപ്പമല്ല, സാധാരണ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നാണ് അവള്‍ പഠിച്ചത്. അതിനൊപ്പം തന്നെ, ഡാന്‍സ്, നീന്തല്‍ ഒക്കെ അവള്‍ പരിശീലിച്ചു. 'വികലാംഗ' എന്ന വാക്കാണ് തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചിട്ടുള്ളത് എന്ന് ജെസീക്ക പറയും. അങ്ങനെ മാറ്റിനിര്‍ത്താന്‍ അവള്‍ സമ്മതിച്ചേയില്ല. 

കൈകളില്ലെങ്കിലെന്താ ജെസീക്കയ്ക്ക് തന്‍റെ കാലുകളുണ്ടായിരുന്നു ഉയരങ്ങള്‍ കീഴടക്കാന്‍.. ഇന്ന് അവളുടെ സ്വപ്നങ്ങള്‍ ആകാശത്തോളമല്ല, ആകാശം വരെ പറന്നിരിക്കുകയാണ്. ഈ ലോകത്തുള്ള എല്ലാവര്‍ക്കും പ്രചോദനമാണ് ഇന്ന് ജെസീക്ക.. അവള്‍ ഇനിയുമിനിയും പറക്കട്ടേ... അവളെപ്പോലെ മറ്റുള്ളവര്‍ക്കും പറക്കാന്‍ പ്രചോദനമാകട്ടെ...