എപ്പോള്‍ ജോലിക്ക് അപേക്ഷിച്ചാലും ഒഴിവില്ലെന്ന സ്ഥിരം പല്ലവി മാത്രം. എന്നാല്‍, ഇത്തവണ ഒഴിവ് സ്വയം കണ്ടെത്തി അതുകൂടി റിപ്പോര്‍ട്ട് ചെയ്താണ് അപേക്ഷകന്‍ ജോലിക്ക് അപേക്ഷ നല്‍കിയത്.

നിരവധി രസകരമായ ജോലി അപേക്ഷകള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഈ ജോലി അപേക്ഷ അതില്‍ നിന്നെല്ലാം ഒരു പടി മുന്നിലാണ്. ആർപിജി ചെയർമാൻ ഹർഷ് ഗോയങ്ക തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ച ആ ജോലി അപേക്ഷ കണ്ട് നെറ്റിസണ്‍സണ്‍ അക്ഷരാര്‍ത്ഥത്തില്‍ തലയില്‍ കൈവച്ചു. ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റ് രണ്ട് ദിവസത്തിനുള്ളില്‍ തൊണ്ണൂറ്റിയൊമ്പതിനായിരം പേരാണ് കണ്ട് കഴിഞ്ഞത്. 'ക്രൂരനായ അപേക്ഷകൻ' എന്നായിരുന്നു ഒരു ഉപയോക്താവ് വൈറല്‍ കുറിപ്പിന് താഴെ കുറിച്ചത്. 

'ഈ അപേക്ഷ എന്നെ ഒരു ബന്ധനത്തിലാക്കി!!!' എന്ന് കുറിച്ച് കൊണ്ടായിരുന്നു ഹര്‍ഷ് ഗോയങ്ക ആ അപേക്ഷ ട്വീറ്റ് ചെയ്തത്. കമ്പനിയുടെ ടെക്‌നിക്കൽ മാനേജര്‍ മരിച്ചതിനാല്‍ ആ സ്ഥാനത്തേക്ക് തന്‍റെ അപേക്ഷ പരിഗണിക്കമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉദ്യോഗാർത്ഥി ജോലിക്കായി അപേക്ഷ നല്‍കിയത്. അതിനായി ആ അപേക്ഷകന്‍ ആരും മനസില്‍ പോലും കരുതാത്ത ചില കാര്യങ്ങള്‍ ചെയ്തു. കമ്പനിയിലെ മരിച്ചു പോയ ടെക്‌നിക്കൽ മാനേജരുടെ മരണത്തില്‍ പങ്കെടുക്കുകയും പിന്നാലെ അദ്ദേഹത്തിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയും അത് തന്‍റെ അപേക്ഷയോടൊപ്പം ചേര്‍ക്കുകയുമായിരുന്നു അയാള്‍ ചെയ്തത്. അപ്പോഴും അത്തരമൊരു കാര്യം ചെയ്യാന്‍ അയാള്‍ക്ക് കൃത്യമായ കാരണം ഉണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു.

'ഇത്രയും ഉയരത്തിലേക്കോ ?'; ആകാശത്തോളം പറന്നുയരുന്ന മയിലിന്‍റെ ദൃശ്യം കണ്ട് അതിശയിച്ച് നെറ്റിസണ്‍സ് !

Scroll to load tweet…

വനപാലകരുടെ വാഹനത്തിന്‍റെ വാതിൽ അടച്ച് കൊടുത്ത് കാട്ടാന; വൈറല്‍ വീഡിയോയില്‍ പിന്നീട് സംഭവിച്ചത്...

'നിങ്ങളുടെ കമ്പനിയിലെ ടെക്‌നിക്കൽ മാനേജരുടെ മരണത്തെ തുടര്‍ന്ന് ആ ഒഴിവിലേക്ക് ഞാന്‍ ജോലിക്ക് അപേക്ഷിക്കുന്നു'വെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ ജോലി അപേക്ഷ തുടങ്ങുന്നത്. 'ഓരോ തവണയും ഞാൻ ജോലിക്ക് അപേക്ഷിക്കുമ്പോൾ 'ഒഴിവില്ല' എന്ന മറുപടിയാണ് എനിക്ക് ലഭിക്കുന്നത്, എന്നാൽ, ഇപ്പോള്‍ ഞാൻ നിങ്ങളെ കൈയോടെ പിടികൂടി, നിങ്ങൾക്ക് ഒരു ഒഴികഴിവും പറയാനില്ല. കാരണം അദ്ദേഹം യഥാർത്ഥത്തിൽ മരിച്ച് ശവമടക്ക് നടത്തിയെന്ന് ഉറപ്പാക്കാൻ അപേക്ഷിക്കുന്നതിന് മുമ്പ് ഞാൻ ആ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. എന്‍റെ അപേക്ഷയോടൊപ്പം എന്‍റെ സിവിയുടെയും അദ്ദേഹത്തിന്‍റെ മരണ സർട്ടിഫിക്കറ്റിന്‍റെയും പകർപ്പ് കൂടി വച്ചിട്ടുണ്ട്.' അയാള്‍ അപേക്ഷയിലെഴുതി. 

അപേക്ഷ വൈറലായതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം എഴുതാനെത്തിയത്. 'ദുരന്തത്തിനിടെ അവസരം തേടുന്നു.' എന്നായിരുന്നു ഒരാള്‍ അഭിപ്രായപ്പെട്ടത്. 'അവൻ മിടുക്കനും സർഗ്ഗാത്മകനും അചഞ്ചലനുമാണ്. കമ്പനി അവന് വേണ്ടി നിശ്ചയിക്കുന്ന ലക്ഷ്യം അവൻ നേടും. ഒരു ജോലിക്ക് അർഹതയുണ്ട്' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 'ഒഴിവുകൾ അന്വേഷിക്കുന്നതിലെ ആ ജാഗ്രതയ്ക്ക് അയാളെ കമ്പനിയുടെ ഓഡിറ്റ് വിഭാഗത്തിലേക്ക് എടുക്കണമെന്ന്' മറ്റൊരാള്‍ എഴുതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക