Asianet News MalayalamAsianet News Malayalam

കൊവിഡ് മഹാമാരിയിൽ അനാഥരായ 100 കുട്ടികളെ ദത്തെടുക്കാൻ ഈ യുവാവ്

കുട്ടികൾക്ക് വേണ്ട ആഹാരവും, മരുന്നുകളും ബാക്കി എല്ലാ സൗകര്യങ്ങളും എൻജിഒ ചെയ്തു കൊടുക്കുന്നു. കുട്ടികളിൽ രണ്ടുപേർ മാത്രമാണ് ഡെറാഡൂണിൽ നിന്നുള്ളതെന്നും ബാക്കിയുള്ളവർ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

joy by jai sarma will adopt 100 orphan kids
Author
Dehradun, First Published Jul 2, 2021, 3:45 PM IST

കൊറോണ വൈറസ് മഹാമാരി എല്ലാവരുടെയും ജീവിതത്തിൽ ദുരിതങ്ങൾ വിതച്ചു. പ്രിയപ്പെട്ടവരെ നഷ്ടമായവർ, ഒരു നേരം ആഹാരത്തിന് വകയില്ലാതെ കഷ്ടപ്പെടുന്നവർ, രോഗം പിടിപ്പെട്ട് ആരും തിരിഞ്ഞു നോക്കാതെ ചീഞ്ഞളിയുന്നവർ തുടങ്ങി തീർത്തും ഭയാനകമായ കാഴ്ചകൾക്കാണ് ഇപ്പോൾ ലോകം സാക്ഷിയാകുന്നത്. എന്നാൽ, ഇക്കൂട്ടത്തിൽ കുട്ടികൾക്കാണ് പകർച്ചവ്യാധിയുടെ ദുരിതങ്ങൾ ഏറ്റവും കൂടുതൽ പേറേണ്ടി വന്നത്. പലർക്കും സ്വന്തം മാതാപിതാക്കളെ നഷ്ടമായി. പല കുട്ടികളും തെരുവിലേയ്ക്ക് വലിച്ചെറിയപ്പെട്ടു. രാജ്യത്തുടനീളം അനാഥരുടെ എണ്ണത്തിൽ വർധനവുണ്ടായി. അതുവഴി കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളും പെരുകി. എന്നാൽ, ഇത്തരം സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത കുട്ടികൾക്ക് തണലാകാൻ ഡെറാഡൂണിൽ നിന്നുള്ള ഒരു സാമൂഹിക പ്രവർത്തകൻ തയ്യാറാവുന്നു. പകർച്ചവ്യാധിയുടെ സമയത്ത് അനാഥരായ 100 കുട്ടികളെ ദത്തെടുക്കാൻ ജയ് ശർമ പദ്ധതിയിടുന്നു.    

അദ്ദേഹം നഗരത്തിൽ ജോയ് (ജസ്റ്റ് ഓപ്പൺ യുവർ‌സെൽഫ്) എന്ന പേരിൽ ഒരു എൻ‌ജി‌ഒ നടത്തുന്നു. ഇരുപതോളം കുട്ടികളെ ഇതിനികം തന്നെ ആ സ്ഥാപനം ദത്തെടുത്തു. ഇപ്പോൾ അവരെ കൂടാതെ 100 കുട്ടികളെ കൂടി ദത്തെടുക്കുന്നതിനുള്ള പ്രചരണം ആരംഭിച്ചിരിക്കയാണ്.  “കൊവിഡ്-19 ന്റെ രണ്ടാം തരംഗം ആരംഭിച്ച് ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ, മാതാപിതാക്കൾ നഷ്ടമായ അത്തരം അഞ്ച് കുടുംബങ്ങളെ ഞങ്ങൾ കണ്ടുമുട്ടി. ആ കുട്ടികൾ വീടുകളിൽ തനിച്ചായിരുന്നു. വെറും നാലും അഞ്ചും വയസ്സുള്ളവരും അക്കൂട്ടത്തിലുണ്ട്. ഏറ്റവും മൂത്ത കുട്ടിയ്ക്ക് വയസ്സ് പന്ത്രണ്ടാണ്. അവരെ കണ്ടുമുട്ടിയതോടെയാണ് ഇത് അനിവാര്യമാണെന്ന് ഞങ്ങൾക്ക് തോന്നിയത്. ഇപ്പോൾ അത്തരം നിരവധി കേസുകളാണ് ഞങ്ങളെ തേടി എത്തുന്നത്" എൻ‌ജി‌ഒയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് വേണ്ട ആഹാരവും, മരുന്നുകളും ബാക്കി എല്ലാ സൗകര്യങ്ങളും എൻജിഒ ചെയ്തു കൊടുക്കുന്നു. കുട്ടികളിൽ രണ്ടുപേർ മാത്രമാണ് ഡെറാഡൂണിൽ നിന്നുള്ളതെന്നും ബാക്കിയുള്ളവർ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരാഴ്ചയ്ക്കുള്ളിൽ, 50 കുട്ടികളെ ദത്തെടുക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ കുട്ടികളെ നോക്കാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും" അദ്ദേഹം പറഞ്ഞു. ഈ സംഘം അനേകം ഗ്രാമങ്ങളിലേക്ക് യാത്രകൾ നടത്തുന്നു. അനാഥരായിത്തീർന്ന കുട്ടികളെ സഹായിക്കുന്നതിനായി ഗ്രാമമുഖ്യരുമായി അവർ നിരന്തരം ബന്ധപ്പെടുന്നു. അടുത്തകാലത്ത് നടന്ന ഒരു സർവ്വേയിൽ ദില്ലിയിൽ മാത്രം കൊറോണ വൈറസ് മൂലം രണ്ടായിരത്തിലധികം കുട്ടികൾക്ക് മാതാവിനെയോ പിതാവിനെയോ നഷ്ടപ്പെട്ടതായി പറയുന്നു. കൂടാതെ 67 പേർക്ക് രണ്ടുപേരെയും നഷ്ടപ്പെട്ടതായും സർവേ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios